റമളാനിലെ ഇരട്ടിമധുരം

Reading Time: < 1 minutes

മധുരിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന മധുര നാരങ്ങയോടാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയെ മുത്തുനബി ഉപമിച്ചത്. ഖുര്‍ആന്‍ ഓതുന്ന കപടവിശ്വാസിക്ക് പോലും അതിന്റെ മേന്മയുണ്ടെന്ന് ഹദീസ്. സമൂഹത്തിലെ ഏറ്റവും ഉന്നതര്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നവരും പഠിക്കുന്നവരുമാണ്. അര്‍ഥം അറിയാതെയുള്ള പാരായണം പോലും റബ്ബിന്റെ പ്രീതിയിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ്.
വിശ്വാസിയുമായി ഖുര്‍ആന്‍ എത്ര ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന് മുകളില്‍ കൊടുത്ത വിവരണങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇസ്‌ലാമിക നിയമസംഹിതയുടെ ഒന്നാം പ്രമാണമാണ് ഖുര്‍ആന്‍. എന്നാല്‍ ഇസ്‌ലാമിക നിയമവശങ്ങള്‍ ഖുര്‍ആനില്‍ നിന്ന് നേരിട്ട് മനസിലാക്കാന്‍ അഗാധമായ ജ്ഞാനം നേടിയെടുക്കേണ്ടിവരും. എന്നാല്‍ ഖുര്‍ആനില്‍ അഗാധമായ ജ്ഞാനം നേടിയെടുക്കാന്‍ സാധിക്കാതെപോയ വിശ്വാസിക്ക് ജീവിതവിജയത്തിനുള്ള ഒരു മികച്ച മാര്‍ഗമാണ് ഖുര്‍ആന്‍ പഠനവും പാരായണവും. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ. എല്ലാ നിലക്കും ഇന്ന് സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോഴും ഖുര്‍ആനുമായുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ മുസ്‌ലിം സമൂഹം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്.
വിശ്വാസികളെ ഖുര്‍ആനുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഖുര്‍ആന്‍ അവതീര്‍ണമായ റമളാനാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ആത്മീയ രുചി അനുഭവിക്കാന്‍ ഖുര്‍ആനെക്കാള്‍ മികച്ച മാര്‍ഗമില്ലല്ലോ. അത് റമളാനാകുമ്പോള്‍ രുചി ഇരട്ടിക്കുമെന്നുറപ്പ്. എല്ലാ വര്‍ഷവും സമൂഹത്തില്‍ പൊതുവിലും, വിദ്യാര്‍ഥികളിലും യുവാക്കളിലും പ്രത്യേകമായും ഖുര്‍ആനിന്റെ മാധുര്യം എത്തിക്കാന്‍ തര്‍തീലുകള്‍ക്ക് സാധിക്കാറുണ്ട്. ഹിഫ്‌ള്, പാരായണ മത്സരങ്ങള്‍ എന്നതിനപ്പുറം ഖുര്‍ആന്‍ പാരായണം, പഠനം എന്നിവയിലേക്ക് കൂടി ശ്രദ്ധ പതിപ്പിക്കുകയാണ് തര്‍തീലുകള്‍ ലക്ഷ്യംവെക്കുന്നത്.
ഗള്‍ഫിലെ മുഴുവന്‍ രാജ്യങ്ങളിലും, യൂനിറ്റ് മുതല്‍ നാഷനല്‍ തലം വരെയാണ് തർതീല്‍ നടക്കുന്നത്. യൂനിറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മത്സരിച്ച് വിജയിക്കുന്ന മത്സരാര്‍ഥികളുടെ പാരായണം മികച്ചതാക്കാന്‍ സെക്ടര്‍ തലങ്ങളില്‍ ലഭ്യമായ മികച്ച ഖാരിഉകളുടെ നേതൃത്വത്തില്‍ തന്‍മീഅ് സ്‌കൂളുകളും ഈ വര്‍ഷം സജ്ജീകരിക്കുന്നുണ്ട്. പാരായണം, ഹിഫ്‌ള് മത്സരങ്ങള്‍ കൂടാതെ ഖുര്‍ആനുമായി ബന്ധപ്പെട്ട സെമിനാര്‍, രിഹാബുല്‍ ഖുര്‍ആന്‍ മത്സരങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മത്സരത്തിന്റെ മികവ് വര്‍ധിപ്പിക്കാൻ 25-30 വയസ് പ്രായമുള്ളവര്‍ക്ക് സൂപ്പര്‍ സീനിയര്‍ തലത്തിലും മത്സരങ്ങള്‍ നടക്കുന്നു. തര്‍തീലിന് പുറമെ പ്രവര്‍ത്തകരുടെ ഖിറാഅത് കൂടുതല്‍ മെച്ചപ്പെടുത്തുന്ന തഹ്‌സീന്‍ പദ്ധതിയും നാഷനലുകളില്‍ സംഘടിപ്പിക്കുന്നു ■

Share this article

About നൗഫല്‍ അബ്ദുല്‍ കരീം

noufalkareem@gmail.com

View all posts by നൗഫല്‍ അബ്ദുല്‍ കരീം →

Leave a Reply

Your email address will not be published. Required fields are marked *