ഉമ്മിയ്യിന്റെ അര്‍ഥലോകം

Reading Time: 2 minutes

അല്ലാഹുവിന്റെ ഉണ്മയും ഏകത്വവും മാനവകുലത്തിന് കൈമാറാന്‍ നിയോഗിക്കപ്പെട്ടവരാണ് നബിമാര്‍. അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ക്കാകമാനം വെളിച്ചവും മാതൃകയുമാകേണ്ട അന്ത്യപ്രവാചകരെ സൃഷ്ടികളില്‍ സമ്പൂര്‍ണരായിട്ടാണ് അല്ലാഹു നിയോഗിച്ചത്. നുബുവ്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ മുമ്പോ ശേഷമോ നബിജീവിതത്തില്‍ ഒരു കറുത്തപാടെങ്കിലും ചൂണ്ടിക്കാണിക്കാന്‍ വൈരികള്‍ക്ക് പോലും കഴിഞ്ഞില്ല. ദൃശ്യാദൃശ്യ ലോകങ്ങളിലെ സകല സൃഷ്ടികളുടെയും നേതൃത്വമലങ്കരിച്ച് തിരുനൂറ് എപ്പോഴും വെട്ടിത്തിളങ്ങുന്നു.
ഇവ്വിധം പരിപൂര്‍ണരായ തന്റെ ദൂതരെ പരിചയപ്പെടുത്താന്‍ അല്ലാഹു ഉപയോഗിച്ച വിശേഷണങ്ങളില്‍ നിന്ന്, എല്ലാ ന്യൂനതകളില്‍ നിന്ന് മുക്തരായ തിരുനബിയെ (സ്വ) വായിച്ചെടുക്കാവുന്നതാണ്. രിസാലത്തിന്റെയും നുബുവ്വത്തിന്റെയും പട്ടം ചാര്‍ത്തുന്നതിനു പുറമേ സുവിശേഷകനായും മുന്നറിയിപ്പുകാരനായുമൊക്കെ നബിയെ(സ്വ) ഖുര്‍ആനില്‍ പരിചയപ്പെടുത്തപ്പെടുന്നു. അഭിദേയങ്ങളുടെ ആധിക്യം മഹാത്മ്യങ്ങളുടെ വിശാലതയിലേക്കുള്ള സൂചനയാണ്. ദൈവികമായ അഭിസംബോധനകള്‍ക്ക് മനുഷ്യചിന്തക്കതീതമായ മാനങ്ങളും അര്‍ഥതലങ്ങളും ഉണ്ട്.

