നവോത്ഥാന വായന

Reading Time: 2 minutes

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സംസ്ഥാപനവും ആധുനിക യൂറോപ്യന്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റവും പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തെ ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതരാക്കി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ആരംഭിച്ച മതസാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ പുതിയ സാഹചര്യത്തില്‍ തങ്ങളുടെ സമുദായങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള വഴികള്‍ അന്വേഷിക്കുകയായിരുന്നു. മതവും സമൂഹവും തമ്മിലുള്ള അഭേദ്യമായ ബാന്ധവം കാരണം സാമൂഹ്യപരിഷ്‌കരണം മതത്തിലൂടെ മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഏതാണ്ടെല്ലാ പരിഷ്‌കര്‍ത്താക്കളും തങ്ങളുടെ അജണ്ടയില്‍ മതത്തെ കേന്ദ്രബിന്ദുവാക്കാനും യുക്തിഭദ്രമായി മതതത്വങ്ങളെ വിശകലനം ചെയ്യാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. മതത്തിന്റെ മേല്‍വിലാസത്തില്‍ നിലവിലുള്ള ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചെറുക്കേണ്ടത് സമൂഹ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് അവര്‍ വിശ്വസിച്ചു. അതിന്റെ പൊതുവായ പേരായിരുന്നു നവോത്ഥാനം.
നവോത്ഥാന പ്രവര്‍ത്തനങ്ങളെയും പ്രസ്ഥാനങ്ങളെയുംകുറിച്ച് എണ്ണമറ്റ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതിന്റെയെല്ലാം പുറകില്‍ വലിയൊരു ചാലകശക്തിയുണ്ടെന്നത് ഈ രാജ്യത്തിന്റെ ചരിത്രം പോലും അറിയാതെപോയ സത്യമാണ്. നവോത്ഥാനത്തെ കെട്ടിപ്പടുത്തൊരു സമൂഹത്തെ പുറത്താക്കപ്പെട്ടതിന്റെ വഴികള്‍ വരച്ചുചേര്‍ക്കുന്ന പുസ്തകമാണ് മുഹമ്മദലി കിനാലൂരിന്റെ “നവോത്ഥാനം അട്ടിമറികള്‍ ആള്‍മാറാട്ടങ്ങള്‍’.
സാമൂഹികപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും കൊളോണിയല്‍ സംസ്‌കാരത്തിന്റെ ആധിപത്യം തടയുന്നതിനും പത്തൊമ്പതാം നൂറ്റാണ്ടിലെ ബുദ്ധിജീവികള്‍ പല മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവന്നിട്ടുണ്ട്. ചിലര്‍ പാരമ്പര്യത്തിലൂന്നി, അതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സാമൂഹികമാറ്റം സുസാധ്യമാണെന്ന് വാദിച്ചപ്പോള്‍ (ദയാനന്ദ സരസ്വതി, അഹ്മദ് ഷാ ബറേല്‍വി) മറ്റൊരു കൂട്ടര്‍ പാരമ്പര്യമൂല്യങ്ങളും വിശ്വാസങ്ങളുമാണ് പുരോഗതിക്ക് വിഘാതമെന്നും അവയെ പൂര്‍ണമായി നിരാകരിച്ച് യുക്തിചിന്തയിലധിഷ്ഠിതമായ യൂറോപ്യന്‍ ചിന്താധാര അനുകരിക്കുകയാണ് അഭികാമ്യമെന്നും വാദിച്ചു (ഉദാ: ബംഗാളിലെ ഡെറോസിയന്മാര്‍). വിരുദ്ധധ്രുവങ്ങളില്‍ കിടക്കുന്ന ഈ വാദമുഖങ്ങള്‍ക്കിടയില്‍ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മറ്റൊരു കൂട്ടരും വാദിച്ചു (രാജാറാം മോഹൻറോയ്, സര്‍സയ്യിദ് അഹ്മദ്ഖാന്‍). ഇന്ത്യന്‍ സമൂഹത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ടതാണെന്ന കാര്യത്തില്‍ ഇവരെല്ലാം യോജിച്ചിരുന്നു. കൂടാതെ സാമൂഹിക തിന്മകളുടെയും അന്ധവിശ്വാസങ്ങളുടെയും മൂലകാരണം അജ്ഞതയാണെന്നും ശരിയായ വിദ്യാഭ്യാസം പകര്‍ന്നുനല്‍കുക മാത്രമാണ് ഇതിനൊരു പരിഹാരമെന്നും അവര്‍ വിശ്വസിച്ചു. സ്ത്രീകളുടെ സാമൂഹികാവസ്ഥ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു.

