സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍; ഖിലാഫത്തിന്റെ അവസാന സംരക്ഷകന്‍

Reading Time: 3 minutes

“ഞാന്‍ ഒന്നും വില്‍ക്കില്ല, ഈ പ്രദേശത്തിന്റെ ഒരു ഇഞ്ച് ഭൂമി പോലും വില്‍ക്കില്ല, കാരണം ഫലസ്തീന്‍ എന്റെ സ്വത്തല്ല, എന്റെ ഉമ്മത്തിന്റെ സ്വത്താണ്, ഈ ഭൂമി എല്ലാ മുസ്‌ലിംകള്‍ക്കും അവകാശപ്പെട്ടതാണ്, എന്റെ ജനത അവരുടെ രക്തം കൊടുത്ത് നേടിയതാണ് ഈ ഭൂമി, ഞങ്ങള്‍ നടക്കുന്നത് ഞങ്ങളുടെ മുന്‍ഗാമികള്‍ കാണിച്ചുതന്ന വഴിയിലാണ്.’
ഒട്ടോമന്‍ സുല്‍ത്താൻ അബ്ദുൽ ഹമീദിന്റെ വാക്കുകളാണിത്. അദ്ദേഹത്തെ തുര്‍ക്കികള്‍ സ്ഥാനഭ്രഷ്ടനാക്കിയില്ലായിരുന്നുവെങ്കില്‍, ഇന്നും പഴയ മുസ്‌ലിം പ്രതാപ ഫലസ്തീനെ പുകയും വെടിക്കോപ്പുകളും ഇല്ലാതെ കാണാമായിരുന്നു. സുലൈമാന്‍ ഖാനൂനിക്ക് ശേഷം ഒട്ടോമന്‍ സാമ്രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച വ്യക്തിയാണ് അദ്ദേഹം. യേല്‍ദിസ് കൊട്ടാരത്തിലിരുന്ന് ഭരിച്ച അദ്ദേഹത്തിന് തന്റെ മരണക്കിടക്കയില്‍വെച്ച് തന്നെ തന്റെ പിതാക്കന്മാരുടെ സാമ്രാജ്യം തകരുന്നത് കണ്ട് മനസ് വിങ്ങാതിരുന്നിട്ടുണ്ടാവില്ല.
1842 സെപ്തംബര്‍, 21നാണ് സുല്‍ത്താ അബ്ദുല്‍ ഹമീദ് ഖാന്‍ ഇസ്താംബൂളില്‍ ജനിക്കുന്നത്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ നവീകരണ (ടാന്‍സിമാത്) ചിന്തയിലായിരുന്നു ചെറുപ്പം തൊട്ടേ അദ്ദേഹത്തിന്റെ ജീവിതം. ഫ്രഞ്ച്, അറബിക്, പേര്‍ഷ്യന്‍ എന്നിവയുള്‍പ്പെടെ നിരവധി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു.
1867ല്‍ യുവാവായിരിക്കെ അദ്ദേഹത്തിന്റെ അമ്മാവനായ സുല്‍ത്താന്‍ അബ്ദുല്‍ അസീസിന്റെ കൂടെ യൂറോപ്പിലൂടെ സഞ്ചരിക്കാന്‍ അവസരമുണ്ടായി. ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അറിവും വിശാലമാക്കാന്‍ ഈ യാത്ര കൊണ്ട് സാധിച്ചു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ജര്‍മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലുള്ള സഞ്ചാരം പാശ്ചാത്യ ജീവിതശൈലികള്‍, സംസ്‌കാരങ്ങള്‍, പാരമ്പര്യങ്ങള്‍, അക്കാലത്തെ ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍, കണ്ടുപിടുത്തങ്ങള്‍, യൂറോപ്പ് കൈവരിച്ച പുരോഗതിയുടെ നിലവാരം അന്താരാഷ്ട്ര തലത്തിലെ നയതന്ത്രം എന്നിവ അനുഭവിച്ചറിയാന്‍ സഹായിച്ചു. തന്റെ ഭരണകാലഘട്ടത്തില്‍ അദ്ദേഹത്തിനിത് നിര്‍ണായകമായി മാറി.

ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങള്‍
1867ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഭരണത്തിലേറിയ അവസരത്തില്‍ സൈന്യവും ജനങ്ങളും അദ്ദേഹത്തെ നന്നായി സ്വീകരിച്ചു. അദ്ദേഹം പലപ്പോഴും കപ്പല്‍ശാലകളില്‍ ചെന്ന് നാവികരോടൊപ്പം കഴിഞ്ഞും അത്താഴം പങ്കിട്ടും ജീവിച്ചു. പരിക്കേറ്റ സൈനികരെയും ആശുപത്രിയികളെയും സന്ദര്‍ശിക്കുമായിരുന്നു. യുദ്ധമുന്നണികളില്‍ നിന്ന് മടങ്ങിയെത്തി രോഗികളായ സൈനികര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പള്ളികളില്‍ ജനങ്ങള്‍ക്കൊപ്പം അണിനിന്നു. ഈ കാര്യങ്ങളൊക്കെ ജനങ്ങളും സൈന്യവും സ്വാഗതം ചെയ്തു. 1878ല്‍ കിര്‍ഗാന്‍ റെയ്ഡ് മുറാദ് അഞ്ചാമനെ സിംഹാസനസ്ഥനാക്കാന്‍ അലി സുയവി ശ്രമിച്ച കാരണത്താല്‍ ഓട്ടോമന്‍ സുല്‍ത്താനായ അബ്ദുല്‍ഹമീദ് രണ്ടാമന്‍ ഇസ്താംബൂളിലെ യേല്‍ദിസ് കൊട്ടാരത്തില്‍ കൂടുതല്‍ പരിമിതമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതനായി.
ആന്തരികവും ബാഹ്യവുമായ ഭീഷണികള്‍ കാരണം ഓട്ടോമന്‍ സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒരു കാലഘട്ടമായിരുന്നു അബ്ദുല്‍ഹാമിദ് രണ്ടാമന്റെ 33 വര്‍ഷത്തെ ഭരണക്കാലം. എന്നാല്‍ തന്റെ സൂക്ഷ്മരാഷ്ട്രീയവും വിദേശനയവും നയതന്ത്രവും ഉപയോഗിച്ച് സാമ്രാജ്യം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. ജര്‍മനിയുമായി ചങ്ങാത്തം കൂടി. ഫ്രാന്‍സ്, ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വര്‍ധിച്ചുവരുന്ന ഇടപെടലുകളെ പ്രതിരോധിക്കാന്‍ പാന്‍-ഇസ്‌ലാമിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിദേശനയം കൂടുതലും സമാധാനപരവും നിഷ്പക്ഷവും സ്വതന്ത്രവുമായിരുന്നു, ഇളവ് നല്‍കുന്നതും ഉചിതവേളകളില്‍ പരുഷപ്രകൃതവുമായിരുന്നു.

