കാസര്‍കോഡുകാരുടെ സ്വന്തം ഗള്‍ഫ്‌

Reading Time: 2 minutes

1984ൽ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ നിന്നും വേർപെട്ട് കാസര്‍ഗോഡ് ജില്ല രൂപം എടുക്കുന്നതിനു മുന്‍പേ ഗള്‍ഫ് കുടിയേറ്റത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചിരുന്നു. മലേഷ്യ, സിംഗപ്പൂര്‍, സിലോണ്‍, ബ്രൂണോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ അവസാനിച്ചപ്പോള്‍ കാലം തുറന്നുവെച്ച അതിവിശാലമായ വാതായനങ്ങളായിരുന്നു ഗള്‍ഫ് നാടുകള്‍. ഗള്‍ഫ് നാടുകളിലേക്കുള്ള ആദ്യത്തെ കുടിയേറ്റം സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനില്‍ കുടുങ്ങി പോയ മലയാളികളില്‍ നിന്നാണ് തുടങ്ങുന്നത്. ഗുജറാത്തിലെ കച്ചില്‍ നിന്നും പഴയ ബോംബെയില്‍ നിന്നും വ്യാപകമായി ലോഞ്ചുകളില്‍ ആളുകള്‍ കുടിയേറുന്നതിനു മുന്‍പേ പാകിസ്ഥാനില്‍ നിന്നുള്ളവരാണ് ഈ പ്രദേശങ്ങളില്‍ എത്തിപ്പെട്ടത് എന്നതാണ് ഏറെ വിശ്വസനീയനിഗമനം. അതിനുശേഷമാണ് അന്നത്തെ കണ്ണൂര്‍ ജില്ലയിൽപെട്ട കാസര്‍കോട് പ്രദേശത്തുള്ളവര്‍ ഗള്‍ഫ് പ്രയാണത്തിലേക്ക് തിടുക്കപ്പെടുന്നത് എന്നതാണ് സത്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന അനുമാനം.
യു എ ഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ഔദ്യോഗികമായി കുടിയേറിയ ആദ്യത്തെ മലയാളി ജോണ്‍ എന്നു പേരായ ഒരാളാണ് എന്നാണ് ഇതുവരെയുള്ള ചരിത്രം. ADMA എന്ന എണ്ണക്കമ്പനിയുടെ NOC (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) യിലാണ് അദ്ദേഹം അവിടെ എത്തിച്ചേര്‍ന്നത്. എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ദുബൈ പോലീസില്‍ പോലും ഔദ്യോഗിക വേഷമണിയാന്‍ ഒരു കാസര്‍കോടുകാരനു സാധിച്ചു എന്നത് യാഥാർഥ്യമാണ്.
1970-കളുടെ തുടക്കത്തില്‍ തന്നെ ദുബൈ പോലീസില്‍ “മമ്മിച്ച’ എന്ന പോലീസുകാരന്‍ ജോലി നിര്‍വഹിച്ച കാര്യം ഇന്ന് ജീവിച്ചിരിക്കുന്ന പഴയകാല പ്രവാസികള്‍ ഏറെ അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്. (1970കളില്‍ തന്നെ മനോളി അബ്ദുല്‍ ഖാദര്‍ എന്ന മാഹിക്കാരന്‍ ദുബൈ കസ്റ്റംസ് കലക്ടര്‍ ആയിരുന്നു. യുഎഇയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ ശൈഖ് റാഷിദ് ബിന്‍ സായിദ് അല്‍മക്തൂമിന്റെ മജ്‌ലിസും കസ്റ്റംസ് ഓഫീസും ഒരേ കെട്ടിടത്തിലെ ഒന്നാം നിലയിലായിരുന്നു.)
കാസര്‍കോട് പ്രദേശം പരക്കെ അറിയപ്പെട്ടു തുടങ്ങിയത് ഗള്‍ഫ് കുടിയേറ്റത്തോടെയാണ്. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ കാസര്‍കോട്ടുകാര്‍ നടത്തുന്ന കള്ളക്കടത്തിനെക്കുറിച്ച് പരമ്പരകള്‍ തന്നെ പ്രസിദ്ധീകരിച്ചതോടെയാണ് മലയാളികള്‍ക്ക് ആ സ്ഥലം ഏറെ സുപരിചിതമാകുന്നത്. നിത്യേന, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി എന്നോ,കെ എസ് അബ്ദുല്ല എന്നോ അച്ചടിച്ചില്ലെങ്കില്‍ പത്രം ഇറങ്ങാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ പോലും അതില്‍ അതിശയോക്തിയില്ല.
എന്നാല്‍ ഗള്‍ഫില്‍ ജോലി ചെയ്തു വന്ന കാസര്‍കോട്ടും പരിസരത്തുമുള്ളവര്‍ സാധാരണക്കാരിലും സാധാരണക്കാര്‍ ആയിരുന്നു. ആഢ്യത്വമുള്ള പ്രതീകങ്ങളായ അത്തരക്കാര്‍ പൊതുവേ മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യുന്നതില്‍ വലിയ വിമുഖത പ്രകടിപ്പിച്ചിരുന്നു.അതുകൊണ്ട് തന്നെ സ്വന്തമായി സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലും മറ്റുമായിരുന്നു താല്പര്യം. യുഎഇയുടെ ചരിത്രമെടുത്തു നോക്കിയാല്‍ പേരി കച്ചവടക്കാരില്‍ ബഹുഭൂരിപക്ഷവും കാസർകോട്ടുകാര്‍ ആയിരിക്കും. ഏറെക്കുറെ ഗ്രോസറികളും അവരുടെ ഉടമസ്ഥതയിലായിരുന്നു. 1980നു ശേഷം ആണ് ഈ അവസ്ഥക്ക് മാറ്റം ഉണ്ടായത്. കുടിയേറ്റ നിയമങ്ങളും തൊഴില്‍നിയമങ്ങളും പരിഷ്‌കരിക്കപ്പെടുകയും ഏറെ കര്‍ശനമാക്കുകയും ചെയ്തതോടെയാണ് മറ്റു ജോലികളിലേക്ക് അര്‍ധമനസോടെയാണെങ്കിലും കാസര്‍കോട്ടുകാര്‍ പ്രവേശിച്ചുതുടങ്ങിയത്.
പൊതുവേ ഈ പ്രദേശത്തുള്ളവര്‍ക്ക് വല്ലാത്ത ആത്മധൈര്യവും സാഹസിക പ്രവണതയും കൂടുതലാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതിന്റെ ആയിരമിരട്ടി സഹാനുഭൂതിയും സ്‌നേഹവും കാരുണ്യവും അവര്‍ക്കുണ്ട് താനും.
ഇന്നത്തെ അവസ്ഥയില്‍ ഗള്‍ഫ് നാടുകളിലെ വിദേശീയര്‍ക്കു അനുവദിക്കപ്പെട്ട തസ്തികളിലെല്ലാം കാസര്‍കോട്ടുകാരെ യഥേഷ്ടം കാണാവുന്നതാണ്. അതേപോലെ സ്വകാര്യ മേഖലകളിലും അവരുടെ സാന്നിധ്യം അവഗണിക്കാനാവാത്ത വിധം അടയാളപ്പെടുത്തുന്നുണ്ട്. വ്യാപാരരംഗത്തെ നിഷേധിക്കാനാവാത്ത ശക്തിയായി വളരുവാനും അവര്‍ക്ക് സാധിച്ചത് നിരന്തരമായ കഠിനാധ്വാനത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണ ബോധത്തിന്റെയും ഫലമായാണ്.
ആരാധനാലയങ്ങളും അനാഥാലയങ്ങളും പടുത്തുയര്‍ത്തുന്നതില്‍ അവര്‍ കാണിക്കുന്ന ആവേശവും ആത്മാർഥതയും മറ്റുള്ളവര്‍ക്ക് എന്നും പ്രചോദനവുമാണ്.
പ്രവാസലോകത്ത് എവിടെയും കാസര്‍കോട്ടുകാരുടെ നിറസാന്നിധ്യം കാണാവുന്നതാണ്. പുതിയ തലമുറ വിദ്യാഭ്യാസ- സാങ്കേതിക-ആരോഗ്യ മേഖലകളില്‍ അദ്ഭുതങ്ങള്‍ തന്നെ സൃഷ്ടിക്കുന്നുണ്ട്. ഒരുകാലത്ത് അവഗണനയുടെ ചേറിലും ചെളിയിലും താഴ്്ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വീരഗാഥ കൂടിയാണത്. കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ല ഭാവിയില്‍ നവോത്ഥാനത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുക തന്നെ ചെയ്യും. അതിനുള്ള ആത്മവിശ്വാസവും മനോവീര്യവും അവര്‍ക്കുണ്ട് താനും ■

Share this article

About ജലീല്‍ രാമന്തളി

View all posts by ജലീല്‍ രാമന്തളി →

Leave a Reply

Your email address will not be published. Required fields are marked *