കേരളത്തില്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയിലും സാമൂഹിക മത നവീകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആധുനിക കേരളത്തിന്റെ സാമൂഹികരാഷ്ട്രീയ മുന്നേറ്റങ്ങളില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്.
കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ അടിസ്ഥാനം പതിനാറാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. തുഞ്ചത്തെഴുത്തച്ചനെ പോലുള്ളരചയിതാക്കളുടെസ്വാധീനത്തില്‍ ആധുനിക മലയാളഭാഷ രൂപം കൊണ്ടതും ഭക്തിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയുംസാഹിത്യത്തിനും അറിവിനും മേല്‍ ബ്രാഹ്മണര്‍ക്ക് ഉണ്ടായിരുന്ന കുത്തക തകര്‍ക്കാന്‍ സഹായിച്ചു.
ആദ്യം പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ഒടുവില്‍ ഇംഗ്ലീഷുകാരും എത്തിയത് ഈ മാറ്റങ്ങള്‍ക്ക് രാസത്വരകമായിത്തീര്‍ന്നു. യൂറോപ്യന്‍ മിഷനറിമാരുടെ വരവോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടായിത്തുടങ്ങുകയും ഈഴവര്‍ പോലുള്ള ജാതിസമുദായങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകള്‍ ഉണ്ടായി വരികയും ചെയ്തു.
നാടുവാഴിത്തത്തിന് അന്ത്യംകുറിച്ചുകൊണ്ട് തിരുവിതാംകൂറിലും കൊച്ചിയിലും കേന്ദ്രീകൃത രാജവംശങ്ങള്‍ നിലവില്‍ വന്നതും നാടുവാഴിത്തത്തെ ദുര്‍ബലപ്പെടുത്തിയതും ഈ മാറ്റങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. അക്കാലം മുതല്‍ അടിമ ശരീരത്തില്‍ നിന്ന് അഭിമാനിയായ വ്യക്തിയിലേക്കുള്ള കീഴാളജനതയുടെ ചരിത്രയാത്രയായിരുന്നു ഇന്ത്യന്‍ നവോത്ഥാനമെന്ന് എഴുത്തുകാരന്‍ പങ്കുവെക്കുന്നുണ്ട്.
തൊട്ടുതീണ്ടായ്മയുടെ, കണ്ടുകൂടായ്മയുടെ ജാതീയബോധത്തിനെതിരെയാണ് കേരള നവോത്ഥാനഭാവന പിറക്കുന്നതെന്ന് പുസ്തകം നമ്മെ ഓര്‍മിപ്പിക്കുണ്ട്. ജാതിപീഡയില്‍ നിന്ന് മോചിതരാകാന്‍ ഇസ്‌ലാം വരിക്കുകയായിരുന്നു ഒരു മാര്‍ഗം. ഇസ്‌ലാം അവര്‍ക്ക് സമാധാനമായി തോന്നിയിരുന്നു. അതേ സമയം ജാതീയതയുടെ പേരില്‍ ഇല്ലാതായ അനേകം മനുഷ്യരെ കാണാന്‍ സാധിക്കും, പുരാതന കേരളത്തിന്റെ ജാതിചരിത്രത്തില്‍. അറിയാമല്ലോ, കീഴ്ജാതിക്കാര്‍ക്ക് മേലാളരുടെ മുന്നില്‍ പ്രത്യക്ഷ്യപെട്ടുകൂടായിരുന്നു. അവരുടെ നിഴല്‍വെട്ടം കാണുമ്പോള്‍ മാറിനില്‍ക്കണമായിരുന്നു. സ്ത്രീകള്‍ തമ്പ്രാക്കള്‍ക്കുള്ള വിരുന്നും ആസ്വാദനവുമായിരുന്നു. കുട്ടികള്‍ക്ക് പള്ളിക്കൂടം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യയില്ലാത്തൊരു ലോകമായിരുന്നു അവര്‍ണര്‍ക്ക്. പാടത്തും പറമ്പത്തും ചത്തുപണിയെടുക്കാന്‍ വിധിക്കപ്പെട്ടവര്‍. കൃത്യമായ വേതനവും സംരക്ഷണവും നിഷേധിക്കപ്പെട്ടവര്‍. തമ്പ്രാന്മാര്‍ തല്ലിക്കൊന്നാല്‍ പോലും ആരും ചോദിക്കാനില്ലാത്തൊരുകാലം.
