ഗ്രാന്റ് മഗലും ശൈഖ് അഹ്മദ് ബംബയും

Reading Time: 2 minutes

7-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ഇസ്‌ലാം ആഫ്രിക്കയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. പ്രവാചകരുടെ കാലത്ത് അവിശ്വാസികളുടെ പീഡനം സഹിക്ക വയ്യാതെ സ്വഹാബാക്കളില്‍ ചിലര്‍ ആഫ്രിക്കയിലെ അബിസീനിയയില്‍ അഭയം തേടുകയുണ്ടായി. തുടര്‍ന്ന് പ്രവാചകരുടെ ജീവിത സമയത്തും ഖുലഫാഉ റാശിദയുടെ ഭരണകാലത്തും ഇസ്‌ലാം ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് അംറു ബ്‌ന് ആസ്വ് (റ), ഉഖ്ബത് ബ്‌നു ആമിര്‍ (റ) എന്നിവര്‍ ചേര്‍ന്ന് ഈജിപ്ത് കീഴടക്കിയതു മുതല്‍ ആഫ്രിക്കയിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയിലായി. ആഗോള മുസ്‌ലിം ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന വിശ്വാസികള്‍ ഇന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ചുപോരുന്നു.
ഇസ്‌ലാം സമാധാനത്തിന്റെയും സേവനത്തിന്റെയും മതമാണെന്ന് പ്രവാചകരില്‍ തുടങ്ങുന്ന ഇസ്‌ലാമിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സാമൂഹിക സേവനവും നന്മയുമാണ് തങ്ങളുടെ മതം നിഷ്‌കര്‍ഷിക്കുന്ന മൂല്യങ്ങളെന്ന് വിശ്വാസികള്‍ സ്വജീവിതത്തിലൂടെ ലോകത്തിന് മുന്നില്‍ ദൃശ്യപ്പെടുത്തുന്നു. അത്തരം ഒരു സമൂഹത്തെക്കുറിച്ചാണ് ഈ ലേഖനം.
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് സെനഗല്‍. ഫ്രഞ്ച് അധിനിവേശത്തിന്റെ മുറിവുകള്‍ ഉണങ്ങാത്ത, സാമ്പത്തിക സാമൂഹിക സുസ്ഥിരതക്ക് വേണ്ടി പെടാപാടുപെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്ന്. എന്നാല്‍ സെനഗലിനെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ശൈഖ് അഹ് മദ് ബംബയുടെ സാമൂഹിക സേവനത്തിലൂന്നിയ മുരീദിയ്യ മസ്‌ലകും ഗ്രാന്റ് മഗല്‍ ഓഫ് തോബയുമാണ്.
1883ല്‍ സെനഗലിന്റെ തലസ്ഥാനമായിരുന്ന തോബ കേന്ദ്രീകരിച്ച് ശൈഖ് അഹ് മദ് ബംബയാണ്. സുപ്രസിദ്ധമായ മുരീദിയ്യ സ്ഥാപിച്ചത്. തന്റെ മുരീദുമാര്‍ക്കിടയില്‍ പ്രവാചകരുടെ സേവകന്‍ എന്ന സ്ഥാനപ്പേരില്‍ പ്രസിദ്ധനായ ശൈഖ് കഠിന പ്രയത്‌നത്തിലൂന്നിയ ജീവിതരീതിയാണ് പിന്‍തുടര്‍ന്നുപോന്നത്. ജനസംഖ്യയുടെ 90 ശതമാനത്തോളം മുസ്‌ലിംകള്‍ ജീവിക്കുന്ന സെനഗല്‍ സമൂഹത്തില്‍ അഹ് മദ് ബംബയുടെ സ്വീകാര്യത വര്‍ധിച്ചുവരുന്നത് തങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് മനസിലാക്കിയ ഫ്രഞ്ച് ഗവണ്മെന്റ് ഗാബോണിലേക്കും തുടര്‍ന്ന് മൗരിറ്റാനിയയിലേക്കും ബംബയെ നാടുകടത്തി. 15 വര്‍ഷത്തോളം വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നു. സെനഗലിലെ ഫ്രഞ്ച് അധിനിവേശത്തിന്റെ ശക്തി ചോർന്നപ്പോൾ മാത്രമാണ് ശൈഖ് അഹ് മദ് ബംബ തന്റെ ആശയപ്രചാരം സാധിച്ചെടുത്തത്.
പരിപൂര്‍ണ അടിമത്തം ദൈവത്തിനു മുന്നില്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച ശൈഖ് തന്റെ മുരീദുമാരെ സമാധാനപരമായ ചെറുത്തുനില്‍പുകള്‍ക്ക് പ്രോത്സാഹിപ്പിച്ചു. സാമ്പത്തിക സുസ്ഥിരതക്കായി കഠിനാധ്വാനം ചെയ്യാനും ആഹ്വാനം ചെയ്തു. സെനഗലിന്റെ സാമ്പത്തിക മേഖലയില്‍ മുരീദിയ്യ മുരീദുമാര്‍ ശക്തമായി ഇടപെടുകയും തങ്ങളുടെ സമ്പത്ത് സമൂഹ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഒത്തുകൂടലായിട്ടാണ് തോബ സിറ്റിയിലെ ഗ്രാന്റ് മഗല്‍ അറിയപ്പെടുന്നത്. 32 വര്‍ശത്തെ ഏകാന്ത ജീവിതത്തില്‍ നിന്ന് 1921ല്‍ സെനഗലിലേക്കുള്ള ശൈഖ് അഹ് മദ് ബംബയുടെ തിരിച്ചുവരവിന്റെ സ്മരണാര്‍ഥമാണ് ഗ്രാന്റ് മഗല്‍ കൊണ്ടാടപ്പെടുന്നത്. തോബ സിറ്റിയിലെ ജീവിത കാലത്ത് നിര്‍മാണം ആരംഭിച്ച തോബ മസ്ജിദില്‍, ആഫ്രിക്കന്‍ ജനത സ്‌നേഹവായ്പുകളുമായി സഫര്‍ 18നും തുടര്‍ന്നും ഒരുമിച്ചുകൂടുന്നു. പ്രസ്തുത ദിവസങ്ങളില്‍ മുഴുവന്‍ വിശ്വാസികള്‍ക്കും ഭക്ഷണവും പാര്‍പ്പിടവും ഒരുക്കി ശൈഖ് അഹ് മദ് ബംബയുടെ ജീവിത സന്ദേശം ലോകത്തിന് മുന്നില്‍ വിവരിക്കുയാണ് സബ് സഹാറന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ മസ്ജിദായ തോബയും ഗ്രാന്റ് മഗലും. ആഫ്രിക്കയിലെ വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുരീദിയ്യ മുരീദുമാര്‍ മുന്നിലുണ്ട്. ഇസ്‌ലാമോഫോബിയയുടെ ഇക്കാലത്ത് ഗാന്റ് മഗല്‍ ഉയര്‍ത്തുന്ന സാമൂഹിക സന്ദേശം ലോകത്തിന് ഇനിയും ശ്രദ്ധിക്കാതിരിക്കാനാകില്ല ■

Share this article

About റിഷാദ്‌ ഇഖ്ബാൽ

rishadcp58@gmail.com

View all posts by റിഷാദ്‌ ഇഖ്ബാൽ →

Leave a Reply

Your email address will not be published. Required fields are marked *