ബുദ്ധിമാനായ ഭരണാധികാരി
സുല്‍ത്താന്‍ അബ്ദുല്‍ഹമീദിനെക്കുറിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഓട്ടോവന്‍ ബിസ്മാര്‍ക്ക് ഒരിക്കല്‍ പറഞ്ഞുവത്രെ: “യൂറോപിലെ മുഴുവൻ ബുദ്ധി എടുത്താല്‍ 90% അബ്ദുല്‍ഹമീദിലും 5% എന്നിലും 5% മറ്റുള്ളവരിലുമാണ്.’ മൂര്‍ച്ചയുള്ള ബുദ്ധിയും വിവേകവും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഓര്‍മശക്തിയും. കണ്ടുമുട്ടിയവരിലൊക്കെ അദ്ദേഹം വലിയ മതിപ്പുണ്ടാക്കി. ആരോഗ്യവാനും ചടുലനുമായിരുന്നു. തികഞ്ഞ അര്‍പ്പണബോധമുണ്ടായിരുന്നു. അലസതയും അശ്രദ്ധയും അദ്ദേഹം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാ രാഷ്ട്രീയ കാര്യങ്ങളും നന്നായി കൈകാര്യം ചെയ്തു. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാത്രികാലത്തും ഉണര്‍ന്നിരുന്നു. മുന്‍ ഒട്ടോമന്‍ ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായി, തന്റെ ഭരണത്തിന്റെ ആദ്യ വര്‍ഷം മുതല്‍ അദ്ദേഹം യെല്‍ദാസ് കൊട്ടാരത്തില്‍ താമസിച്ചു. പ്രത്യേക അവസരങ്ങളിലോ അവധി ദിവസങ്ങളിലോ ഒഴികെ കൊട്ടാരത്തില്‍ നിന്ന് പുറത്തുപോയില്ല.
മരപ്പണി, പെയിന്റിംഗ്, ടൈല്‍ നിര്‍മാണം എന്നിവയിലും അദ്ദേഹത്തിന് വലിയ താത്പര്യമുണ്ടായിരുന്നു. കൊട്ടാരത്തിലെ തന്റെ സ്വകാര്യ ഇടത്തിൽ അദ്ദേഹം കൊത്തുപണികളും ഉയര്‍ന്ന നിലവാരമുള്ള ഫര്‍ണിച്ചറുകളും നിര്‍മിക്കുമായിരുന്നു, അവയില്‍ ചിലത് യൂറോപ്യന്‍ ഭരണാധികാരികള്‍ക്ക് സമ്മാനമായി അയക്കുകയും മറ്റു ചിലത് യേല്‍ദിസ് കൊട്ടാരത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് രണ്ടാമന്‍ കുതിരകളെയും പ്രാവുകളെയും സ്‌നേഹിച്ചു. ചെറുപ്പത്തിലേ നല്ല കുതിരസവാരിക്കാരനായിരുന്നു. ഭണകാലത്ത് ഔദ്യോഗിക ചടങ്ങുകള്‍ക്കായി കൊട്ടാരം വിട്ടുപോകേണ്ടിവന്നപ്പോള്‍ കുതിരവണ്ടി ഉപയോഗിച്ചിരുന്നു. നീന്തല്‍, കായികം എന്നിവയിലും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു.
ഓട്ടോമന്‍ സാമ്രാജ്യത്തിനകത്തും വിദേശത്തും നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ സംഘടിത രഹസ്യാന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തന്റെ മുമ്പുള്ള രണ്ടു ഭരണാധികാരികളെയും അട്ടിമറിച്ചും കൊലചെയ്തും പുറത്താക്കപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന്റെ ആശങ്ക പൂർണമായി വിട്ടൊഴിഞ്ഞില്ല.
രാജ്യത്തുടനീളം നിരവധി പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും വികലാംഗര്‍ക്കും സൈനികര്‍ക്കുമായി പ്രത്യേക സ്‌കൂളുകളും തുറന്നു. 1900ല്‍ അദ്ദേഹം സ്ഥാപിച്ച ദാറുല്‍ഫുനന്‍ പിന്നീട് ഇസ്താംബുള്‍ സര്‍വകലാശാലയായി. സ്വന്തം പണം ഉപയോഗിച്ച് ഹോസ്പിറ്റലും നഴ്‌സിംഗ് ഹൗസും നിര്‍മിച്ചു; സിസ്‌ലി എറ്റ്ഫാല്‍ ഹോസ്പിറ്റല്‍, ദാരുലാക്കേസ് നഴ്‌സിംഗ് ഹൗസ് എന്നിവ ഉദാഹരണം. രണ്ടും ഇപ്പോള്‍ ഇസ്താംബൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കായികരംഗത്തും അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരുന്നു. ടര്‍ക്കിഷ് ഫുട്‌ബോളിലെ ഏറ്റവും വലിയ മൂന്ന് ക്ലബ്ബുകള്‍ – ഫെനെര്‍ബാസ്, ഗലാറ്റസാരെ, ബെസിക്ടാസ് എന്നിവ അദ്ദേഹത്തിന്റെ ഭരണകാലത്താണ് സ്ഥാപിതമായത്.
ഹിജാസ് റെയില്‍വെ
ഹിജാസ് റെയില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളായിരുന്നു സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഖാന് ഉണ്ടായിരുന്നത്. ഒന്ന്, മക്കയിലേക്കുള്ള തീര്‍ഥാടന യാത്രകള്‍ സുഗമമാക്കുക. പ്രധാനമായും ഇസ്താംബൂളില്‍ നിന്ന് തീർഥാടന കേന്ദ്രങ്ങളിലേക്ക് വിഴിയൊരുക്കുക. രണ്ട്, ഇസ്‌ലാമിക ലോകത്ത് ഒട്ടോമന്‍ സ്വാധീനം വര്‍ധിപ്പിക്കുക.
1900ല്‍ സഊദി അറേബ്യയിലെ ഹിജാസ് വഴി ഡമസ്‌കസിനെ പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും ബന്ധിപ്പിക്കുന്ന ഒരു റെയില്‍വേ നിര്‍മിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. 1908ല്‍ റെയില്‍വേ പാത പുണ്യനഗരമായ മദീനയിലെത്തി. പല നഗരങ്ങളിലും ഇലക്ട്രിക് ട്രാംവേ ലൈനുകള്‍ തുറന്നു. ഹിജാസ്, ബസ്ര എന്നിവയിലൂടെ ടെലിഗ്രാഫ് ലൈനുകള്‍ സ്ഥാപിക്കുകയും ദേശീയപാതകള്‍ വിപുലീകരിക്കുകയും ചെയ്തു.
ഒരിക്കല്‍ സുല്‍ത്താനോട് ഒരാള്‍ ചോദിച്ചു: “നമുക്ക് ഒരിക്കലും ഈ ഹിജാസ് റെയില്‍വേ കാണാന്‍ കഴിയില്ല, പിന്നെന്തിനാണ് താങ്കള്‍ ഈ റെയില്‍വേക്ക് വേണ്ടി കഷ്ടപ്പെടുന്നത്?’ സുല്‍ത്താല്‍ പറഞ്ഞു: “നിങ്ങള്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍ നമുക്ക് ഇത് നിര്‍ത്തി വെച്ചുകൂടേ? അപ്പോള്‍ സുല്‍ത്താന്‍ പറഞ്ഞു: “ഖലീഫ ഹാറൂന്‍ റഷീദ്, തന്റെ മന്ത്രിയുടെ കൂടെ ഒരിക്കല്‍ സഞ്ചരിക്കുമ്പോള്‍ ഒരു വൃദ്ധന്‍ പൂന്തോട്ടത്തില്‍ ഒരു ഈന്തപ്പഴത്തിന്റെ വിത്ത് കുഴിച്ചിടുന്നത് കാണാനിടയായി. ഖലീഫ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങള്‍ എന്താണ് ചെയ്യുന്നത്, വൃദ്ധന്‍ പറഞ്ഞു: ഞാന്‍ ഒരു ഈന്തപ്പഴ വിത്ത് കുഴിച്ചിടുകയാണ്. ഇത് എന്നാണ് നിങ്ങള്‍ക്ക് ഫലങ്ങള്‍ തരാന്‍ തുടങ്ങുക എന്ന് അദ്ദേഹം ചോദിച്ചു. വൃദ്ധന്‍ പറഞ്ഞു: അറിയില്ല, ചിലപ്പോള്‍ പത്ത് വര്‍ഷം, അല്ലെങ്കില്‍ ഇരുപത് വര്‍ഷമാവും, ഖലീഫ: ശരി, നിങ്ങള്‍ക്ക് ഈ വിത്ത് വളരുന്നതും കായ്കള്‍ തരുന്നതും കാണാന്‍ പറ്റുമോ? വൃദ്ധന്‍ പണി നിര്‍ത്തിയിട്ട് അതിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു: ചിലപ്പോള്‍ എന്റെ ആയുസ് സമ്മതിക്കില്ല. പക്ഷേ പൂര്‍വികര്‍ നട്ട വിത്തില്‍ നിന്നും നമ്മള്‍ ഫലങ്ങള്‍ ഭക്ഷിച്ചില്ലേ. നമ്മുടെ അടുത്ത തലമുറ ഇതിന്റെ ഫലങ്ങള്‍ കഴിക്കുമായിരിക്കും. ഖലീഫ ഹാറൂന്‍ റഷീദ് വൃദ്ധന് ഒരു കിഴി സ്വര്‍ണ നാണയം നല്‍കി. വൃദ്ധന്‍ അത് സന്തോഷത്തോടെ വാങ്ങി. വൃദ്ധന്‍ പറഞ്ഞു: ഞാന്‍ നടുന്നതിന്റെ ആദ്യ ഫലം എനിക്ക് ഇപ്പോള്‍ തന്നെ കിട്ടിക്കഴിഞ്ഞു. ഖലീഫ ഹാറൂന്‍ റഷീദിന് വൃദ്ധന്റെ നന്ദി പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടു. മറ്റൊരു സ്വര്‍ണ കിഴികൂടി അദ്ദേഹത്തിന് കൊടുത്തു. വൃദ്ധന്‍ കൈകള്‍ ഉയര്‍ത്തി കൊണ്ട് പറഞ്ഞു: മരങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഫലങ്ങള്‍ നല്‍കുകയൊള്ളൂ. എന്നാല്‍ എന്റെ വിത്ത് എനിക്ക് ഈ വര്‍ഷത്തില്‍ രണ്ടു വട്ടം ഫലങ്ങള്‍ തന്നു. അത് പോലെയാണ് ഈ ഹിജാസ് റെയില്‍വേ. ഇന്നേക്ക് വേണ്ടിയല്ല, നാളേക്ക് വേണ്ടിയാണ്. പക്ഷേ, ഹിജാസ് റെയില്‍വേ അദ്ദേഹത്തിന്റെ കാല ശേഷം തുടര്‍ന്നില്ല. കലാപങ്ങളും പാശ്ചാത്യ ഇടപെടലുകളും റെയില്‍വേയെ നാശത്തിലെത്തിക്കുകയായിരുന്നു ■

Share this article

About സ്വാദിഖ് ചുഴലി

swadiquechuzhali@gmail.com

View all posts by സ്വാദിഖ് ചുഴലി →

Leave a Reply

Your email address will not be published. Required fields are marked *