ജാതിമാറ്റം അസാധ്യമായിരുന്നു. ശുദ്രൻ നമ്പൂതിരിയോ നായരോ ആകില്ല. പിന്നെ ഏറ്റവും സാധ്യമായത് മതം മാറ്റമായിരുന്നു. അങ്ങനെയാണവര്‍ ഇസ്‌ലാം പുല്‍കുന്നതെന്ന് പുസ്തകം പറയുന്നു. മതംമാറ്റത്തോടെ ആരുടെ മുന്നിലും തലകുനിക്കേണ്ടുന്ന അവസ്ഥയില്ല. പുതിയ മതം അവരെ മനുഷ്യരായി ജീവിക്കാന്‍ പഠിപ്പിച്ചു. പക്ഷേ മേല്‍ജാതിബോധത്തില്‍ നിന്ന് മുക്തമാകാത്ത കുറേ ഒളിയറളും തുറസുകളും ഇന്നുമുണ്ട്. കേരളത്തിലും പുറത്തുമായി ഇപ്പോഴും ജാതിപീഡനം അനുഭവിക്കുന്ന എത്ര മനുഷ്യരുണ്ടെന്നോ? കേരളം ജാതി മുക്തമായിട്ടുണ്ടോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ജാതി ദുരഭിമാന കൊലകള്‍ നിരന്തരം സംഭവിക്കുമ്പോൾ വിശേഷിച്ചും.
സാംസ്‌കാരിക രൂപവും ഭാവവും തുടച്ചുമാറ്റുന്നതിലാണോ നവോത്ഥാനമുല്യം? കേരള നവോത്ഥാനത്തിന് കൂടുതല്‍ സ്വാധീനമുള്ളത് മലബാറിലെ മുസ്‌ലിംജീവിതത്തോടാണ്. തൊട്ടുതീണ്ടായ് മയില്‍ കുരുങ്ങിയ താഴ് ന്ന സമൂഹത്തിന് ഇസ്‌ലാമിന്റെ ജീവിരീതി ആകര്‍ഷിക്കപ്പെട്ടു. താഴ് ന്നവരെന്ന് കരുതുന്ന ജാതിക്കാരെ തൊടുകയോ അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരിധിവിട്ട് അടുക്കുകയോ ചെയ്താല്‍ ഉയര്‍ന്ന ജാതിക്കാര്‍ അശുദ്ധരാകുന്നു. ഓരോ ജാതിക്കാര്‍ക്കും എത്ര ദൂരം അടുക്കാമെന്ന് പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. നായാടിക്ക് 74 അടി, പറയന് 64 അടി, പുലയന് 54, ഈഴവന്‍ 30 അടി, കമ്മാളര്‍ക്ക് 24 അടി ദൂരമാണത്രേ അകന്നിരിക്കേണ്ടത്.
കേരളത്തിന്റെ കഴിഞ്ഞകാലങ്ങളിൽ വഴിനടക്കാനും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനും പള്ളിക്കൂടങ്ങളില്‍ പോകാനും നല്ലൊരു പേരിടാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ടവരുണ്ടായിരുന്നു. അതില്‍ നിന്നുള്ള മോചനത്തിനായിരുന്നു വൈകുണ്ഠസ്വാമികളും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനുമെല്ലാം ശ്രമിച്ചത്. ജാതിമേല്‍ക്കോയ്മക്കെതിരെ അവര്‍ നയിച്ച മുന്നേറ്റത്തെയാണ് കേരള നവോത്ഥാനമായി നാം അടയാളപ്പെടുത്തുന്നത്. കേരളമിനിയും ജാതിഭ്രാന്തുകളില്‍ നിന്ന് മുക്തമാണോ എന്ന ആലോചന പങ്കുവെച്ചാണ് പുസ്തകം അവസാനിക്കുന്നത് ■

Share this article

About മുഹമ്മദ് സിനാന്‍ അമാനി

sinankp786@gmail.com

View all posts by മുഹമ്മദ് സിനാന്‍ അമാനി →

Leave a Reply

Your email address will not be published. Required fields are marked *