കൊതിയോടെ നെല്ലിയാമ്പതിയിലേക്ക്‌

Reading Time: 3 minutes

പറമ്പിക്കുളം, മലമ്പുഴ, ധോണി വെള്ളച്ചാട്ടം, മീന്‍ വല്ലം, സൈലന്റ് വാലി, ശിരുവാണി, കാഞ്ഞിരപ്പുഴ തുടങ്ങി ഒട്ടേറെ മനോഹരമായ കാഴ്ചകളുള്ള ഇടമാണ് പാലക്കാട് ജില്ല. പതിവ് യാത്രയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും വേണം എന്നതില്‍ നിന്നാണ് ഒരുമിച്ചുള്ള ഒരു ദിവസത്തെ യാത്ര എന്ന ആശയം മുളപൊട്ടുന്നത്. ഞങ്ങള്‍ അഞ്ച് പേരുംകൂടി പറമ്പിക്കുളം വന്യജീവി സങ്കേതമായിരുന്നു യാത്രക്കായി തിരഞ്ഞെടുത്തത്. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കൂടെപ്പോരുന്ന സുഹൃത്തിന് പിറ്റേന്ന് രാവിലെ തന്നെ തിരികെയെത്തണം. ദൂരേക്ക് യാത്രതിരിച്ചാല്‍ ബുദ്ധിമുട്ടാകുമേ എന്ന് കരുതി ഞങ്ങള്‍ യാത്ര നെല്ലിയാമ്പതിയിലേക്കാക്കി. കരിങ്കല്ലത്താണിയില്‍ നിന്ന് ചെര്‍പ്പുള്ളശ്ശേരി വഴിയാണ് യാത്ര തീരുമാനിച്ചത്. രാവിലെ 11.30ന് ഞങ്ങള്‍ അഞ്ച് പേര്‍ നെല്ലിയാമ്പതി ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ഒന്നരയോടെ നെന്മാറയിലെത്തി ഭക്ഷണം കഴിച്ചു. നെല്ലിയാമ്പതിയിലേക്കുള്ള യാത്രാആസ്വാദനം യഥാര്‍ഥത്തില്‍ ഇവിടെ നിന്ന് തന്നെ തുടങ്ങുന്നു. യാത്രയിലെ കാഴ്ചകള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര രസമുള്ളതാണ്. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന നെല്ലിയാമ്പതി ഏറെ മനോഹരമായിരിക്കുമെന്ന് ഈ യാത്ര തന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ചുകൊണ്ടുള്ള ആ യാത്ര നെന്മാറയില്‍ നിന്ന് 34 കിലോമീറ്റര്‍ പിന്നിട്ടതറിഞ്ഞില്ല. നെന്മാറയിലെത്തി വലത്തോട്ട് എട്ട് കിലോ മീറ്റര്‍ പോയാല്‍ പോത്തുണ്ടി ഡാം എത്തും. മണ്ണുകൊണ്ടുണ്ടാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ഡാമാണ് പോത്തുണ്ടി ഡാം. ഇതു സ്ഥിതി ചെയ്യുന്നതാകട്ടെ നയനമനോഹരമായ നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തില്‍. ഡാമിനുമുകളില്‍ നിന്നു നോക്കിയാല്‍ നെല്ലിയാമ്പതി മലനിരകളുടെ ഹരിതഭംഗി ആവോളം ആസ്വദിക്കാം. പോത്തുണ്ടി ഡാമാണ് നെല്ലിയാമ്പതി കാനന കാഴ്ചകളുടെ കവാടം. ഇവിടെ നിന്ന് ഏകദേശം 20 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയിലേക്കെത്തും.
