വേദനകള്‍ ചിറകുകളാകുന്ന കാലം

Reading Time: 2 minutes

ഭാഷ ഒരു ജനതയുടെ ചരിത്രമാണ്. അത് നാഗരികതയിലേക്കും, സംസ്‌കാരത്തിലേക്കുമുള്ള രാജപാതയാണ് എന്ന് അലക്‌സാണ്ടര്‍ കുപ്രീന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. “ഭാഷാവബോധത്തെപ്പറ്റിയാണ് കുപ്രീന്‍ സൂചിപ്പിച്ചത്. സച്ചിദാനന്ദന്റെ കവിതകളെ നിര്‍ണയിക്കുന്ന പ്രധാനഘടകവും ഭാഷാവബോധമാണ്. കവിത എഴുത്തിന്റെയും വായനയുടെയും ചരിത്രത്തില്‍ നേടിയെടുത്ത അസാധാരണ ജനപ്രീതിക്ക് കാരണം ഭാഷയിലുള്ള അടയിരുപ്പാണ്. യാഥാർഥ്യവും കാല്‍പനികതയും കൂട്ടിക്കലര്‍ത്തി കവിത നിരന്തരം പ്രകടിപ്പിച്ചുപോരുന്ന ആഖ്യാനഭാവുകത്വമാണ്. സച്ചിദാനന്ദന്റെ കവിത ഒരേസമയം സാമൂഹികവും വൈയക്തികവും വികാരപരവും വിചാരപരവും ഭാവസാന്ദ്രവുമായ ആഖ്യാനരീതി നിലനിര്‍ത്തിക്കൊണ്ടാണ് ആധുനികവും ആധുനികാനന്തരവും എഴുതപ്പെട്ടു പോരുന്നത്. അതുകൊണ്ടുതന്നെ ആഖ്യാനപരീക്ഷണങ്ങള്‍ക്കും സ്വരവൈവിധ്യങ്ങള്‍ക്കുമപ്പുറം മനുഷ്യാനുഭവം കൊണ്ട് തീര്‍ക്കുന്ന ജീവിതചിത്രങ്ങളാണ് കവിത. ഭാഷയിലും ശൈലിയിലും രാഷ്ട്രീയനിലപാടിലും മലയാളകവിത കൈവരിച്ചിട്ടുള്ള ഉയരങ്ങള്‍ തെളിയിക്കുന്നതില്‍ സച്ചിദാനന്ദന്റെ കവിത വഹിക്കുന്ന പങ്ക് ചെറുതല്ല.
സച്ചിദാനന്ദന്റെ മൗലികമായ കാവ്യഭൂപടം ഭിന്നങ്ങളായ ജീവിതവൃത്തങ്ങളാണ്. ഇരുവര്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്. 2022 ജൂലൈ 17) എന്ന കവിതയില്‍ രണ്ടുപേരുടെ ജീവിതഗതിയുടെ കണ്ടെടുപ്പാണ്. ഗാന്ധിജിയുടെയും അംബേദ്കറുടെയും. ഇരുവരുടെയും നിരാലംബമായ ചില മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുകയും, നാളിതുവരെയില്ലാത്തവിധം ക്രൂരവും നിർണായകവും വ്യാപകവുമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയമാറ്റങ്ങളും തീക്ഷ്ണമായ ആശയപ്രതിസന്ധികളുമാണ് കവിത അവതരിപ്പിക്കുന്നത്.
ഒരര്‍ഥത്തില്‍ ഉറക്കംവരാത്ത രാത്രിയില്‍ അംബേദ്കറുടെ കണ്ണില്‍ നിറയുന്ന അപ്രതീക്ഷിത ചിത്രമാണ് “ഇരുവര്‍’. ചര്‍ക്കയും ചുമലിലേറ്റി ഗാന്ധിജി തന്റെ വീട്ടുമുറ്റത്ത് നില്‍ക്കുന്നതാണ് അംബേദ്കര്‍ കാണുന്നത്. ഓര്‍ക്കാനേറെയുണ്ടെങ്കിലും അദ്ഭുതവും കിതപ്പും മാറ്റിവെച്ച്, അംബേദ്കര്‍ ഗാന്ധിയോട് ചോദിക്കുന്നു: “അങ്ങ്, ചര്‍ക്കയുമായി ഈ മാഹാറുടെ കുടിയില്‍?’ ഗാന്ധിക്ക് അതിന് ഉത്തരമുണ്ട്. നാം വക്കീല്‍മാരാണല്ലോ, ഒന്നിച്ച് നൂല്‍ക്കാം ധര്‍മത്തിന്റെ നൂല്‍. മനുഷ്യത്വത്തിന്റെയും സ്വതന്ത്രചിന്തയുടെയും വിശാലസഖ്യങ്ങള്‍. അവയെല്ലാം അനാഥമാകുന്ന, തകര്‍ന്നു പോകുന്ന, ആഘാതം തീവ്രമാകുന്ന രാഷ്ട്രീയ ഇന്ത്യയെയാണ് കവിത അടയാളപ്പെടുത്തുന്നത്.