ഉമ്മിയ്യ്
മക്കയുടെ അപരനാമമായ “ഉമ്മുല്‍ ഖുറാ’എന്ന പേരിലേക്കോ ഉമ്മയുടെ വയറ്റില്‍ നിന്ന് ജനിച്ചുവീണ പ്രകാരം അക്ഷരങ്ങള്‍ അറിയാതെ ജീവിക്കുന്നു എന്നര്‍ഥത്തിലോ “നിരക്ഷരന്‍’ എന്ന അര്‍ഥത്തിലോ ഉമ്മിയ്യ് എന്ന് പ്രയോഗിക്കാറുണ്ട്. തിരുനബിയെക്കുറിച്ച് ഖുര്‍ആനില്‍ ഉമ്മിയ്യ് എന്ന വിശേഷണമുണ്ട്. ഇതിന്റെ അന്തസത്തയിലേക്ക് എത്തിനോക്കുമ്പോള്‍ പ്രവാചകത്വത്തിന്റെ പ്രധാനപ്പെട്ട സന്ദർഭമാണിതെന്ന് വായിക്കാന്‍ സാധിക്കും. നിരക്ഷരത നിന്ദ്യതയും കുറവുമായി പരിഗണിക്കപ്പെടുന്ന ഈ വ്യവസ്ഥയില്‍ തിരുനബിയിലേക്ക് ചേര്‍ത്തിവായിക്കുമ്പോള്‍ പ്രകീര്‍ത്തനമായി മാറുന്നതും ഈ വിശേഷണം നുബുവ്വത്തിന്റെ പൂര്‍ണതയെ പ്രകാശിപ്പിക്കുന്നതിനാലാണ്.
അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായ വിശുദ്ധഗ്രന്ഥത്തിന്റെ ആശയവൈപുല്യത്തെയും സാഹിത്യ ഭംഗിയെയും ചോദ്യംചെയ്തുകൊണ്ട് ഉയരാനിടയുള്ള വലിയ ആരോപണങ്ങളെ ഇല്ലായ്മ ചെയ്യലായിരുന്നു നബിതങ്ങള്‍ക്ക് ഉമ്മിയ്യ് പദവിനല്‍കി അനുഗ്രഹിച്ചതിന്റെ രഹസ്യം. സാഹിത്യസാമ്രാട്ടുകള്‍കിടയിലേക്ക് അവതരിപ്പിക്കപ്പെടുന്ന ഖുര്‍ആനെ മനുഷ്യസൃഷ്ടിയാണെന്ന് വാദിക്കാനുള്ള പഴുത് അടച്ചുകഴിഞ്ഞാല്‍ ഖുര്‍ആനിന്റെ അമാനുഷികതക്ക് തികവ് കൂടുകയാണല്ലോ. നാലുപതിറ്റാണ്ട് കാലം തങ്ങള്‍ക്കിടയില്‍ ജീവിച്ച “അല്‍ അമീന്‍’ എഴുത്തും വായനയും അഭ്യസിച്ചിട്ടില്ലെന്നത് മക്കക്കാര്‍ക്കറിയാം. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന രൂപത്തിലുള്ള ആശയ, ഭാഷാ ലോകത്തെ മുന്‍വേദങ്ങളിൽ നിന്ന് പഠിച്ചെടുത്ത് ഇത്രമേല്‍ ഉന്നത നിലവാരത്തില്‍ അവതരിപ്പിക്കാന്‍ മാത്രം ദീര്‍ഘമായ ഇടവേളകള്‍ റസൂല്‍ പുറത്തേക്കോ മറ്റോ യാത്ര ചെയ്തിട്ടുമില്ല. ഇതോടെ ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയാണെന്ന ആരോപണം പൊളിയുന്നു.
കാലങ്ങളോളം ഭാഷയും സാഹിത്യവും വേദപുരാണങ്ങളും പഠിച്ച, ജ്ഞാനികളാണെന്ന് അവകാശപ്പെടുന്നവരുടെ മുന്നിലേക്ക് ആകാശഭൂമിയും പ്രപഞ്ചോല്പത്തിയും മുന്‍കാല ചരിത്രങ്ങളും അത്യദ്ഭുതകരമായി അവതരിപ്പിക്കുന്നത് ഒരു നിരക്ഷരനായ നബിയാണെന്നറിയുമ്പോള്‍ പരിശുദ്ധ ഖുര്‍ആനിന്റെ ദിവ്യസ്പര്‍ശവും തിരുനബിയുടെ പ്രവാചകത്വവും കൂടുതല്‍ ശോഭയോടെ പ്രകാശിക്കുന്നു. എഴുത്തും വായനയും അഭ്യസിച്ചിരുന്നവരായിരുന്നുവെങ്കില്‍ ആരെങ്കിലും എഴുതിവെച്ചത് മനഃപാഠമാക്കി പറയുന്നതാണെന്നോ പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച് എഴുതിവെച്ച