ചുരം കയറാന്‍ തുടങ്ങിയാല്‍ തന്നെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. യാത്രക്ക് പോകുന്നവരുടെ എണ്ണം നല്‍കിയ ശേഷമാണ് അവിടെ നിന്ന് യാത്ര തുടരാനാകുക. പയ്യേ ചുരം കയറിത്തുടങ്ങി. ഇടക്ക് വെച്ച് കാര്‍ നിറുത്തി ഡ്രൈവര്‍ പുറത്തേക്കിറങ്ങി. കൊള്ളാം. കോഴി ചുടാന്‍ പറ്റിയ നല്ല സ്ഥലം. എല്ലാവരും ഇറങ്ങി. പക്ഷേ, കൂറ്റന്‍ പാറ ഞങ്ങള്‍ക്കെതിരെ നിന്നതിനാല്‍ അതൊന്നും കഴിഞ്ഞില്ല. പറ്റിയ സ്ഥലമുണ്ടോയെന്ന് കുറേ നോക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും വാഹനവുമായി ചീറിപ്പായുന്നത് കണ്ടപ്പോള്‍ ശ്രമം വേണ്ടെന്ന് വച്ചു. പിന്നീട് ഒന്നും നോക്കിയില്ല, വര്‍ഗീസണ്ണന്റെ വീട്ടില്‍ കയറി. കാട്ടില്‍ കയറി പാചകം ചെയ്താല്‍ പിടിക്കപ്പെടുമെന്നതിനാലാണ് വര്‍ഗീസണ്ണന്റെ വീട് തിരഞ്ഞെടുത്തത്. ചുട്ടുതുടങ്ങിയപ്പോഴേക്കും വര്‍ഗീസണ്ണനും ഭാര്യയും ഞങ്ങളോടൊപ്പം പാചകത്തില്‍ പങ്കെടുത്തു. സമയം നാല് മണിയായതോടെ ചുടല്‍ കഴിഞ്ഞ് നെല്ലിയാമ്പതിയുടെ ഉയരങ്ങളിലേക്ക് ഞങ്ങള്‍ തിരിച്ചു. പോത്തുണ്ടി ഡാമിന്റെ പരിസരത്ത് അല്‍പനേരം നിര്‍ത്തി കാഴ്ചകള്‍ ആസ്വദിക്കുന്നതോടൊപ്പം വീട്ടില്‍ നിന്ന് കൊണ്ടുവന്ന പഴവും കഴിച്ച് കുറച്ചു നേരം സൊറ പറഞ്ഞിരുന്നു. അവിടന്നങ്ങോട്ട് നെല്ലിയാമ്പതി വരെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഘോഷയാത്രയാണ്. താഴേക്ക് നോക്കിയാല്‍ പേടി തോന്നിക്കുന്ന ചില പ്രദേശങ്ങള്‍. എന്നാല്‍ കാഴ്ചക്ക് ഏറെ ഭംഗയുള്ള സ്ഥലങ്ങളും. റോഡരികില്‍ പലയിടത്തായി നാലോളം വ്യൂ പോയിന്റുകളുമുണ്ട്. പലയിടത്തും കനത്തമഴയില്‍ കാട്ടിലെ മരങ്ങള്‍ റോഡിലേക്ക് വീണുകിടക്കുന്നു. വാഹനങ്ങള്‍ക്ക് പോകാന്‍ തടസമായി നല്‍ക്കുന്ന ഒട്ടേറെ മരങ്ങള്‍ നിലത്ത് വീണുകിടക്കുന്നത് കണ്ട് അല്‍പം പേടിതോന്നി. ഉയര്‍ന്ന പ്രദേശമായത് കൊണ്ടുതന്നെ എപ്പോഴും മരങ്ങള്‍ കടപുഴകി വീണേക്കാം. ചിലയിടങ്ങളിലൊക്കെ ഗതാഗത തടസമുണ്ടാക്കുന്നുമുണ്ട്. പലയിടത്തും മണ്ണിടിച്ചിലും കണ്ടു. നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിൽ എത്തുമ്പോഴേക്കും പോലീസുകാര്‍ വാഹനം തടഞ്ഞു. സീറ്റ് ബെല്‍റ്റിടാന്‍ മറന്ന ഡ്രൈവര്‍ വേഗത്തില്‍ തന്നെ സീറ്റ് ബെല്‍റ്റിട്ടു. മുമ്പിലിരുന്ന സുഹൃത്ത് കറുത്ത കൂളിംഗ് ഗ്ലാസും മുണ്ട് തലയില്‍ കെട്ടിയതും കണ്ടപ്പോള്‍ പോലീസുകാര്‍ കുപ്പിയുണ്ടോ എന്നൊരു ചോദ്യം. സാറേ ഞങ്ങള്‍ അത്തരക്കാരല്ലെന്ന് പേടിയോടെയുള്ള മറുപടി കേട്ടപ്പോള്‍ ചെറുപുഞ്ചിരിയോടെ പോകാന്‍ പറഞ്ഞു. കൂടെ ഒരു ഉപദേശവും, ശ്രദ്ധിച്ചുപോകണമെന്ന്.