പോരാട്ടവും പരാജയവും അവരുടെ നിശ്ചിതത്വങ്ങളായി ജീവിതത്തിലുടനീളം പിന്നാലെയുണ്ട്. പരാജയത്തിനിടയിലും നൈതികതയുടെ വലിയൊരു ധര്‍മബലം അവരെ നയിക്കുന്നു. അധികാരത്തിന്റെ താമസഭാവങ്ങള്‍ക്കിടയില്‍ പൂണൂലില്ലാത്ത ഉടല്‍ കാണിച്ച് ഗാന്ധി ചിരിക്കുന്നു. മനുസ്മൃതിയുടെ തീകാഞ്ഞ് ഭരണഘടന ചര്‍ച്ചചെയ്യാന്‍ ഗാന്ധി അംബേദ്കറെ ക്ഷണിക്കുന്നു.
ആഖ്യാതാവിന്റെ സ്വത്വാന്വേഷണത്തിന്റെ ഏകാന്തപഥമായി “ഇരുവര്‍’ വസ്തുതകളുടെ വേരോളം വ്യാപിക്കുന്നു. അത് നീതിയുടെ നൂല്‍ തേടിയുള്ള യാത്രയാണ്. സഹനത്തിന്റെ പാരമ്യത്തില്‍പോലും രണ്ടുപേരും ബുദ്ധനിലേക്ക്, കരുണയിലേക്ക് കണ്ണുകൂര്‍പ്പിക്കുന്നു. അംബേദ്്കറുടെ കണ്ണില്‍ കയ്്പുനിറഞ്ഞ കുട്ടിക്കാലം തെളിയുന്നു. ഗാന്ധി പോയ ശൂന്യതയില്‍ അനാഥമായ വടി നടന്നകലുന്നതു കണ്ടപ്പോള്‍ അംബേദ്്കറുടെ കണ്ണുകള്‍ നിറയുന്നു. ഭാവതീവ്രമായി കവിതയില്‍ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം നിറയുന്നു.
അയിത്തവും തിരിച്ചറിവില്ലായ്മയും രാഷ്ട്രീയാവബോധ ശൂന്യതയും അശ്ലീലമാക്കിക്കൊണ്ടിരിക്കുന്ന ജീവിതസങ്കടങ്ങളാണ് സച്ചിദാനന്ദന്റെ “ഇരുവറി’ല്‍ നീറുന്നത്. അനീതിക്കും രാഷ്ട്രീയാന്ധതക്കുമെതിരെ മനുഷ്യന്റെ ചിന്തകളെ വിപ്ലവകരമായി നവീകിച്ച “ഇരുവരു’ടെയും ആശയങ്ങള്‍ക്ക്, അവ രൂപപ്പെട്ട കാലത്തേക്കാള്‍ പ്രസക്തിയുണ്ട് വര്‍ത്തമാന കാലത്തെന്ന് ഓര്‍മപ്പെടുത്തുകയാണ് കവി. സച്ചിദാനന്ദന്റെ കവിതയില്‍ നാം പ്രതീക്ഷിക്കുന്നതും വേറിട്ടുള്ള കാഴ്ചകളാണ്.
◆ ◆ ◆
നമുക്കിന്ന് ഒരു സാമൂഹ്യജീവിതമില്ല. ഓരോരുത്തര്‍ക്കും സ്വന്തം ജീവിതം മാത്രമേയുള്ളൂ. കര്‍മവും ജീവിതവും ലയിച്ചുചേരുന്ന ഒരു പാട്ട്, താളം ഉണ്ടാകുന്നില്ല. ഉണ്ടാകുന്നത് മുദ്രാവാക്യങ്ങള്‍ മാത്രം. അധിനിവേശത്തിന്റെ കീഴടങ്ങലും. കഥയില്‍ നിന്നും ജീവിതം ചോര്‍ന്നുപോകുന്നതിന്റെ പ്രധാന കാരണവുമിതുതന്നെ. ജീവിതം തുഴഞ്ഞു കൊണ്ടുവരുന്ന ഒരു കഥയാണ് മുണ്ടൂര്‍ സേതുമാധവന്റെ “പോയവള്‍’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്.2022 ജൂലൈ 24). നന്മ തിന്മകളും പാപപുണ്യങ്ങളും എണ്ണിയും തൂക്കിയും കഴിയുന്ന കാലം കടന്നുപോയെങ്കിലും അവയൊന്നും പാടേ ഉപേക്ഷിക്കാത്ത കഥാകാരനാണ് മുണ്ടൂര്‍ സേതുമാധവന്‍. ഒരു കുറ്റവാളിയുടെ മനോവ്യാപാരമാണ് പോയവള്‍ എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. ശാരീരികവും മാനസികവും ആത്മീയവുമായ അശാന്തിയിലാണ് അയാളുടെ രാപകലുകള്‍ തുടങ്ങുന്നത്. രണ്ടു കേസുകളിലായി പത്തു കൊല്ലം ജയില്‍ ശിക്ഷ അനുഭവിക്കുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ തന്നെ ആരെങ്കിലും സഹായിക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു.
