ഉമര്‍(റ) നീതിയുടെ ഉടല്‍

Reading Time: 3 minutes

മണ്ണടിഞ്ഞുപോയ ഈജിപ്തിലെ അലക്‌സാണ്ട്രിയന്‍ കുംഭഗോപുരങ്ങളും റോമിലെ ശിലാഖണ്ഡങ്ങളും ഏഥന്‍സിലെ വെണ്ണക്കല്‍ നിശബ്ദതയും വിളംബരം ചെയ്യുന്ന സന്ദേശമെന്തായിരിക്കും? പിരമിഡും കൊളോസിയവും കാലം കവര്‍ന്നെടുത്ത ലോകസാമ്രാജ്യങ്ങളുടെ രമ്യഹര്‍മങ്ങളും ശോകനാദത്തോടെ വിളിച്ചുപറയുന്നതെന്തായിരിക്കും? അനീതിക്കു മേല്‍ സ്ഥാപിക്കപ്പെട്ട ഒരു നാഗരികതക്കും അധികകാലം നീണ്ടുനില്‍ക്കാനാവില്ല എന്നതാണ് അവക്കുള്ള ഏറ്റവും ലളിതമായ ഉത്തരം. അടിമത്തവും അടിച്ചമര്‍ത്തലും ആയുധമാക്കി കൈസറും കിസ്‌റയും മുഖൗഖിസുമെല്ലാം വാണ ആറാം ശതകത്തില്‍ തന്നെയാണ് നീതിയുടെ സൂര്യോദയം സംഭവിക്കുന്നത്. അനീതിക്കുമേല്‍ നീതിയുടെയും പ്രാകൃതവ്യവസ്ഥക്കുമേല്‍ മാനവിക വ്യവസ്ഥയുടെയും കൊടിക്കൂറ നാട്ടിയ ആ ഉദയത്തിന്റെ പേര് പ്രവാചകര്‍ മുഹമ്മദ്(സ്വ) എന്നായിരുന്നു. വിശുദ്ധ വേദഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് അവിടുന്ന് ഉദ്‌ഘോഷിച്ചു: “സത്യവിശ്വാസികളേ.. നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് വേണ്ടി സാക്ഷ്യം വഹിക്കുന്നവരുമാകുക. ഒരു ജനതയോടുള്ള നിങ്ങളുടെ അമര്‍ഷം അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പാലിക്കുക.’
നീതി ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മൂല്യങ്ങളെയും പ്രവാചകർ സ്വജീവിതത്തില്‍ ആവിഷ്‌കരിച്ചു. ആ മൂല്യങ്ങള്‍ക്കുമേല്‍ പുതിയ രാഷ്ട്രം സ്ഥാപിച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ആ രാഷ്ട്രസംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി. മാനവികതയുടെ നീതിതത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിക നിയമസംഹിത രൂപപ്പെട്ടത്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും മുസ്‌ലിമും അമുസ്‌ലിമും ഇസ്‌ലാമിക നിയമത്തിനുമുമ്പില്‍ തുല്യരായി ഗണിക്കപ്പെട്ടു. ബഹുസ്വരതയുടെ പുതിയ രാഷ്ട്രീയ ചിത്രങ്ങള്‍ രൂപപ്പെട്ടു. മദീനാ ചാര്‍ട്ടര്‍ നിലവില്‍ വന്നു. നീതിക്കു മേല്‍ സ്ഥാപിക്കപ്പെട്ട ഈ വ്യവസ്ഥിതിയാണ് പിന്നീട് വന്ന ഇസ്‌ലാമിക ഭരണാധികാരികളും വിഭാവനം ചെയ്തത്. ഇസ്‌ലാമില്‍ ഭരണാധികാരിയെ തീരുമാനിക്കപ്പെട്ടത് ഗോത്രപെരുമയോ കുലമഹിമയോ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല, പ്രത്യുത