പെറ്റകുട്ടി

Reading Time: < 1 minutes

ഖദീജ പെറ്റയന്നാണ്
മൊയ്തുക്ക
ഹാജിയായി
നാട്ടിലെത്തിയത്.
ജീപ്പും ലോറിയും
കപ്പലുമേറിയ
സൽകാരപ്പോക്ക്
അരക്കൊല്ലം
ത്വവാഫ് ചെയ്തിരിക്കുന്നു.

വടക്കേപറമ്പ്
വിറ്റപൈസക്കാണന്ന്
പടച്ചോന്റെ ക്ഷണം
സ്വീകരിക്കാനുറച്ചത്.
മുന്നില്‍,
പടച്ചോന് വേണ്ടി
മകനെയറുക്കാന്‍ തുനിഞ്ഞ
നബി മാത്രം.
മരുഭൂമിക്ക് ചൂടാണ്
പക്ഷേ, ഹജ്ജുകാലത്ത്
തീയെ തണുപ്പിച്ച
ഇബ്റാഹീമി സ്പര്‍ശനം
മക്കയെ തണുപ്പിക്കുമത്രെ.
മാലാഖമാരെ സല്‍കരിച്ചു
പേരുകേട്ടവരാണ്
ആതിഥേയര്‍.
സ്വഫാ മര്‍വക്കിടയില്‍
വഴുതിവീഴാതിരിക്കാന്‍
ഒരുമ്മച്ചിക്കൈപ്പിടി
ച്ചാണെല്ലാരും ഓടാറുള്ളത്.

അപ്പുറത്ത് സംസം
പൊടിയുന്നയൊച്ച.
മിനായിലെ കൂരയിലേക്ക്
കയറുമ്പോഴേക്ക്
അഹങ്കാരം
ഇറങ്ങിപ്പോകുമത്രെ,
സലാം പറയുമ്പോള്‍
കാത് നിറയെ
ഒരു മനുഷ്യ പ്രസംഗം,
ഒരു ചരിത്രം.

മദീനയിലേക്കുള്ള
യാത്രയില്‍
രണ്ടൊട്ടകവും
രണ്ടേ രണ്ട്
മനുഷ്യരും മാത്രം.

കുഞ്ഞു മുഹമ്മദ്
പിറന്നയന്നാണ്
“പെറ്റകുട്ടി’യായി
ഹാജിയാര് വീട്ടിലെത്തിയത്
കൂടെ, റസൂലിന്റെ
അജ്്വയും,
ഇസ്മാഈലിന്റെ
വിയര്‍പ്പുകലര്‍ന്ന
സംസവും.

Share this article

About മുഹമ്മദ് അല്‍ഫാതിഹ്

View all posts by മുഹമ്മദ് അല്‍ഫാതിഹ് →

Leave a Reply

Your email address will not be published. Required fields are marked *