ജീവിതത്തെ കഥയിലേക്ക് ചേര്‍ത്തുപിടിക്കുകയാണ് മുണ്ടൂര്‍ സേതുമാധവന്‍. രക്ഷകനെ തേടിയാണ് ജയിലില്‍ നിന്നറങ്ങി അയാള്‍ യാത്ര തുടരുന്നത്. തങ്കരാജാണ് അയാളോട് ദാമോദരനെ കാണാന്‍പറഞ്ഞത്. ദാമോദരന്‍ തന്നെ രക്ഷപ്പെടുത്തുമെന്ന് അയാള്‍ കരുതുന്നു. മേടം ഉരുകിയൊലിക്കുന്ന ഉച്ചനേരത്താണ് അയാളുടെ നടത്തം. ദാമോദരന്‍ തന്റെ ഗ്രാമക്കാരനാണ്. നടന്നുതീര്‍ക്കാനുള്ള വഴികള്‍ അസ്വസ്ഥതയുണര്‍ത്തുന്നു. ആദ്യമേ ദുശ്ശകുനം പോലെ ഒരു പക്ഷി വഴിമുറിച്ചു കിടക്കുന്നു. കാളിക്കുന്ന്, മണ്ണ് വെട്ടിയകുഴികള്‍, മണ്ണില്‍ നിന്ന് പുറത്തേക്ക് വരുന്ന കരിന്തേളുകള്‍. അടയ്ക്കാമണിയന്‍പറമ്പും കല്ലുവെട്ടുകുഴിയും കുഞ്ഞിലക്ഷ്മിയും അയാളുടെ മനസില്‍ നിറയുന്നു. അവയെല്ലാം കടന്നുവേണം രക്ഷകനായ ദാമോദരന്റെ അടുത്തെത്താന്‍.
ഇരുണ്ടതും വന്യവുമായ ജീവിതത്തില്‍ ഇറക്കിനിര്‍ത്തിയാണ് കുറ്റവാളിയുടെ കഥ പറയുന്നത്. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ അയാള്‍ മനുഷ്യഗന്ധമുള്ളിടത്ത് എത്തുന്നു. തളര്‍ന്നുവീണ അയാളെ ആരോ താങ്ങി വീടിന്റെ തിണ്ണയില്‍ കിടത്തി. ഉടഞ്ഞ ജന്മത്തിന്റെ ചൂടില്‍ വെന്തിട്ടും അയാള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്നു കുഞ്ഞിലക്ഷ്മി. അനുഭവത്തിന്റെ രണ്ടു വശങ്ങള്‍ തമ്മിലുള്ള അഭിമുഖീകരണമാണ് “പോയവള്‍’ എന്ന കഥയിലെ പ്രധാന ഘടകം. സംഭവിച്ചതെല്ലാം കണ്‍മുന്നില്‍ തെളിയുന്നു. “ഇനി ഒരു തിരിച്ചുവരവുണ്ടെങ്കില്‍ അന്ന് ദാമോദരനെ കാണാം.’ പോലീസ് ജീപ്പില്‍ കയറുമ്പോള്‍ അയാള്‍ ഓര്‍ക്കുന്നു.
ആസക്തിയുടെ ഇരയായിത്തീര്‍ന്ന ശേഷം അർഥവത്തായ ജീവിതം സ്വപ്‌നം കണ്ട് തിരിച്ചുവരുന്ന മനുഷ്യനെയും അയാളില്‍ നിറയുന്ന കെട്ടടങ്ങാത്ത തിന്മയും അവതരിപ്പിക്കുന്ന “പോയവള്‍’, മുണ്ടൂര്‍ സേതുമാധവന്‍ മുമ്പെഴുതിയ ചില കഥകളുടെ നിഴലില്‍ നില്‍ക്കുന്നു. വായനക്കാരന്‍ വേറിട്ടുള്ള കാഴ്ചകള്‍ പ്രതീക്ഷിക്കുന്നില്ലെങ്കില്‍ മാത്രമാണ് ഈ കഥ വായനാസുഖം തരുന്നത് ■

Share this article

About കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

kkvanimel@gmail.com

View all posts by കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ →

Leave a Reply

Your email address will not be published. Required fields are marked *