കാര്യങ്ങളെ നോക്കി വായിക്കുന്നതാണെന്നോ തുടങ്ങിയുള്ള ആരോപണങ്ങള്‍ക്ക് ഒരു പഴുതുപോലും നല്‍കാത്തവിധത്തില്‍ “ഉമ്മിയ്യ്’ എന്ന വിശേഷണം നിലനിന്ന് പോന്നു. അല്ലാഹു പറയുന്നു: തങ്ങള്‍ ഖുര്‍ആന്‍ ഇറങ്ങുന്നതിന് മുമ്പ് ഒരു ഗ്രന്ഥവും പാരായണം ചെയ്യുന്നവരായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഇത് തങ്ങള്‍ വായിച്ചുപഠിച്ചു പറയുന്നതാണ്, അല്ലാഹുവിങ്കല്‍ നിന്നവതരിച്ചതല്ല എന്നു സംശയിക്കാന്‍ വകയുണ്ടായിരുന്നു. (അന്‍കബൂത്)
നബി(സ്വ) ഖുര്‍ആന്‍ അനുചരര്‍ക്ക് പാരായണം ചെയ്തുകൊടുത്തു. നമസ്‌കാരത്തിലും അല്ലാതെയും അവയുടെ ആവര്‍ത്തനങ്ങള്‍ തിരുവധരങ്ങളിലൂടെ പലവുരു ഒഴുകിവന്നു. ലിഖിതങ്ങളല്ലാത്ത വാചകങ്ങള്‍ പലയാവൃത്തി പറയുമ്പോള്‍ അവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. എന്നാല്‍ ഖുര്‍ആനിന്റെ പല സമയങ്ങളിലായുള്ള പാരായണങ്ങളില്‍ ആദ്യത്തേതിനോട് എതിരാവാത്തത് തന്നെ രണ്ടാമതും മൂന്നാമതും നബി (സ്വ) അവതരിപ്പിച്ചു. “നാമാണ് തങ്ങളെ ഓതിപ്പിക്കുന്നത്, അതുകൊണ്ടാണ് തങ്ങള്‍ മറവിയില്ലാതെ, മാറ്റമില്ലാതെ പാരായണം ചെയ്യുന്നത്.’ (അല്‍ അഅ്‌ലാ)
ജ്ഞാനസമ്പാദനത്തിന്റെ ഏറ്റവും അടിസ്ഥാനപരവും സാര്‍വത്രികവുമായ മാര്‍ഗങ്ങളാണ് എഴുത്തും വായനയും. ചെറിയ അധ്വാനം കൊണ്ടും ബുദ്ധികൊണ്ടും നേടിയെടുക്കാവുന്നതിനാല്‍ പ്രാഥമികമായി തന്നെ ഇവ അഭ്യസിപ്പിക്കപ്പെട്ടുപോരുന്നു. അക്ഷരാഭ്യാസം നേടിയില്ലെങ്കില്‍ വൈജ്ഞാനിക-ഗ്രാഹ്യ-ബൗദ്ധിക തലങ്ങളില്‍ കാര്യമായ ശോഷണം ഉണ്ടാകുന്നു. സാര്‍വത്രികമായ ഈയൊരു വീക്ഷണത്തിലും സാധാരണക്കാരുടെ പതിവുകളോടും നബി (സ്വ) വ്യതിരിക്തരാവുന്നതായും ഇമാം റാസി(റ) വീക്ഷിക്കുന്നു. അതിനാല്‍ “ഉമ്മിയ്യ്’ എന്നത് എഴുത്തും വായനയും അറിയാത്തയാള്‍ എന്ന ഭാഷാര്‍ഥത്തില്‍ നിന്ന് മാറി, “പരമ്പരാഗത രീതിയില്‍ എഴുത്തും വായനയും അഭ്യസിക്കാത്തവര്‍’ എന്ന പൊരുളിലേക്ക് കടന്നുവരുന്നു. “സ്വല്ലല്‍ ഇലാഹു’ എന്ന സ്‌നേഹകാവ്യത്തില്‍ ഉമര്‍ ഖാളി(റ) എഴുതുന്നു, “അനാഥനായി തന്നെ മറ്റെല്ലാ പഠിതാക്കളെയും പിന്നിലാക്കി ജ്ഞാനപര്‍വങ്ങളെ കീഴടക്കിയ ഈ ഉമ്മിയായ നബിയെ ഞാന്‍ അതിരറ്റു സ്‌നേഹിക്കുന്നു’ ■

Share this article

About ഫുആദ് വള്ളിക്കാട്

fuadsenintk@gmail.com

View all posts by ഫുആദ് വള്ളിക്കാട് →

Leave a Reply

Your email address will not be published. Required fields are marked *