പ്രവാസികളെ ആര്‍ക്കുവേണം?

Reading Time: 2 minutes

ശീര്‍ഷകം ഒരല്പം പ്രകോപനം നിറഞ്ഞതാണ് എന്നറിയാം. പ്രകോപിപ്പിക്കാന്‍ തന്നെ ഉദ്ദേശിച്ചാണ് പറയുന്നതെന്നു വെച്ചോളൂ. എന്തുകൊണ്ട് എന്ന് വിശദീകരിക്കാം.
നിറഞ്ഞുതുളുമ്പുമ്പോള്‍ മാത്രം ഗൾഫ് മലയാളികളെ മതിയെന്നാണ് ഞങ്ങള്‍ നാട്ടുകാര്‍ക്കും, പിന്നെ നിങ്ങളുടെ കുടുംബക്കാര്‍ക്കും. അത് പൊടുന്നനെ ഉണ്ടായ മാറ്റമല്ല. കാലമെടുത്തു തന്നെ സംഭവിച്ചതാണ്. ഗള്‍ഫില്‍ നിന്നെത്തിയവരെ പൊതിഞ്ഞുനിന്ന ആ പഴയ മണം – ഊദിന്റെ, അത്തറിന്റെ – ഇപ്പോള്‍ നാട്ടില്‍ ആരെയും മണക്കുമെന്നായി. അവിടെ കിട്ടുന്നതെന്തും ഇവിടെയും കിട്ടും. ഗള്‍ഫിന്റെ തനത് ഭക്ഷണങ്ങള്‍ – മായം കലര്‍ത്തിയിട്ടാണെങ്കിലും – ഇവിടെയും സുലഭം. മുക്കിനുമുക്കിന് മന്തിക്കടകള്‍, അറേബ്യന്‍ ഹോട്ടലുകള്‍.. നാട്ടിന്‍പുറത്തെ ചായ മക്കാനിയില്‍ പോലും ഖുബ്ബൂസും ഷവര്‍മയും. അറബിവേഷങ്ങളായ കന്തൂറയും കഫിയ്യയുമൊക്കെ പെരുന്നാളിലും വിശേഷ ദിവസങ്ങളിലും ചെറുപ്പക്കാര്‍ ഇട്ടോണ്ട് നടക്കുന്ന കാഴ്ച നാട്ടിൽ പുതുമയില്ലാതായി. നമ്മുടെ നിരത്തുകള്‍ പഴയപടിയെങ്കിലും മുന്തിയ ഇനം കാറുകള്‍ക്ക് ഇവിടെയൊരു പഞ്ഞവുമില്ല.
ആഴ്ചയിലൊരിക്കലെങ്കിലും ഹോട്ടലിലെ ഡെലിവറി ബോയ് ഫുഡ് പാക്കുമായി വീട്ടിലെത്താറുണ്ട്. എന്നും വീട്ടിൽ പാകം ചെയ്തു കഴിക്കുന്നതെങ്ങനെ? ബസില്‍കയറി സഞ്ചരിക്കാനൊന്നും വയ്യ, കാറില്‍ തന്നെ പോണം. സ്വന്തം വണ്ടിയില്ലേല്‍ നാട്ടുകാരുടെ വണ്ടി കടം മേടിച്ച് ഇന്ധനം നിറച്ചോടും. സംഗതി മൂക്കടപ്പാണെങ്കിലും സ്വകാര്യ ആശുപത്രിയില്‍ തന്നെ ചികില്‍സിക്കണം. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി വരി നിന്ന് കാണിക്കുന്നതൊക്കെ മിനക്കേടാണ്. ഇടയ്ക്ക് ഔട്ടിങ്ങിനു പോണം, വീട്ടില്‍ തന്നെയിരിക്കുന്നത് അറുബോറാണ്. നാട്ടിന്‍പുറത്തെ പലചരക്ക് കടയില്‍ സാധനങ്ങള്‍ക്കൊക്കെ വിലക്കുറവാണ്. പക്ഷേ അരിവ്യഞ്ജനങ്ങള്‍ ഉള്ളിടത്ത് പച്ചക്കറി ഉണ്ടാകില്ല. അതിനു വേറെ കടയില്‍ പോണം. ഫ്രൂട്‌സും നട്‌സും വാങ്ങിക്കാന്‍ കട പിന്നെയും തിരയണം. അതുകൊണ്ട് എല്ലാം ഒരുമിച്ചുകിട്ടുന്ന സൂപര്‍ മാർകറ്റിലേ കയറാറുള്ളൂ. എല്ലാത്തിനും ഇച്ചിരി വിലകൂടും. സാധനങ്ങളിടാന്‍ സഞ്ചിക്ക് പണം വേറെ കൊടുക്കണം. എന്നാലെന്താണ്? എല്ലാം ഒരിടത്തുനിന്നു കിട്ടുകയല്ലേ. മാസത്തില്‍ ഒരു ജോഡി ചെരുപ്പ് എന്നതാണ് കണക്ക്. വസ്ത്രം ഇടയ്ക്കിടെ പുതിയത് വാങ്ങിക്കണം. കല്യാണം, ഗൃഹപ്രവേശം, സൽകാരങ്ങള്‍- ഓരോന്നിനും വേറെവേറെ ഡ്രസ് വേണം, അതിനു ടൗണിലെ എല്ലാ വസ്ത്രശാലകളും കയറിയിറങ്ങണം. ഏറ്റവും വില കൂടിയത് തിരഞ്ഞെടുക്കണം.
