പുറത്തിറങ്ങി പുട്ടടിക്കുമ്പോള്‍

Reading Time: < 1 minutes

ജീവിക്കാന്‍ വേണ്ടി ആഹാരം കഴിക്കുക, ആഹരിക്കാന്‍ വേണ്ടി ജീവിക്കുക. ഇപ്പോള്‍ നമ്മളില്‍ വലിയൊരു പങ്ക് ജീവിക്കുന്നത് കഴിക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ വീട്ടിലല്ലാതെ ഉണ്ടാക്കിയ ഭക്ഷണം വാരിവലിച്ചു കഴിക്കാന്‍.

മാറുന്ന ഭക്ഷണശീലങ്ങള്‍
ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യന്താപേക്ഷിതമാണ്. എന്നാല്‍ രുചിയുടെ പേരിലും പൊങ്ങച്ചത്തിന്റെ പേരിലുമൊക്കെ നമ്മള്‍ ഇന്നനുഭവിക്കാന്‍ ശ്രമിക്കുന്ന ഭക്ഷ്യവൈവിധ്യം പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
കൊഴുപ്പും അന്നജവും മധുരവും കൃത്രിമചേരുവകളും മുന്നിട്ട് നില്‍ക്കുന്ന ഭക്ഷ്യരീതി മാത്രമല്ല, കഴിക്കുന്ന അളവും തത്തുല്യമായ ദോഷഫലങ്ങള്‍ ഉളവാക്കുന്നുണ്ട്.

കുറച്ച് കഴിച്ചാലെന്താ?
ചോദ്യത്തിനുള്ള ഉത്തരം ആദ്യം പറയാം, കഴിക്കുന്നത് കുറച്ചല്ല. അല്ലെങ്കില്‍ തന്നെ നമ്മള്‍ ഒരു നേരം കഴിക്കുന്ന ചോറ് സ്വതവേ ശാരീരികാധ്വാനം കുറഞ്ഞ ആളെങ്കില്‍ ആവശ്യത്തിലേറെയാണ്. പ്രമേഹരോഗിയോട് “രണ്ട് ചപ്പാത്തി കഴിക്കൂ’ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ “ഭക്ഷണത്തിന് മുന്‍പോ ശേഷമോ?’ എന്ന് ചോദിക്കുമെന്ന രസകരമായ ഒരു കഥ നമ്മളെല്ലാം കേട്ടു കാണും. ഇത് കഥയല്ല, മറിച്ച് വസ്തുത തന്നെയാണ്.
ഒരു കപ്പ് ചോറ്, അത്ര തന്നെ പച്ചക്കറികള്‍, പഴങ്ങള്‍, ഒന്നോ രണ്ടോ കഷണം മത്സ്യം/മാംസം തുടങ്ങിയ രീതിയിലാണ് ആരോഗ്യകരമായി ഭക്ഷണം കഴിക്കേണ്ടത്. ഒരു ദിവസം 8-12 ഗ്ലാസ് വെള്ളവും കുടിക്കണം.

നിറഞ്ഞ് കവിയുന്ന പാര്‍ട്ടികള്‍/പുറത്തെ ഭക്ഷണം
എന്ത് കുറയ്ക്കണോ, ഒഴിവാക്കണോ അത് ഏറ്റവും കൂടുതല്‍ ഉള്ളത് പുറത്ത് നിന്നുള്ള ഭക്ഷണത്തിലാണ്. മധുരവും കൊഴുപ്പും നുരയുന്ന ഈ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുന്നത് വഴി കാന്‍സര്‍, പ്രമേഹം, അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി സകലമാന ജീവിതശൈലിരോഗങ്ങളുടെയും വാഹകരാകുന്നു നമ്മള്‍.
അമിതമായ ഭക്ഷണം, വ്യായാമമില്ലായ്മ, മാനസികസംഘര്‍ഷങ്ങള്‍, ഉറക്കക്കുറവ് തുടങ്ങി എന്തെല്ലാം ശരീരത്തെ നശിപ്പിക്കുമോ അവയെല്ലാം ഒരു മത്സരമെന്നോണം ഏറ്റെടുത്താണ് നമ്മളിന്ന് ജീവിക്കുന്നത്.
ഒരു കല്യാണമോ സത്ക്കാരമോ ഉണ്ടായാല്‍ അപ്പുറത്തുള്ള ആളെക്കാള്‍ വിഭവങ്ങളുടെ എണ്ണം കൂട്ടുകയെന്നത് നമുക്കിന്നൊരു സ്റ്റാറ്റസ് സിംബലാണ്. വല്ലപ്പോഴുമൊന്ന് ഹോട്ടലില്‍ പോയി കഴിക്കുമായിരുന്നവര്‍ പോലും ആഴ്ചയില്‍ ഒരിക്കലോ അതിലേറെയോ തവണകള്‍ സ്ഥിരമായി പുറത്ത് നിന്ന് കഴിക്കുന്നത് ശീലമാക്കിയ മട്ടാണ്.

എവിടെയാണ് മാറേണ്ടത്?
• നേരത്തിന് അല്‍പാൽപമായി ഭക്ഷണം കഴിക്കുന്നതാണ് ഉചിതമായ ശീലം. ആമാശയത്തിന്റെ അര ഭാഗം ഭക്ഷണം, കാല്‍ ഭാഗം വെള്ളം, കാല്‍ ഭാഗം വായു എന്ന നബിവചനം ഓര്‍ക്കാം.
• ധാരാളം പച്ചക്കറികളും പഴങ്ങളും, അതിനെക്കാള്‍ അല്‍പം കുറവ് മുട്ട/പാല്‍ ഉത്പന്നങ്ങള്‍/മത്‌സ്യം/മാംസം/പയര്‍ വര്‍ഗങ്ങള്‍, അതിനേക്കാള്‍ കുറവ് ചോറ്/ചപ്പാത്തി/പത്തിരി/പുട്ട്/ദോശ മുതലായവ, അതിലും കുറവ് കൊഴുപ്പ്/മധുരം എന്നീ രീതിയാണ് ഉത്തമം.
• പുറത്ത് നിന്ന് കഴിക്കുന്നത് പരമാവധി കുറയ്ക്കുക. അഥവാ ഒഴിവാക്കാന്‍ സാധിക്കില്ലെങ്കില്‍ ആരോഗ്യകരമായ ഓപ്ഷന്‍സ് തിരഞ്ഞെടുക്കുക.
• പ്രായം കൂടുംതോറും ആരോഗ്യകരമായ ശീലങ്ങളിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുക. മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുന്നിടത്തെല്ലാം മുന്‍കരുതലുകള്‍ എടുക്കുക.
• ദിവസവും അര മണിക്കൂര്‍ വ്യായാമം ശീലമാക്കുക ■

Share this article

About ഡോ. ഷിംന അസീസ്

dr.shimnazeez@gmail.com

View all posts by ഡോ. ഷിംന അസീസ് →

Leave a Reply

Your email address will not be published. Required fields are marked *