മനോഹരമായ ഈ കുന്നിന്‍പ്രദേശവും മലനിരകളും ആരുടേയും ഹൃദയം കവരുന്നതാണ്. നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ നെല്ലിയാമ്പതിയിലേക്ക് തന്നെ വരണം. പാവപ്പെട്ടവരുടെ ഊട്ടിയെന്നും നെല്ലിയാമ്പതിയെ ചിലര്‍ വിളിക്കുന്നുണ്ട്. എന്നാല്‍, ഊട്ടിക്ക് പകരമാകാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക് പകരമാവാന്‍ ഊട്ടിക്കോ ആവില്ല എന്നതാണ് വാസ്തവം. യാത്രയുടെ മനോഹാരിതയും അനുഭൂതികളും രണ്ട് സ്ഥലങ്ങളിലും വ്യത്യസ്തം തന്നെയാണ്.
നെല്ലി ദേവതയുടെ ഊര് എന്നാണ് നെല്ലിയാമ്പതിയുടെ അര്‍ഥം. കേരളത്തിലെ ആദിമനിവാസികള്‍ തങ്ങളുടെ ദൈവങ്ങള്‍ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്‍പിച്ചിരുന്നവരാണ്. ഇതില്‍ തന്നെ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ അമ്മ ദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തില്‍ നെല്ലിമരത്തില്‍ ആസ്ഥാനമാക്കിയ ദേവതയുടെ പേരില്‍ നിന്നാണ് നെല്ലിയാമ്പതിയുടെ ഉല്‍പത്തി എന്നാണ് പറയപ്പെടുന്നത്.
തമിഴ്നാട്ടില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നും കുടിയേറിവന്ന ഒരു ചെറിയ ജനസമൂഹമാണ് നെല്ലിയാമ്പതിയെ ചായയും കാപ്പിയും ഓറഞ്ചും വിളയുന്ന സ്ഥലമാക്കിയത്. ഇവരില്‍ പലരും 30ഉം 35ഉം കൊല്ലമായി ഇവിടുത്തെ എസ്റ്റേറ്റ് തൊഴിലാളികളാണ്. ആര്‍ക്കും വലിയ പരാതികളോ പരിവട്ടങ്ങളോ ഇല്ലതാനും.
പച്ചവിരിച്ച നെല്‍പാടങ്ങളുടെ പശ്ചാത്തലമൊരുക്കി കാഴ്ചകളുടെ അതിരുകളില്‍ നിരന്നു നില്‍ക്കുന്ന സഹ്യപര്‍വതനിരകളും ഇടക്കിടക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പനകളും വൃത്തിയുള്ള നാട്ടുപാതകളും ജീവനുള്ള നാട്ടുകവലകളും മനകളും തുടങ്ങി പാലക്കാടന്‍ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.
പറിച്ചെറിഞ്ഞ പുല്‍നാമ്പുകളും പിച്ചിച്ചീന്തിയ മരച്ചില്ലകളും പോകുന്ന വഴിയിലുടനീളം കാണാം.
നെല്ലിയാമ്പതി അടുത്തപ്പോള്‍ എസ്റ്റേറ്റുകളുടെ ലോകമായി. തേയിലയും കാപ്പിയും കൂടാതെ റബ്ബറും അടക്കയും കുരുമുളകും കൃഷിയിനങ്ങളായുണ്ട്. ഒരുകാലത്തു ഓറഞ്ചു തോട്ടങ്ങള്‍ ധാരാളമുണ്ടായിരുന്ന സ്ഥലമാണ് നെല്ലിയാമ്പതി. ബ്രിട്ടീഷുകാരാണ് കാടു കയറി മരങ്ങള്‍ മുറിച്ചു നെല്ലിയാമ്പതിയില്‍ തോട്ടങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയത്. ചെറുതും വലുതുമായി അന്‍പത്താറോളം എസ്റ്റേറ്റുകള്‍. അവയില്‍ പാട്ടക്കാലാവധി കഴിഞ്ഞവ വനംവകുപ്പ് തിരിച്ചുപിടിക്കുന്നുണ്ട്. തിരിച്ചുപിടിച്ച തോട്ടങ്ങള്‍ വനമായിമാറുവാന്‍ അനുവദിക്കുകയാണ്. പലതിലും നിയമയുദ്ധം തന്നെ നടന്നുകൊണ്ടിരിക്കുന്നു.
മുകളിലേക്ക് കയറുംതോറും നല്ല തണുപ്പ് അനുഭവപ്പെട്ടുതുടങ്ങും. പല തരത്തിലുള്ള ജന്തുവര്‍ഗങ്ങളുടെ ശബ്ദങ്ങള്‍, ഒഴുകിയിറങ്ങുന്ന ചെറു അരുവികള്‍, മിക്ക ഭാഗങ്ങളിലും ഇടുങ്ങിയ റോഡാണെങ്കിലും തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുകയാണ്. വഴിയില്‍ പലയിടങ്ങളിലായി വാനരന്മാരും മലയണ്ണാന്‍മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കാണാം. യാത്രക്കിടയില്‍ മൂന്ന് ഹില്‍ പോയിന്റുകളുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ പോത്തുകുണ്ട് ഡാം അടക്കം ചുറ്റുമുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. മഞ്ഞ് മൂടിയാല്‍ ഈ ദൃശ്യങ്ങളൊന്നും കാണാന്‍ സാധിക്കില്ല. നാലരയോടെ തന്നെ അവിടെയെത്തി. മനോഹരമായ കാഴ്ചകള്‍. പ്രകൃതി സൗന്ദര്യത്തിന്റെ മാസ്മരികത വിടര്‍ത്തുന്ന മറ്റൊരു സ്ഥലംകൂടി കണ്ടതിന്റെ സന്തോഷം അടക്കിപ്പിടിക്കാന്‍ സാധിച്ചില്ല. കാപ്പിത്തോട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഓറഞ്ച് ഫാം, രാമവര്‍മ എസ്റ്റേറ്റ്, സീതാര്‍കുണ്ട് എസ്റ്റേറ്റ്, സീതാര്‍കുണ്ട് വ്യൂ പോയിന്റ്, വെള്ളച്ചാട്ടം, മാന്‍പാറ എന്നിവയെല്ലാം നെല്ലിയാമ്പതിയില്‍ വന്നാല്‍ കാണാം. നിറമുള്ള കാഴ്ചകള്‍ തുരുതുരാ ഒപ്പിയെടുത്തു. ഇടക്ക് കുരങ്ങന്മാരും കൂട്ടിനെത്തി. പുകവലിച്ചും മദ്യപിച്ചും കുറേപേര്‍ അപ്പുറത്തിരിക്കുന്നു. ഇപ്പുറത്ത് കുടുംബവുമായി വന്ന കുറേപേര്‍ ഗ്രൂപ്പ് ഫോട്ടോയെടുത്ത് ആഹ്ലാദം പങ്കിടുന്നു. ഒരു ദിവസത്തെ യാത്ര.. ഓര്‍മകളില്‍ നിന്നും മായാത്ത നെല്ലിയാമ്പതിയില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ നല്ലൊരു യാത്ര പോയതിന്റെ ആഹ്ലാദം എല്ലാവരിലും ഉണ്ടായിരുന്നു. പുതിയ യാത്രകള്‍ തേടിപ്പോകാനുള്ള ഊർജവും എല്ലാവരിലും നിറഞ്ഞുനിന്നു ■

Share this article

About സ്വലാഹുദ്ദീന്‍ ടി കെ

salahu.tk33@gmail.com

View all posts by സ്വലാഹുദ്ദീന്‍ ടി കെ →

Leave a Reply

Your email address will not be published. Required fields are marked *