പ്രവാസികളേ, ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ് ജീവിക്കുന്നത്. നിങ്ങള്‍ അവിടെ സ്വദേശികളെ കണ്ട് കൊതിക്കുന്ന ജീവിതം ഞങ്ങളിവിടെ ജീവിച്ചുതന്നെ ആഘോഷിക്കുന്നുണ്ട്. അങ്ങനെ ജീവിക്കാന്‍ ഞങ്ങളെ പ്രാപ്തമാക്കിയത് നിങ്ങളൊഴുക്കിയ വിയര്‍പ്പാണ്, നിങ്ങളയച്ച പണമാണ്. അത് ശരിയാണ്.അതുകൊണ്ട് നിങ്ങളുടെ പണത്തിലേക്ക് ഞങ്ങളിപ്പോഴും ആവശ്യക്കാരാണ്. നിങ്ങളുടെ മുഷിഞ്ഞ ഉടുപ്പിലേക്കല്ല, നിറഞ്ഞ കീശയിലേക്കാണ് ഞങ്ങള്‍ നോക്കുന്നത്.
ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിങ്ങളെ തള്ളിപ്പറയാം. കോവിഡ് കാലത്തൊരിക്കല്‍ ഞങ്ങള്‍ അങ്ങനെ ചെയ്തതാണ്. നിങ്ങളുടെതന്നെ പണം കൊണ്ട് കെട്ടിപ്പൊക്കിയ വീടിന്റെ മുന്നില്‍ നിങ്ങള്‍ ടാക്‌സിയില്‍ വന്നിറങ്ങിയ നേരം ഞങ്ങള്‍ വാതിലടച്ച് അകത്തിരുന്നത് വിദൂര ഓര്‍മയല്ല. എന്നാലും നിങ്ങള്‍ക്ക് ഞങ്ങളെ തള്ളിപ്പറയുക സാധ്യമല്ല. കാരണം നിങ്ങള്‍ക്ക് തിരിച്ചുവരാന്‍ വേറൊരിടമില്ല. എത്ര ദൂരേക്ക് പോയാലും നിങ്ങള്‍ ഇവിടേക്ക് തന്നെ തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഞങ്ങളുടെ നന്ദികേടിനു നിങ്ങള്‍ പ്രതികാരം ചെയ്യില്ലെന്നുമറിയാം.പ്രതികാരത്തിന്റെ നാമ്പ് മനസില്‍ മുളപൊട്ടുന്ന നേരത്ത് നിങ്ങള്‍ പ്രവാസജീവിതം മതിയാക്കും. കാരണം, അകത്തും പുറത്തും ചൂട് സഹിച്ച് ഒരാള്‍ക്കും മറുനാട്ടില്‍ കഴിയാനാകില്ല. അതുകൊണ്ട് നിങ്ങള്‍ പുറത്തെ ചൂടിനെ പുല്‍കും. അകം എപ്പോഴും ശാന്തമായിരിക്കാന്‍ ശ്രമിക്കും.
ഒഴിഞ്ഞ കീശയുമായി കേറിവരുന്ന പ്രവാസിയോട് ഒരനുകമ്പയും ഞങ്ങള്‍ നാട്ടുമലയാളികളില്‍ നിന്ന് പ്രതീക്ഷിക്കരുത്. ഉണങ്ങിയ മരത്തിന് തണല്‍ നൽകാന്‍ കഴിയില്ലെന്ന് ചെറുപ്രായക്കാര്‍ക്ക് പോലുമറിയാം. നിങ്ങള്‍ പട്ടിണിയിലാണ് എന്നറിഞ്ഞാല്‍ പോലും സഹായവുമായി ആളുകള്‍ എത്തിയെന്നു വരില്ല. “ഗള്‍ഫുകാരന്‍’ എന്ന മേല്‍വിലാസം എത്ര വലിയ ഭാഗ്യദോഷമാണ് എന്ന് നിങ്ങളപ്പോള്‍ നടുക്കത്തോടെ തിരിച്ചറിയും.
നിങ്ങള്‍ സൗഭാഗ്യങ്ങളുടെ സഹയാത്രികനായിരുന്ന കാലത്ത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വാരിക്കോരി കൊടുത്തിട്ടുണ്ടാകാം. കല്യാണത്തിന്, ഗൃഹപ്രവേശത്തിന്, ബന്ധുവിന് കച്ചവടം തുടങ്ങാന്‍, കുടുംബത്തിലെ പ്രസവത്തിനും കുഞ്ഞിന് മിന്നുകെട്ടിക്കാനും – ആവശ്യങ്ങള്‍ പലതായി പിരിയുമ്പോഴും നിങ്ങളുടെ കീശയില്‍ നിന്നാണ് പണം ഇറങ്ങിപ്പോയിട്ടുണ്ടാവുക. അതൊന്നും തിരിച്ച് നിങ്ങളെത്തേടി വരില്ല, നിങ്ങള്‍ എത്ര വറുതിയില്‍ ആണെങ്കിലും. തിരിച്ചുകിട്ടും എന്ന ഉറപ്പോടെ നല്‍കിയ പണം പോലും നിങ്ങളുടെ മകളുടെ കല്യാണത്തിനോ വീട് കൂടലിനോ തിരിച്ചുകിട്ടില്ല. നിങ്ങളുടെ പണം വാങ്ങിവെച്ചയാള്‍ അന്നേരം ചിന്തിക്കുക “ഗള്‍ഫുകാരന്‍ നിര്‍ബന്ധമായും ചെയ്യേണ്ട സഹായമല്ലേ തനിക്ക് ചെയ്തുതന്നുള്ളൂ’ എന്നാകും. ഗള്‍ഫുകാരന്റെ മേല്‍ മാത്രം നിര്‍ബന്ധമായ അങ്ങനെയൊരു ബാധ്യതയുമില്ല എന്ന് മനസിലാകാത്ത മനുഷ്യര്‍ക്ക്, നാട്ടിലേക്ക് കാലിക്കൈയുമായി വരുന്ന നിങ്ങളെ നോക്കി പുഞ്ചിരിക്കാൻ പോലുമാകില്ല! പറഞ്ഞു പേടിപ്പിക്കുകയല്ല. നാട്ടിലെത്തിയ പ്രവാസി സുഹൃത്തുക്കളിൽ ചിലർ അടക്കംപറഞ്ഞത് പകർത്തിവെച്ചതാണ്.
ഗള്‍ഫുകാരന്‍ ഇന്നിപ്പോള്‍ പിരിശപ്പെട്ട വിലാസമല്ല. പ്രവാസികളോടുള്ള മലയാളികളുടെ പ്രണയം അവസാനിക്കുകയാണ്. രണ്ടായിരാമാണ്ടിന്റെ ആദ്യപതിറ്റാണ്ടില്‍ തന്നെ ഈ വിപ്രതിപത്തി പ്രകടമായിരുന്നു. കോവിഡ് കാലം അതിന്റെ പീക് ടൈം ആയിരുന്നു. ഗള്‍ഫുകാരന്‍ കല്യാണമാർകറ്റിലെ ഏറ്റവും അവസാനത്തെ തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്. ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ കഷ്ടപ്പെടുന്നത് എന്നുവന്നാലും അതിനുള്ള നന്ദിയും കടപ്പാടും തിരിച്ചുകിട്ടുമെന്ന പ്രത്യാശ കൂടെ കൊണ്ടുനടക്കാതിരിക്കുക. വിപണിയുടെ ലോകമാണ്. പണമാണ് പ്രധാനം, ലാഭമാണ് പ്രമാണം. അതില്ലാതാകുമ്പോള്‍ നിങ്ങള്‍ എടുക്കാച്ചരക്കാകും. നിങ്ങളുടെ മൂല്യം നിങ്ങളുടെ സ്നേഹത്തിന്റെ മൂല്യമല്ല, പണത്തിന്റെ മൂല്യമാണ്. പ്രവാസിയായിരിക്കുക എന്നതിനെ പണക്കാരനായിരിക്കുക എന്ന് പരിഭാഷപ്പെടുത്തപ്പെട്ട കാലമാണിത്. ഈ കാലത്ത് പരിഗണനകള്‍ക്കുപരിയായ ജീവിതം പരിശീലിക്കുകയെന്നതിനെക്കാൾ പണിപ്പെട്ടൊരു കാര്യവും പ്രവാസിക്ക് ചെയ്യാനില്ല ■

Share this article

Leave a Reply

Your email address will not be published. Required fields are marked *