വാടകസ്‌പേസില്‍ നിങ്ങള്‍ തൃപ്തനാണോ?

Reading Time: 2 minutes

നിങ്ങള്‍ വാടകവീട്ടില്‍ താമസിച്ചിട്ടുണ്ടോ? നിങ്ങള്‍ക്കാ വീടിനെ ഗാഢമായി ചേര്‍ത്തുനിര്‍ത്താന്‍ കഴിയില്ല. നിങ്ങള്‍ അതിലേക്ക് വരുന്നതും അതില്‍ നിന്ന് പോകുന്നതും പരോളിന് ഇറങ്ങിയതുപോലെയായിരിക്കും. അതിന്റെ മുറ്റമോ ചുമരോ നിങ്ങള്‍ അത്ര കാര്യമാക്കില്ല. പ്രവാസത്തിലെ വാടകവീടാണെങ്കില്‍ പറയുകയും വേണ്ട. ഏതെങ്കിലും ഒരു ഗല്ലിയിലെ നിങ്ങള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിങ്ങള്‍ക്കായി ഒരു സ്‌പേസുണ്ടാകും. ആ സ്‌പേസിലേക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നിങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ബെഡ് അല്ലെങ്കില്‍ കിടക്കപ്പായ നന്നായി നോക്കും. രാത്രിയിലും പകലിലും നിങ്ങള്‍ ശബ്ദം ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കും. നിങ്ങളുടെ സ്‌പേസിന് അപ്പുറത്തുള്ള ആളുകള്‍ക്ക് ശല്യമുണ്ടാക്കാതെ ജീവിക്കും. മറുലോകവുമായി നിങ്ങള്‍ക്കുള്ള ബന്ധം മൊബൈലിലൂടെ സ്ഥാപിച്ചിരിക്കും. ചെവിയില്‍ കുടുക്കിയിട്ട ഇയര്‍ ഫോണിലൂടെ നിങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കും. ഇടയ്്ക്കിടെ നിങ്ങളുടെ ശബ്ദം സ്‌പേസിനപ്പുറത്തെ കര്‍ട്ടന്‍ തുളച്ചു കയറിപ്പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കും. ചിരിക്കാന്‍ വരുമ്പോള്‍ നിങ്ങള്‍ വാപൊത്തി ചിരിക്കും. കരയേണ്ടിവന്നാൽ ശബ്ദമുണ്ടാക്കാതെ കരയും. കണ്ണീര്‍ തുടക്കും. ഊഴം വെച്ച് മെസ്സില്‍ ചോറും കറിയുമുണ്ടാക്കും. നിങ്ങള്‍ മാത്രമായി ചെയ്യേണ്ട അന്ന് പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടാതെ ശ്രമിക്കും. തീ കത്തിക്കുമ്പോഴും പാത്രം കഴുകുമ്പോഴും വെള്ളം തിളക്കുമ്പോഴും കറി രുചി നോക്കുമ്പോഴും ഉള്ളി മുറിക്കുമ്പോഴും നിങ്ങള്‍ സ്വന്തം വീട്ടിലെ ഉമ്മയുടെ അടുക്കളയില്‍ പലപ്രാവശ്യം കയറിയിറങ്ങി വരും. ഇറച്ചി വെട്ടി കഴുകുമ്പോഴും മീന്‍ നന്നാക്കി കഴുകുമ്പോഴും നിങ്ങള്‍ മനസില്‍ ഒരായിരംവട്ടം നിങ്ങളുടെ ഉമ്മയെ അനുസ്മരിച്ചിരിക്കും. കറിയുടെ രുചി പിടിക്കാതിരുന്നാല്‍ നിങ്ങളുടെ മനസ് പിടയ് ക്കും. സ്വന്തം കഴിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കത് ഏറെ രുചികരമായിരിക്കും.
നാട്ടില്‍ കഴിയുമ്പോള്‍ എന്തൊരു സ്വാതന്ത്ര്യമായിരുന്നു. പാടുപെട്ട് ഭക്ഷണം ഒരുക്കി ഡൈനിങ് ടേബിളില്‍ വിളമ്പിവച്ച് വിളിച്ചാലും പോകാന്‍ മടിയായിരുന്നുവല്ലേ നമുക്ക്. നമ്മള്‍ കഴിച്ചു കഴിഞ്ഞിട്ട് വേണം അടുക്കളയില്‍ നമ്മുടെ ഉമ്മക്ക് അതിലെ ബാക്കി പാത്രത്തിലേക്കിട്ട് കഴിക്കാന്‍ എന്ന് ചിന്തിച്ചിരുന്നില്ല, അല്ലേ? ഒരു പണി കഴിഞ്ഞ് മറ്റൊന്നിലേക്ക് യന്ത്രങ്ങളെ പോലെ നടന്നുനീങ്ങുന്ന നമ്മുടെ ഉമ്മമാരുടെ വേദനിക്കുന്ന ചിത്രങ്ങള്‍ ഓരോ പ്രവാസിയുടെയും മനസിന്റെ സ്‌ക്രീനില്‍ മിന്നായം മറിഞ്ഞു കൊണ്ടിരിക്കും. ഭക്ഷണം കഴിച്ച് പാത്രങ്ങള്‍ ബാക്കിവെച്ച് സുപ്രയില്‍ അവശിഷ്ടങ്ങളിട്ട് കൈകഴുകി നമ്മള്‍ സിറ്റൗട്ടിലേക്ക് പോയി മൊബൈലെടുത്ത് വീണ്ടും വിശ്രമിക്കുമ്പോള്‍ ഇവയെല്ലാം പെറുക്കി എച്ചിലെല്ലാം വാരി വൃത്തിയാക്കി നമ്മുടെ ഉമ്മമാര്‍ വിശ്രമമില്ലാതെ വീട്ടില്‍ ജോലി ചെയ്യുക തന്നെയാണ്. ചെളിപുരണ്ട നമ്മുടെ വസ്ത്രങ്ങള്‍ അയയില്‍ എവിടെയെങ്കിലും തൂക്കിയിട്ടാല്‍ മതിയായിരുന്നു. അവ തിരഞ്ഞുപിടിച്ചു അലക്കി ഇസ്തിരി ചെയ്തു നമുക്കവര്‍ തരുമായിരുന്നു. എത്ര ചെയ്തു തന്നാലും നന്ദി വാക്ക് പോലും പറയാത്ത നമ്മള്‍ പ്രവാസിയാകുമ്പോള്‍ എല്ലാം ബൂമറാങ്ങായി തിരിച്ചുവരുന്നത് നേരിട്ട് അനുഭവിക്കുന്നു. നമ്മള്‍ പാത്രം കഴുകുന്നു. നമ്മള്‍ അരി കഴുകി അടുപ്പില്‍ വെക്കുന്നു. നമ്മള്‍ ഉള്ളി വെട്ടുന്നു. കണ്ണില്‍നിന്ന് കുടുകുടാ കണ്ണീര്‍ വരുന്നു. നമ്മള്‍ തന്നെ ഇറച്ചിയും മീനും നന്നാക്കുന്നു. നമ്മള്‍ തന്നെ ഉപ്പും രുചിയും നോക്കി മറ്റുള്ളവര്‍ക്കും കൂടി വിളമ്പുന്നു. ഭക്ഷണം കഴിച്ചു പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നു. അകമടിച്ചുവാരി സൂക്ഷിക്കുന്നു. നമ്മുടെ ഡ്രസ്സുകള്‍ നമ്മള്‍ തന്നെ അലക്കി ഇസ്തിരി ചെയ്യുന്നു.
വാടക റൂമിനുള്ളില്‍ തൂക്കിയിട്ട കലണ്ടറില്‍ ഓരോ അക്കവും പലവട്ടം നോക്കി നില്‍ക്കുന്നു. പല അക്കങ്ങളും വെട്ടിക്കളയുന്നു. നമ്മള്‍ യാത്ര പറഞ്ഞ് ഇറങ്ങിപ്പോന്ന വീട്ടിലേക്ക് തിരിക്കാനുള്ള ദിവസങ്ങളുടെ എണ്ണം കുറക്കാനാണ് നമ്മള്‍ കലണ്ടറിലെ കഴിഞ്ഞുപോകുന്ന അക്കങ്ങള്‍ വെട്ടുന്നത്. മാസം തികയുമ്പോള്‍ താമസിക്കുന്ന സ്‌പേസിന് വില കൊടുക്കാന്‍ നമ്മള്‍ കൂട്ടലും കിഴിക്കലും നടത്തുന്നു. ജോലിക്ക് പോകാന്‍ കഴിയാത്തവന്‍ ജോലിക്ക് പോയി തിരിച്ചുവന്നവരോട് കാശ് കടം ചോദിക്കുന്നു. ജോലി ചെയ്തു തൊട്ടടുത്ത മാസം രണ്ടുപേരുടെ കാശ് ഒരുമിച്ച് കൊടുക്കുന്നു. പിന്നെ വെള്ളത്തിനും കറണ്ടിനും ചാര്‍ജ് നേരിട്ടുകൊടുക്കുമ്പോള്‍ അതിന്റെ വ്യഥയും നാം പേറുന്നു. മാസാമാസം മെസ്സിന്റെ കണക്കുകള്‍ കൂട്ടിക്കിഴച്ച് മെസ്സ് മാനേജര്‍ക്ക് തുക കൈമാറുക കൂടി ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നും ക്യാഷ് അയക്കാനുള്ള വിളി വരുന്നു. ഇവിടെ അധ്വാനത്തിനും സമയത്തിനും ഇരിപ്പിടത്തിനും വിയര്‍പ്പിനും നോട്ടത്തിനും സഹായത്തിനും വിലയുണ്ട്. സമ്പാദിക്കുന്ന ഓരോ റിയാലിനും മൂല്യം ഏറെയുണ്ട്. നാട്ടിലെ വീട്ടില്‍ ഇതൊന്നും അറിഞ്ഞിരുന്നതേയില്ല! ■

Share this article

About ടി ടി ഇര്‍ഫാനി വാക്കാലൂര്‍

ttirfani@gmail.com

View all posts by ടി ടി ഇര്‍ഫാനി വാക്കാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *