എണ്ണതേച്ച ഇടവഴികളിലൂടെ

Reading Time: 5 minutes

യൂറോപിന്റെ വടക്ക് പടിഞ്ഞാറന്‍ അറ്റത്ത് ബെല്‍ജിയം, ജര്‍മനി എന്നീ രാജ്യങ്ങളോട് അതിര്‍ത്തി പങ്കിടുന്ന നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ സ്‌കിപ്പോള്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ സമയം ഏകദേശം ഉച്ച തിരിഞ്ഞു മൂന്ന് മണി. പുറത്ത് നല്ല വെളിച്ചം ഉണ്ടെങ്കിലും ബസില്‍ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് കയറുന്ന ആ ചെറിയ നടത്തം തന്നെ സൂര്യന്‍, കണ്ണടച്ചാല്‍ കയറിവരാനിരിക്കുന്ന തുളക്കുന്ന തണുപ്പിനുള്ള ആമുഖം അവതരിപ്പിച്ചു. കൈയില്‍ കരുതിയ മുഴുവന്‍ വസ്ത്രങ്ങളും വാരിവലിച്ചിട്ടു അഞ്ചു മണിക്ക് സ്‌കിപ്പോള്‍ എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് ഹോട്ടല്‍ സംവിധാനിച്ച ഷട്ടില്‍ വാഹനത്തില്‍ യാത്ര തിരിച്ചു. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ നേരെ താഴെ ആണ് ഈ റെയില്‍വേ സ്റ്റേഷന്‍. ഇത് എയര്‍പോര്‍ട്ടിനെ ആംസ്റ്റര്‍ഡാമടക്കമുള്ള മറ്റു നഗരങ്ങളിലേക്കും ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കും ബന്ധിപ്പിക്കുന്നു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വാന്‍ യാത്രയില്‍ പുറത്തെ യൂറോപ്യന്‍ നഗര രൂപകല്പനകള്‍ അദ്ഭുതത്തോടെ നോക്കിയിരുന്നു. യൂറോപിലെ രാജ്യങ്ങളില്‍ ആദ്യത്തെയോ രണ്ടാമത്തെയോ യാത്ര ആയതിനാല്‍ കാഴ്ചകളോരോന്നും പുതുമയും ആകാംക്ഷയും നിറഞ്ഞത് തന്നെയായിരുന്നു. അത്യാവശ്യം പച്ചപ്പുള്ള പ്രദേശങ്ങള്‍ തന്നെയായിരുന്നു റോഡിനിരുവശവും. വൃത്തിയില്‍ പരിപാലിച്ചുപോരുന്ന റോഡുകള്‍, പഴക്കം തോന്നിക്കുന്നതെങ്കിലും വൃത്തിയായി നിരന്നുനില്‍ക്കുന്ന വീടുകള്‍ ഒക്കെ കണ്ണ് വായിച്ചെടുത്തു. യാത്രക്കിടയില്‍ ഒരു ബില്‍ഡിങ്ങിന് മുകളിലെ വലിയ പരസ്യ ബോര്‍ഡില്‍ ഖുബ്ബയുടെ ഔട്ട്‌ലൈനില്‍ “ബെര്‍കാത്ത് റമദാന്‍’ എന്ന് എഴുതിയത് കണ്ടതോര്‍ക്കുന്നു. മുസ്‌ലിംകള്‍ നെതര്‍ലന്‍ഡ് ജനതയുടെ അഞ്ചു ശതമാനം മാത്രമാണെങ്കിലും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിശ്വാസി സമൂഹമാണ്. കാരണം നേരത്തെ ഹോളണ്ട് എന്നറിയപ്പെട്ടിരുന്ന നെതര്‍ലാന്‍ഡിലെ പകുതിയിലധികം ജനത ഒരു പ്രത്യേക മതത്തിലും വിശ്വസിക്കാത്തവരാണ്.
സ്‌കിപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ കവാടത്തിനു പുറത്തെ “ഐ ലവ് ആംസ്റ്റര്‍ഡാം’ എന്ന കൂറ്റന്‍ നിര്‍മിതിക്ക് മുന്നില്‍ ഒന്നു രണ്ട് പെണ്‍കുട്ടികള്‍ ഫോട്ടോയെടുക്കുന്നു. അവിടവിടെയായി വച്ചിരിക്കുന്ന സിഗരറ്റ് വീപ്പയുടെ അരികില്‍ നിന്ന് ചിലര്‍ പുക വിട്ട് തണുപ്പ് ആസ്വദിക്കുന്നു. ഞാന്‍ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ പോയി ടിക്കറ്റ് എടുക്കേണ്ടത് എങ്ങനെ എന്ന് തിരക്കി. അയാള്‍ “ഇവനിതെവിടുന്ന് വരുന്നു’ എന്ന മുഖഭാവത്തോടെ തൊട്ടപ്പുറത്തേക്ക് ചൂണ്ടിക്കാണിച്ചു. ഒരു കേന്ദ്രത്തില്‍ നിന്ന് നാല് ഭാഗത്തേക്കും നീല കിരീടം വെച്ച നാല് കടും മഞ്ഞ കിയോസ്‌ക്കുകളും അതിന്റെ മുന്നില്‍ നാലുഭാഗത്തേക്കായി ആള്‍ക്കാര്‍ ക്യൂ നില്‍ക്കുകയും ചെയ്യുന്നു. അത് കടന്നുവന്നിട്ടാണ് ഈ കൗണ്ടറില്‍ സഹായം ചോദിച്ചത് എന്നോര്‍ത്ത് ഞാന്‍ ലജ്ജിച്ചു. ഒരുപക്ഷേ നോമ്പ് മൂര്‍ധന്യതയിലെത്തിയതാവാം. ഞാനും സെല്‍ഫ് സേവന പെട്ടികളില്‍ ഒന്നിന് മുന്നിലെ ക്യൂവില്‍ നിന്നു. ഓരോ നാട്ടിലെയും ടിക്കറ്റിങ് സംവിധാനം വ്യത്യസ്തമാണല്ലോ. അതുകൊണ്ട് പുതിയ സ്ഥലത്ത് ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുംനേരം തൊട്ട് മുന്നിലുള്ളവര്‍ ടിക്കറ്റ് ഇഷ്യൂ ചെയ്യുമ്പോള്‍ നിരീക്ഷിക്കുന്നത് മനുഷ്യസഹജമായ ശീലമാണ്. ചില സ്ഥലങ്ങളില്‍ കാര്‍ഡ് വേണം, മറ്റു ചില രാജ്യങ്ങളില്‍ സിംഗിള്‍ ട്രിപ്പ് ടിക്കറ്റുകള്‍ ലഭിക്കും, ചില ഇടങ്ങളില്‍ വണ്‍ ഡേ പാസ് ആണ്. ഉദാഹരണത്തിന് ദുബൈ മെട്രോയില്‍ സിംഗിള്‍ ട്രിപ്പ് ടിക്കറ്റ് എടുക്കാം. എന്നാല്‍ ഖത്തറിലെ മെട്രോയില്‍ നിലവില്‍ ഏതെങ്കിലും ഒരു മെട്രോ കാര്‍ഡ് എടുക്കല്‍ നിര്‍ബന്ധമാണ്. സ്‌കിപ്പോളില്‍ സിംഗിള്‍ ട്രിപ്പ് ടിക്കറ്റ് ഉണ്ട്, റിട്ടേണ്‍ ട്രിപ്പ് ടിക്കറ്റും ഉണ്ട്. ചിലര്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതും കാണാം. ഞാന്‍ ഏതായാലും ആംസ്റ്റര്‍ഡാം സെന്‍ട്രലിലേക്കുള്ള ഒരു റിട്ടേണ്‍ ട്രിപ്പ് ടിക്കറ്റ് ഇഷ്യൂ ചെയ്തു. രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് റിട്ടേണ്‍ ചെയ്യണം എന്നതാണ് നിബന്ധന. നോട്ടുകളും, നാണയങ്ങളും ഇടാനുള്ള സൗകര്യങ്ങള്‍ എടിഎം പോലെയുള്ള പെട്ടിയില്‍ ഉണ്ടെങ്കിലും കൈയിലുണ്ടായിരുന്ന വിസ കാര്‍ഡ് ഉപയോഗിച്ച് ഞാന്‍ പൈസ അടച്ചു. ആര്‍ എഫ് ഐ ഡി ഉള്ള കട്ടി കുറഞ്ഞ ഒരു കാര്‍ഡ് ടിക്കറ്റായി ലഭിച്ചു. അഞ്ചോ ആറോ യൂറോ ആണ് ചാര്‍ജ്. അതായത് പതിനെട്ടോ ഇരുപതോ റിയാല്‍ വരും. ഖത്തര്‍ മെട്രോയില്‍ ഈ ദൂരം സഞ്ചരിക്കാന്‍ രണ്ട് റിയാല്‍ മാത്രമേ ചെലവ് വരുമായിരുന്നുള്ളൂ. ഇതൊക്കെയായിരുന്നു ട്രെയിന്‍ ബോഗിക്കകത്ത് ഞാന്‍ കണക്ക് കൂട്ടിക്കൊണ്ടിരുന്നത്. ഇരുപത് മിനിറ്റ് വേണ്ടി വന്നില്ല, നൂറ്റിമുപ്പത്തിരണ്ട് വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ആംസ്റ്റർഡാം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്താന്‍. ഗോതിക് വാസ്തു ശൈലിയില്‍ നിര്‍മിച്ച കൂറ്റന്‍ സ്റ്റേഷന്‍ സമുച്ചയം മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അതിന്റെ മുന്നിലെത്തി അത് ആസ്വദിക്കാന്‍ വേണ്ടി ഇലവേറ്റര്‍ കയറാന്‍ കുതിക്കുന്നതിനിടയില്‍ ജാക്കറ്റും ജീന്‍സും ധരിച്ച സ്വദേശി എന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്‌കന്‍ മോഹാലസ്യപ്പെട്ട് വീഴുന്നത് കാണാന്‍ ഇടയായി. സഹജമായ വികാരത്തില്‍ അയാളുടെ അടുത്തേക്ക് ഓടാന്‍ മനസ് വെമ്പുന്നുണ്ടായിരുന്നു. പക്ഷേ “പുതിയ നാട്ടിലെ ആദ്യ ദിനം’ എന്ന് യുക്തി ഓര്‍മിപ്പിച്ചു. ഇതിനിടയില്‍ തദ്ദേശീയരെന്ന് തോന്നിക്കുന്ന നാല് പേര്‍ ഓടി വന്നു രംഗം കൈകാര്യം ചെയ്യാന്‍ തുടങ്ങി. അതോടെ ഞാന്‍ മുന്നോട്ടുതന്നെ നടന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പത്ത് ഡിഗ്രി ആയിരുന്നു ഊഷ്മാവ്. ട്രാമുകളും സൈക്കിളുകളും മോട്ടോര്‍ വാഹനങ്ങളും ചങ്ങാത്തത്തോടെ ഒഴുകി നടക്കുന്ന വഴികളിലൂടെ നടന്ന് ആംസ്റ്റര്‍ഡാം നഗരം ചുറ്റിക്കണ്ടു. പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിക്കപ്പെട്ട പ്രധാനപ്പെട്ട മൂന്ന് കനാലുകളായ ഹെരെന്‍ഗ്രാഹ്ത്, പ്രിന്‍സെന്‍ഗ്രാഹ്ത്, കെയ്‌സര്‍സ്ഗ്രാഹ്ത് അടക്കം അനേകം കനാലുകളാല്‍ നഗരം ചുറ്റപ്പെട്ടു കിടക്കുന്നു. നൂറ് കിലോമീറ്ററിലധികം നീളത്തില്‍ നീണ്ടും വളഞ്ഞും കിടക്കുന്ന കനാലുകളുടെ ഇരുവശങ്ങളിലുമായി ഗോതിക് പ്രൗഢി വിളിച്ചോതുന്ന ആയിരത്തിഞ്ഞൂറിലധികം കെട്ടിടങ്ങള്‍ നിരന്നങ്ങനെ നില്‍ക്കുന്നു. ആംസ്റ്റര്‍ഡാമിലെ ഏറ്റവും ഉയരം കൂടിയ ചര്‍ച്ച് ആയ വെസ്റ്റര്‍കെര്‍ക്ക് അക്കൂട്ടത്തിലൊരു പ്രധാന നിര്‍മിതി ആണ്. കനാലുകളിലൂടെ സ്വദേശികളും വിദേശികളും ആവശ്യത്തിനും ഉല്ലാസത്തിനും ഒക്കെ യാത്ര ചെയ്യുന്നത് കാണാം. “വടക്കിന്റെ വെനീസ്’ എന്ന വിളിപ്പേരിനെ അന്വര്‍ഥമാക്കുന്ന കാഴ്ച തന്നെയാണ് കനാലിലെ ബോട്ടുകളും ചുറ്റുമുള്ള കെട്ടിടങ്ങളും. കനാലില്‍ ഹൗസ് ബോട്ടുകള്‍ ഉണ്ടെങ്കിലും നമ്മുടെ കായലുകളിലെ ബോട്ടുകളുടെ ചാരുത അതിനു തോന്നിയില്ല. കൂടുതലും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീട് പോലെയാണ് തോന്നുന്നത്, ബോട്ട് പോലെയല്ല. അങ്ങനെയുള്ളതും ഇല്ലെന്നല്ല.
കനാലുകളുടെ കുറുകെ കടക്കാന്‍ അങ്ങിങ്ങായി ആയിരത്തിഅഞ്ഞൂറിലധികം പാലങ്ങള്‍ കനാലുകളുടെ തിരശ്ചീന കാഴ്ചയുടെ മാറ്റ് കൂട്ടുന്നു.
ആംസ്റ്റര്‍ഡാമില്‍ പ്രധാനപ്പെട്ട ഒരു തെരുവാണ് “ഡാം സ്‌ക്വയര്‍’. വലിയ രണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള ഈ ചത്വരത്തിന്റെ നാലുവശങ്ങളിലും പ്രധാനപ്പെട്ട അനവധി കെട്ടിടങ്ങള്‍ ഉണ്ട്. ഒരു ഭാഗത്ത് പ്രൗഢമായ “റോയല്‍ പാലസ്’. മറ്റൊരു ഭാഗത്ത് പ്രമുഖരായ ചരിത്രപുരുഷന്മാരുടെയും താരങ്ങളുടെയും മെഴുക് കൊണ്ട് നിര്‍മിച്ച പ്രതിമകളുള്ള പ്രശസ്തമായ “മാഡം ടുസോ വാക്‌സ് മ്യൂസിയം’. ലണ്ടനില്‍ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇന്ന് മെഴുക് മ്യൂസിയങ്ങള്‍ ഉള്ള ഒരു പ്രസ്ഥാനമാണ് മാഡം ടുസോ (tussauds). ഇന്ത്യയിലെ ഒരുപാട് വ്യക്തികളുടെ ജീവകായ പ്രതിമകള്‍ ഈ മ്യൂസിയങ്ങളില്‍ ലോകത്തെ മറ്റു പ്രമുഖരോടൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷേ ആംസ്റ്റര്‍ഡാമിലെ മ്യൂസിയത്തില്‍ ഇന്ത്യയില്‍ നിന്ന് ഗാന്ധിജി മാത്രമേ ഉള്ളൂ. ഡാം സ്‌ക്വയറിന്റെ മറ്റൊരു ഭാഗത്ത് പതിനഞ്ചാം നൂറ്റാണ്ടില്‍ പണിത ന്യൂ ചര്‍ച്ചും കുറച്ച് മാറി രണ്ടാം ലോകമഹായുദ്ധകാലത്തെ ഇരകളുടെ സ്മരണക്കായ് ആയിരത്തിതൊള്ളായിരത്തി അമ്പത്തിനാലില്‍ ഉയര്‍ത്തിയ സ്മാരകവും കാണാം. ഈ ചത്വരത്തിന്റെ നടുവില്‍ നിന്ന് ചുറ്റും കണ്ണോടിക്കുകയും കാഴ്ചകള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ് ഷോര്‍ട്‌സും ടീഷര്‍ട്ടും ഇട്ട ഒരു ചെറുപ്പക്കാരന്‍ ഒത്ത നടുക്കായി വന്ന് തന്റെ കൈയിലെ ബാഗ് നിലത്തുവെച്ച് കൈകൊട്ടി എല്ലാവരെയും അടുത്തേക്ക് വിളിച്ചത്. ആദ്യം എല്ലാവരും ഒന്ന് മടിച്ചുനിന്നെങ്കിലും മെല്ലെ മെല്ലെ ആളുകള്‍ അടുത്തുകൂടി. തെരുവ് സര്‍ക്കസ് പോലെ എന്തോ കാണിക്കാനുള്ള മുന്നൊരുക്കമാണെന്ന് തോന്നുന്നു. ആളുകള്‍ ഒരു വലിയ വട്ടമായി നിന്നു. ആ വട്ടത്തിന്റെ ഒത്ത നടുക്കാണ് ഇരുപത് വയസ് തോന്നിക്കുന്ന ആ യുവാവ് നില്‍ക്കുന്നത്. കുറച്ചു മാറി അയാളുടെ പിന്നിലായി ബാഗും ബാഗില്‍ നിന്ന് പുറത്തെടുത്ത ഒരു ചെറിയ സ്പീക്കര്‍, ഒരു കുപ്പി വെള്ളം, മൊബൈല്‍ ഫോണ്‍, മറ്റു ഒന്ന് രണ്ടു കുപ്പികളും സാധനങ്ങളും ഒക്കെ നിരത്തി വെച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സ്പീക്കറില്‍ കണക്ട് ചെയ്ത് ഒരു പാട്ട് അദ്ദേഹം പ്‌ളേ ചെയ്തു. എന്നിട്ട് മധ്യത്തില്‍ വന്ന് നിന്ന് കുറേ അഭ്യാസങ്ങള്‍ക്ക് ശേഷം ഒന്ന് മലക്കം മറിഞ്ഞു. ആളുകളില്‍ ചിലര്‍ സ്വഭാവികമായി “വൗ’ എന്ന് അദ്ഭുതപ്പെട്ടു. ചിലര്‍ കൈയടിച്ചു. പക്ഷേ അയാള്‍ക്കത് പോരായിരുന്നു. പ്രോത്സാഹിപ്പിക്കൂ എന്ന് അദ്ദേഹം ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അങ്ങനെ വീണ്ടും അയാള്‍ കുറേ െഎറ്റങ്ങൾ കാണിച്ചു ഒന്ന് കൂടി മലക്കം മറിഞ്ഞു. ഇപ്രാവശ്യം ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു, കൈയടികളും. ഞാനും ഒന്നാഞ്ഞു ആര്‍പ്പ് വിളിച്ചു. ഇതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരു പയ്യന്‍ ആള്‍ക്കാര്‍ വട്ടം നിന്ന് രൂപപ്പെട്ട ആ വൃത്തത്തിനുള്ളിലേക്ക് നടന്നു നീങ്ങി അഭ്യാസിയുടെ ബാഗിനടുത്ത് വെച്ച എന്തോ ഒരു സാധനം കുനിഞ്ഞെടുത്തു. ഞാന്‍ കരുതിയത് അതും ഷോയുടെ ഭാഗം ആണെന്നാണ്. പക്ഷേ പയ്യന്‍ അതെടുത്ത് ജാക്കറ്റിന്റെ പോക്കറ്റില്‍ ഇട്ട് ആള്‍ക്കാരുടെ ഇടയിലൂടെ നടന്ന് ഡാം സ്‌ക്വയറും കടന്നു നടന്നുപോയി. കുറച്ചപ്പുറം എത്തിയപ്പോഴാണ് എന്നെപ്പോലെ പലരും അത് ഒരു “പകല്‍ തട്ടിപ്പറി’ ആണെന്ന് മനസിലാക്കിയത്. അതിനുശേഷമാണു ആള്‍ക്കാരില്‍ ചിലരെങ്കിലും ശബ്ദമുയര്‍ത്തിയത്. അപ്പോഴേക്കും വളരെ വൈകിയിരുന്നു. കറുത്ത ശീത ജാക്കറ്റ് ധരിച്ച ആ പയ്യന്‍ ആള്‍ക്കൂട്ടത്തില്‍ മാഞ്ഞില്ലാതായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച, കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞ ആംസ്റ്റര്‍ഡാമിലെ ആ കാഴ്്ചയ്ക്കു ശേഷം ഞാന്‍ മൊബൈല്‍ ഫോണ്‍ ഒക്കെ ശ്രദ്ധിച്ചു നടക്കാന്‍ തുടങ്ങി. പക്ഷേ ആംസ്റ്റര്‍ഡാം വളരെ സേഫ് ആണ്, അതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നാണ് അനുഭവസ്ഥരില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. ഡാം സ്‌ക്വയറിലും അല്ലാതെയും അനേകമനേകം സൈക്കിളുകള്‍ തലങ്ങും വിലങ്ങും ഓടുന്നതുകാണാം എന്നതാണ് ആംസ്റ്റര്‍ഡാമിന്റെ മറ്റൊരു പ്രത്യേകത. വെറുതെ നേരമ്പോക്കിനല്ല, സ്‌കൂള്‍, ഓഫീസ്, മറ്റു ആവശ്യങ്ങള്‍ക്കുമൊക്കെ ജനങ്ങള്‍ ആശ്രയിക്കുന്നത് സൈക്കിളുകള്‍ ആണ്. ഔദ്യോഗിക കണക്കനുസരിച്ചു ആംസ്റ്റര്‍ഡാം സിറ്റിയിലെ ജനസംഖ്യയെക്കാള്‍ കൂടുതലാണ് അവിടുത്തെ സൈക്കിളുകളുടെ എണ്ണം. ആംസ്റ്റര്‍ഡാമില്‍ ഒരു ട്രാമോ കാറോ നിങ്ങളെ ഇടിക്കുന്നതിനെക്കാള്‍ സാധ്യത ഒരു സൈക്കിള്‍ ഇടിക്കുകയോ ബെല്‍ കേട്ട് ഞെട്ടുകയോ ചെയ്യാനാണ്. നോമ്പ് മുറിക്കാനും നിസ്‌കരിക്കാനും ഒരു പള്ളി കണ്ടെത്തുക എന്നതായിരുന്നു എന്റെ അടുത്ത ലക്ഷ്യം. ഗൂഗിള്‍ മാപ്പില്‍ നിന്ന് അടുത്തുള്ള ഒരു പള്ളിയിലേക്ക് വഴി കണ്ടെത്തി. ഡാം സ്‌ക്വയറില്‍ നിന്നും ഒരു പാട് നടന്ന് മാപ്പില്‍ പള്ളി കാണിച്ച സ്ഥലത്ത് എത്തിയെങ്കിലും പള്ളിയുടെ അടയാളം ഒന്നും കണ്ടില്ല. അവസാനം കുറേ ബില്‍ഡിങ്ങുകളുടെ ഇടയിലുള്ള ഒരു വലിയ കവാടം കണ്ടു. അതില്‍ മസ്ജിദ് എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. അകത്ത് കയറിയപ്പോള്‍ ഗോതിക് മാതൃകയിലുള്ള ഉയരമുള്ള വിശാലമായ ഒറ്റ നില പള്ളി, ഒരു ക്രിസ്ത്യന്‍ പള്ളി പോലുണ്ട്. പള്ളി മുഴുവന്‍ ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട്. മദീനയുടേത് അനുകരിച്ച പോലെയുള്ള പ്രസംഗപീഠം. ഖിബ്‌ലയുടെ ഭാഗത്തുള്ള മതിലില്‍ ഖുലഫാഉറാഷിദുകളുടെ പേരുകള്‍ അടക്കമുള്ള കാലിഗ്രഫി. വുളൂഅ് എടുത്ത് ളുഹറും അസ്വറും ജംഅ് ചെയ്ത് നിസ്‌കരിച്ചു. അപ്പോഴാണ് എന്നെപോലെ തന്നെ പള്ളി തേടി അവിടെയെത്തിയ ഒരു ബംഗ്ലാദേശി യുവാവിനെ കണ്ടു മുട്ടിയത്. ശുഐബ് നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ടെക്‌സ്‌റ്റൈല്‍ എന്‍ജിനീയറിങില്‍ എംടെക്ക് ചെയ്യുകയാണ്. ഫാമിലിക്ക് നാട്ടില്‍ തുണിക്കച്ചവടം ഉണ്ട്. ക്ലാസ് ഇല്ലാത്ത ദിവസങ്ങളില്‍ സൈക്കിളില്‍ ഡെലിവറി ബോയ് ആയി സേവനം ചെയ്തിട്ടാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്. ഒറ്റപ്പെട്ടൊരു ദേശത്ത് അയല്‍വാസിയെ കണ്ടുമുട്ടിയ പ്രതീതി ആയിരുന്നു രണ്ട് പേര്‍ക്കും. ഞങ്ങള്‍ കുറേ സംസാരിച്ചു. പള്ളിയുടെ മുറ്റത്ത് ഒരു ടേബിളില്‍ ഒരു ചെറിയ ബോക്‌സ് ഈത്തപ്പഴം വെച്ചിട്ടുണ്ടായിരുന്നു. സമയം ഒമ്പത് മണി കഴിഞ്ഞു, പക്ഷേ മഗ്‌രിബ് നിസ്‌കാരത്തിനോ നോമ്പ് തുറക്കാനോ ആരും വന്ന് കാത്തിരിക്കുന്നതായി കാണുന്നില്ല. പള്ളിയിൽ ഇഫ്താര്‍ ഇല്ല എന്ന് മനസിലാക്കിയ ഞങ്ങള്‍ തൊട്ടടുത്ത കടയില്‍ നിന്ന് രണ്ട് ജൂസും ഒരു കുപ്പി വെള്ളവും വാങ്ങി. ഒരു പാകിസ്ഥാനിയുടെ കടയായിരുന്നു അത്. നോമ്പ് മുറിക്കാന്‍ ആണെന്നറിഞ്ഞപ്പോള്‍ അയാള്‍ പൈസ വാങ്ങിയില്ല. ശുഐബ് എണ്ണയില്‍ വറുത്ത കുറച്ച് അപ്പം കൈയില്‍ കരുതിയിരുന്നു. പള്ളിയുടെ കവാടത്തിന് പുറത്തെ മാര്‍ബിള്‍ പടവില്‍ ഞങ്ങള്‍ മഗ്‌രിബ് ബാങ്ക് കാത്തിരുന്നു. ഏകദേശം ഒമ്പത് പത്തിന് മൊബൈലില്‍ ബാങ്കിനുള്ള അടയാളം വന്നു. പക്ഷേ മദീനയിലെ മിമ്പറിനെ അനുസ്മരിപ്പിച്ച ആ വിശാലമായ പള്ളിയില്‍ നിന്ന് ഒരു ശബ്ദവും ഉയര്‍ന്നില്ല. ഞങ്ങള്‍ നോമ്പ് മുറിച്ചു പിന്നെയും കുറേയധികം സംസാരിച്ചിരുന്നു. നിസ്‌കാരത്തിനു ശേഷം തൊട്ടടുത്ത തുര്‍ക്കിഷ് റെസ്റ്റോറന്റില്‍ പോയി രണ്ടുപേരും ഭക്ഷണം കഴിച്ചു. പൈസ കൊടുക്കാന്‍ ശുഐബ് സമ്മതിച്ചില്ല. ഞാന്‍ അവന്റെ അതിഥി ആണെന്നായിരുന്നു വാദം. ശേഷം ഞാന്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വരാനുള്ള ട്രാമിന് വേണ്ടി കാത്തു നിന്നു. ട്രാമിനകത്ത് ടിക്കറ്റിങ് സംവിധാനം എങ്ങനെ ആവും എന്നൊരു ആശങ്ക ഉണ്ട്. ട്രാം വന്ന് നിന്നു, ആള്‍ക്കാരുടെ കൈയിലൊക്കെ ഒരു പ്രത്യേക പാസ് കാണുന്നുണ്ട്. ബസിന്റെ മുന്‍ഭാഗത്ത് തുറക്കുന്ന വാതിലിലൂടെ അകത്ത് കടന്ന് ഡ്രൈവറുടെ അടുത്തുള്ള സെന്‍സറില്‍ കാര്‍ഡ് തട്ടിയിട്ടാണ് ആള്‍ക്കാര്‍ സീറ്റിലേക്ക് പോകുന്നത്. അമ്പരപ്പോടെയാണെങ്കിലും ഞാനും കയറി, ഡ്രൈവര്‍ ടാപ്പ് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ കാര്‍ഡ് ഇല്ല എന്ന അര്‍ഥത്തില്‍ എന്റെ ഇന്റര്‍നാഷനല്‍ ബാങ്ക് കാര്‍ഡ് എടുത്തു വീശി. അപ്പോള്‍ അയാള്‍ മറ്റൊരു മെഷീന്‍ എടുത്ത് “വണ്‍ വേ ഒരു റിട്ടേണ്‍’ എന്ന് ചോദിച്ചു. അങ്ങനെ എനിക്ക് അയാള്‍ തന്നെ ഇങ്ങോട്ട് ഒരു കാര്‍ഡ് ഇഷ്യൂ ചെയ്തു തന്നു. ആ മെഷീനില്‍ ടാപ്പ് ചെയ്തപ്പോള്‍ എന്റെ മൊബൈലില്‍ രണ്ടോ മൂന്നോ യൂറോ കട്ട് ആയതിന്റെ മെസ്സേജ് വന്നു. അയാള്‍ തന്ന കാര്‍ഡ് വീണ്ടും മറ്റേ മെഷീനില്‍ തട്ടിയപ്പോള്‍ ഞാനും ഒരു ലീഗല്‍ ട്രാം യാത്രക്കാരനായി. ട്രാം എന്നെയും വഹിച്ച് അനേകം സൈക്കിളുകളുടെ വഴിയും മുടക്കി ആംസ്റ്റര്‍ഡാം സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി ■

Share this article

About അബ്ദുറഹ്‌മാന്‍ എറോല്‍

abdulrahman.erol@gmail.com

View all posts by അബ്ദുറഹ്‌മാന്‍ എറോല്‍ →

Leave a Reply

Your email address will not be published. Required fields are marked *