ജ്ഞാനവും നേതൃത്വപാടവവും അടിസ്ഥാനപ്പെടുത്തിയാണ്. നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: “മുസ്‌ലിംകള്‍ക്ക് ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തിയിട്ടും മറ്റൊരാളെ നിയമിച്ചാല്‍ അയാള്‍ അല്ലാഹുവിനെയും അവന്റെ ദൂതരെയും വഞ്ചിക്കുകയാണ് ചെയ്യുന്നത്.’
ഭരണാധികാരി നീതിമാനായിരിക്കണം എന്നത് പ്രവാചക നിഷ്‌കര്‍ഷകളില്‍ പ്രധാനപ്പെട്ടതായിരുന്നു. അവിടുന്ന് പറഞ്ഞു: “അന്ത്യനാളില്‍ അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ടവന്‍ നീതിമാനായ ഭരണാധികാരിയാണ്; അവന്‍ ഏറ്റവും വെറുക്കുന്നതക്കാട്ടെ അക്രമിയായ ഭരണാധികാരിയെയും.’ തന്റെ ശേഷം വരാനിരിക്കുന്ന ഭരണാധികാരികളെ കൃത്യമായി അവിടുന്ന് നിര്‍വചിക്കുകയായിരുന്നുവെന്ന് ചുരുക്കം. അവിടുന്ന് പകര്‍ന്നു കൊടുത്ത സമത്വഭാവനയും നീതിബോധവും ഭയഭക്തിയും നെഞ്ചേറ്റിയ നാലു ഭരണാധികാരികളാണ് പ്രവാചകര്‍ക്ക് ശേഷം ഇസ്‌ലാമിക ഖിലാഫത്തിന്റെ ഭരണസാരഥ്യത്തിലേക്കു വന്നത്. അതില്‍ രണ്ടാമതായി ഖിലാഫത്തേറ്റെടുത്തത് ഖത്താബിന്റെ പുത്രനായ ഉമറാ(റ)യിരുന്നു. നീതിമാന്‍ എന്ന പേരിലാണ് ഉമറിനെ ലോകം വായിച്ചത്.
പ്രവാചകന്റെ ഭരണതത്വങ്ങളെ മൂല്യാധിഷ്ഠിതമായി വികസിപ്പിക്കുകയും തദനുസൃതമായി വിശാലമായ ഇസ്‌ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്. വിശ്രുതമായ മാതൃകാഭരണമായിരുന്നു ഉമറിന്റെ കാലത്ത് സംവിധാനിക്കപ്പെട്ടത്. പത്തര വര്‍ഷം ഭരണം നടത്തിയ അദ്ദേഹം ഇസ്‌ലാമിക ഭരണ പ്രദേശങ്ങളെ വികസിപ്പിക്കുകയും ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങള്‍ ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ കൊണ്ടുവരികയും ചെയ്തു. കൊട്ടാരമോ അംഗരംക്ഷകരോ ഇല്ലാതെ സാമ്രാജ്യങ്ങളെ നിയന്ത്രിച്ചു. നല്ലൊരു വീടുപോലുമില്ലാതെ അന്തിയുറങ്ങി. പരവതാനികളില്ലാതെ പലപ്പോഴും കീറിയ പായയില്‍ കിടന്നുറങ്ങി. മേത്തരം ഭക്ഷണങ്ങളൊഴിവാക്കി രാജ്യത്തെ ഏറ്റവും സാധാരണക്കാരന്‍ ഭക്ഷിക്കുന്ന ഭക്ഷണം കഴിച്ചു. രാജകീയ ഉടയാടകള്‍ വിട്ട് കണ്ടംവെച്ച് തുന്നിയ വസ്ത്രം ധരിച്ചു. രാജകീയ പ്രൗഢിയില്ലാതെ തന്റെ സാമ്രാജ്യത്തിന്റെ പ്രവിശ്യകളിലേക്ക് യാത്ര ചെയ്തു. എല്ലത്തിനുമപ്പുറത്ത് നാഥനെ അനുസരിക്കുകയും പ്രവാചകരെ അനുധാവനം ചെയ്യുകയും ചെയ്ത നല്ലൊരു വിശ്വാസിയായി.

നീതിയുടെ കാലം
ഖലീഫയുടെ ഭരണകാലം ചരിത്രത്തില്‍ വായിക്കപ്പെട്ടത് നീതി എന്ന സങ്കല്‍പത്തോടൊപ്പമാണ്. നീതിന്യായത്തിനായി പ്രത്യേകമൊരു വകുപ്പ് ഉമറിന്റെ(റ) അതിപ്രധാനമായ കണ്ടുപിടുത്തങ്ങളിലൊന്നാണ്. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും പരസ്പരം വേര്‍തിരിക്കപ്പെടുക എന്ന പുരോഗമന സമൂഹത്തിന്റെ നൈതികബോധം ഉമറില്‍ നിന്ന് കടംകൊണ്ടതാണ്. ഇത്തരത്തില്‍ രണ്ടും സ്വതന്ത്രമായി വേര്‍തിരിക്കപ്പെട്ട ഭരണസംവിധാനം ലോകചരിത്രത്തില്‍ ആദ്യമായി നടപ്പിലാക്കിയത് ഖലീഫ ഉമറായിരുന്നു. ഒന്നാം ഖലീഫ അബൂബക്കറിന്റെ(റ) കാലത്ത് ഭരണസാരഥ്യത്തിലുള്ളവര്‍ തന്നെ ന്യായാധിപന്മാരുയിരുന്നു. ഉമറിന്റെ ഭരണത്തിന്റെ തുടക്കത്തിലും ഇങ്ങനെയായിരുന്നെങ്കിലും ഭരണസംവിധാനം കുറ്റമറ്റതും കെട്ടുറപ്പുള്ളതുമായ ഘട്ടമെത്തിയപ്പോള്‍ ജുഡീഷ്യറിയെ മറ്റു വകുപ്പുകളില്‍ നിന്നും സമ്പൂര്‍ണമായി സ്വതന്ത്രമാക്കി. നീതിയുടെ സംസ്ഥാപനത്തിനായി കോടതികള്‍ സ്ഥാപിക്കുകയും ന്യായാധിപന്മാരെ നിയമിക്കുകയും ചെയ്തു. കൂഫയുടെ ഗവര്‍ണറായിരുന്ന അബൂമൂസല്‍ അശ്അരിക്ക് ഖലീഫ നിയമപ്രക്രിയകളുടെ തത്വങ്ങളടങ്ങുന്ന ഒരു ഉത്തരവ് എഴുതിയയച്ചത് നീതിയുടെ പ്രധാനപ്പെട്ട ചരിത്രരേഖകളിലൊന്നാണ്. കോടതി നിയമങ്ങളും നിയമങ്ങളെക്കുറിച്ചുള്ള അത്തരം തത്വങ്ങളും അക്കാലത്ത് പുരാതന റോമില്‍ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ ആ തത്വങ്ങളുടെ മുകളിലാണ് ഉമറിന്റെ(റ) നീതി സമവാക്യങ്ങള്‍ സ്ഥാനം പിടിച്ചത്.
പ്രവിശ്യാ ഗവര്‍ണര്‍ക്ക് ഉമര്‍ (റ) അയച്ച ഉത്തരവ് വായിക്കാം: അല്ലാഹുവിന് സ്തുതി, ഈ ഘട്ടത്തില്‍ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ബാധ്യത നീതിനിര്‍വഹണമാണ്. എല്ലാ ജനങ്ങളെയും തുല്യരായി കാണുക. ദുര്‍ബലരായ ജനതക്ക് നീതിയെച്ചൊല്ലി നിരാശാബോധമോ പ്രമാണിമാര്‍ക്കുമേല്‍ പ്രീണനമോ ഉണ്ടാവാന്‍ ഇടവരരുത്. വാദിയാണ് തെളിവുകള്‍ കൊണ്ടുവരേണ്ടത്. കുറ്റം നിഷേധിക്കുന്നവര്‍ സത്യം ചെയ്യണം. നിയമപരമായതിനെ നിയമവിരുദ്ധമാക്കാതെയും നിയമവിരുദ്ധമായതിനെ നിയമപരമാക്കാതെയും ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടത്താം. ഒരിക്കലെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്താന്‍ നിങ്ങള്‍ക്ക് ഒന്നും തന്നെ തടസമാകരുത്. ഏതെങ്കിലും വിഷയത്തില്‍ സംശയം തോന്നുകയോ ഖുര്‍ആനിലോ നബിചര്യയിയോ ഒന്നും കണ്ടെത്താനാകാതെ വരുകയോ ചെയ്താല്‍ അതേകുറിച്ച് വീണ്ടും ചിന്തിക്കുക. നേരത്തെ നടന്ന സമാനസ്വഭാവമുള്ള സംഭവങ്ങളുമായി ചേര്‍ത്തുരൂപപ്പെടുന്ന ബോധ്യങ്ങള്‍ക്കനുസരിച്ച് വിധിപ്രസ്താവം നടത്തുക. സാക്ഷികളെ ഹാജരാക്കേണ്ടവര്‍ക്ക് അതിനുള്ള കാലാവധി കൊടുക്കുക. കേസ് തെളിയിക്കാനായാല്‍ വാദിക്ക് അവകാശങ്ങള്‍ വകവെച്ചു കൊടുക്കുക. അല്ലെങ്കില്‍ കേസ് റദ്ദ് ചെയ്യുക. ചാട്ടവാറ് കൊണ്ട് ശിക്ഷിക്കപ്പെടുകയോ വ്യാജസാക്ഷ്യം വഹിക്കുകയോ അനന്തരാവകാശം സംശയിക്കുകയോ ചെയ്യുന്നവരല്ലാത്ത എല്ലാ മുസ്‌ലിംകളെയും വിശ്വസ്തരായി കണക്കാക്കുക.
കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടു ഖലീഫ പുറത്തിറക്കിയ വിജ്ഞാപനത്തെ വിശകലനം ചെയ്താല്‍ അവയിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ ചുരുക്കി വായിക്കാം: ഖാളി(ജഡ്ജി) ഒരു ന്യായാധിപന്‍ എന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കണം. തെളിവുകള്‍ ഹാജരാക്കേണ്ടത് വാദിയാണ്. പ്രതിക്ക് തെളിവോ സാക്ഷികളോ ഇല്ലെങ്കില്‍ സത്യം ചെയ്യിപ്പിക്കണം. നിയമവിരുദ്ധമാകാത്ത കാലത്തോളം സമവായ ശ്രമങ്ങള്‍ അനുവദിക്കപ്പെടണം. ഖാളിക്ക് സ്വന്തം ഇഷ്ടപ്രകാരം വിധി പുനരിശോധിക്കാം. വാദം കേള്‍ക്കാന്‍ പ്രത്യേകം തീയതി നിശ്ചയിക്കണം. പ്രതി നിശ്ചിത തീയതിയില്‍ ഹാജരായില്ലെങ്കില്‍ കേസ് മുന്‍കൂര്‍ തീരുമാനിക്കാം. ഓരോ മുസ്‌ലിം വിശ്വാസിയും തെളിവു നല്‍കാന്‍ യോഗ്യനാണ്, കള്ളസാക്ഷ്യം നല്‍കിയവര്‍, ജുഡീഷ്യല്‍ ശിക്ഷകള്‍ക്ക് വിധേയമായവര്‍, വിധി അനുകൂലമായാല്‍ സ്വത്തു ലഭ്യമാകുന്നവര്‍ എന്നിവരൊക്കെ.
തര്‍ക്കവിഷയങ്ങളില്‍ ജുഡീഷ്യറിയുടെ വിധിതീര്‍പ്പ് വിവിധകാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിയമം കുറ്റമറ്റതാകുക, മികച്ച ന്യായാധിപന്‍മാരുടെ തിരഞ്ഞെടുപ്പ്, പക്ഷപാതിത്വം, കൈക്കൂലി, മറ്റ് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ന്യായാധിപന്മാരെ തടയുന്ന നിയമങ്ങളും തത്വങ്ങളും, ജഡ് ജിമാരുടെ എണ്ണം ജനസംഖ്യാനുപാതികമാകുക (കേസുകളുടെ വിചാരണ വൈകരുത് എന്നര്‍ഥം) തുടങ്ങിയവയാണവ. ഇക്കാര്യത്തില്‍ കുറ്റമറ്റ രീതികള്‍ പരീക്ഷിക്കപ്പെട്ടു. ഇസ്‌ലാമിക ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം നിയമങ്ങള്‍ പുതുതായി നിര്‍മിക്കേണ്ടതില്ല. കാരണം ഇസ്‌ലാമിക നിയമങ്ങളുടെ ഉറവിടം ഖുര്‍ആനാണ്. ഏതെങ്കിലും വിഷയത്തില്‍ ഖുര്‍ആനില്‍ നിന്ന് നിയമം ലഭ്യമായില്ലെങ്കില്‍ തിരുചര്യകളില്‍ നിന്നും ശേഷം മുസ്‌ലിം പണ്ഡിതന്മാരുടെ അഭിപ്രായസമന്വയങ്ങളില്‍ നിന്നും നേരത്തെ നടന്ന സമാന സംഭവങ്ങളിലെ വിധികളില്‍ നിന്നും കണ്ടെത്തണം. ഇത് ഖലീഫ ന്യായാധിപന്മാരെ നിരന്തരം ഓര്‍മപ്പെടുത്തി. ഖാളി ശുറൈഖിന് ഖലീഫ എഴുതിയ വിജ്ഞാപനത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്. ഇവയൊന്നും അവലംബിച്ചിട്ടും നിയമം കിട്ടാതെ വരുമ്പോള്‍ മാത്രമാണ് സ്വയം വിധി പുറപ്പെടുവിക്കേണ്ടതെന്നും ഇതില്‍ പറയുന്നുണ്ട്.
അക്കാലത്തെ വിശ്രുതരായ ന്യായാധിപന്‍മാരായിരുന്നു സൈദു ബിന്‍ സാബിത്, സൈദു ബിന്‍ സഈദ് ആമിറു ബിന്‍ മാലിക്, ഇയാസ് ബിന്‍ സ്വബീഹ്, കഅ്ബ് ബിന്‍ സൂര്‍, അബ്ദുല്ലാഹി ബിന്‍ മസ്ഊദ്, ഉബാദ ബിന്‍ സ്വാമിത് എന്നിവര്‍. ന്യായത്തിലും വിധിതീര്‍പ്പിലും പ്രസിദ്ധനായ അലി ബിന്‍ അബീത്വാലിബിനെ സ്ഥിര ചുമതലകളേല്‍പിച്ചിട്ടില്ലായിരുന്നെങ്കിലും ന്യായാധിപന്‍മാരെ നിയമിക്കുന്നതിലും മറ്റുകാര്യങ്ങളിലും കൂടിയാലോചിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. (താരീഖുല്‍ ഖുലഫാഇര്‍റാശിദീനില്‍ ഫുതൂഹാത് 1/346) ■

Share this article

About ജാബിർ എം കാരേപറമ്പ്

jabirkrpmanjeri@gmail.com

View all posts by ജാബിർ എം കാരേപറമ്പ് →

Leave a Reply

Your email address will not be published. Required fields are marked *