ഒന്ന് പഠിച്ചിറ്, നിന്‍ക്കന്നെ അയ്‌ന്റെ കൊണൊ

Reading Time: 2 minutes

“പഠിച്ചിറ്റ് എന്ത് കൊണം ഭായ്.. പൊര്‍ത്ത് പോയിറ്റ് കൊര്‍ച്ച് പൈസ ഉണ്ടാക്കാന്‍ നോക്ക്! മങ്ങലം കൈക്കണ്ടേ.. പൊര കെട്ടണ്ടേ..’
കല്യാണം കഴിക്കലും വീട് കെട്ടലും വര്‍ഷത്തിലൊരിക്കല്‍ വന്ന് കാറ് എടുത്ത് ചെത്ത് ഡ്രസില്‍ കറങ്ങലും ക്ലബ്ബിനും ടൂര്‍ണമെന്റിനും പിരിവ് കൊടുത്ത് ആളാവലുമാണ് ജീവിതമെന്ന് കരുതുന്ന നല്ലൊരു ശതമാനം കാസര്‍കോടന്‍ ജനതയുടെ ഡയലോഗാണ് മുകളില്‍ കൊടുത്തത്. ഇതു തന്നെയാണ് കാസര്‍കോടിന്റെ ഏറ്റവും വലിയ ദയനീയതയും.
ജീവിതത്തിന്റെ നാലറ്റം കൂട്ടിമുട്ടിക്കാനായ് പണ്ട് ബോംബെയിലേക്കും ബര്‍മയിലേക്കും സിലോണിലേക്കും നാടുവിട്ട തലമുറ വിദ്യാഭ്യാസത്തിന് അത്രയൊന്നും പ്രാധാന്യം കൊടുത്തിരുന്നില്ല. തുടര്‍ന്ന് ഗള്‍ഫ് സജീവമായപ്പോഴും വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് രക്ഷപ്പെടാനുള്ള ഒരിടമായിട്ടാണ് അതിനെ കണ്ടത്. പാസ്‌പോര്‍ട്ടില്‍ തലമാറ്റിയും പേര് മാറ്റിയും കടല്‍ കടന്ന നാലാം ക്ലാസ് പോലും തികയ്ക്കാത്ത ഉപ്പാപ്പമാര്‍ കച്ചോടവും കഷ്ടപ്പാടും ഒളിച്ചു നടത്തവും ഔട്ട്പാസും കൊണ്ട് ഗള്‍ഫ് അനുഭവിച്ച് തീര്‍ക്കുമ്പോള്‍ നാട്ടില്‍ അവരറിയാതെ ഒരു പോഷ് സംസ്‌കാരം വളര്‍ന്നുവരുന്നുണ്ടായിരുന്നു. ഒരു അടിച്ചുപൊളിയന്‍ സംസ്‌കാരം!
കടം വാങ്ങിയിട്ടാണെങ്കില്‍ പോലും തൊട്ടില് കെട്ടലിന് പൊന്നിന്റെ അരഞ്ഞാണവും ലഡുവും പൈസയും, കൂടാതെ നാട്ടുകാരെ മുഴുവന്‍ വിളിച്ച് ഭക്ഷണവും കൊടുക്കണമെന്നും കാണാന്‍ വരുന്നവരൊക്കെ ഉടുപ്പും സ്വര്‍ണവും കൊണ്ടുവന്ന് അഭിമാനം കാക്കണമെന്നുമുള്ള സംസ്‌കാരം!
മാമൂലുകളുടെ കൂട്ടത്തില്‍ ഇന്നും നാല്പതെണ്ണം കൂടിയെന്നല്ലാതെ ഒന്നും കുറഞ്ഞിട്ടില്ല ഇവിടങ്ങളില്‍.
കുടുംബങ്ങളിലെ മാമൂല് സംരക്ഷണത്തിനായി പെട്ടെന്ന് പൈസയുണ്ടാവണം. പണിയെന്താണെന്നോ എത്ര മണിക്കൂറ് പണിയുണ്ടെന്നോ ഒന്നുമറിയേണ്ടതില്ല. അടിച്ചുപൊളിക്കാന്‍ പൈസ വേണം. അത്ര തന്നെ.
ആള്‍ക്കാരെ കാണിക്കാനുള്ള നെഗളിപ്പിനിടയില്‍ സ്തംഭിച്ചുപോയ സംസ്‌കാരമായിരുന്നു ഈ നാടിന് വിദ്യാഭ്യാസം എന്നത്.
“പടച്ചോനേ എന്റെ മോന് പച്ചവെച്ച് കണ്ടിട്ട് വേണം എനിക്കൊന്ന് മരിക്കാന്‍.’ ഇമോഷനല്‍ ബ്ലാക്ക്‌മെയിലിങിന്റെ ഉമ്മാമന്‍ ഡയലോഗാണിത്. അതില്‍ പച്ചപിടിക്കുക എന്നതിനർഥം ഗള്‍ഫില്‍ പോയി പണം സമ്പാദിക്കുക എന്നതാണ്.
എങ്ങനെയെങ്കിലും പെട്ടെന്ന് പൈസയുണ്ടാക്കി ചെത്തിനടക്കുക എന്നതില്‍ നിന്നും മാറി നല്ല വിദ്യാഭ്യാസം നേടി അഭിമാനത്തോടെ ജീവിക്കുക എന്നത് കുറച്ചുപേരുടെ മാത്രം ആവശ്യമാണെന്നും നമുക്കൊന്നും പറ്റാത്തതാണെന്നുമുളള മൂഢമായ തോന്നലുകള്‍ ഇപ്പോഴത്തെ തലമുറയിലുമുണ്ട് എന്നത് ഖേദകരമാണ്.
ബൈക്കും ഫെയിസ് ക്രീമും ഇന്‍സ്റ്റ ഫോളോവേഴ്‌സും ഉണ്ടെങ്കില്‍ ഞാനെന്തോ ഭയങ്കര സംഭവമാണെന്ന തോന്നല്‍ പത്താംക്ലാസ് കഴിയലോടു കൂടി ഉടലെടുക്കുന്നു. കഷ്ടിച്ച് എങ്ങനെയെങ്കിലും പ്ലസ്ടുവിന് പോകുന്നു.ഏതെങ്കിലും വിഷയം പൊട്ടിയാലോ എല്ലാറ്റിലും പാസായാലോ തന്നെയും തുടര്‍ന്ന് പഠിക്കുക എന്നത് ബാലികേറാമലയായിട്ടാണ് കൂടുതല്‍ വിദ്യാര്‍ഥികളും കാണുന്നത്.
ഒരു ടീം, പാസ്‌പോർട്ട് കിട്ടുന്നത് വരെ ക്ലബ്ബും ഫ്ലഡ്‌ലൈറ്റ് ടൂര്‍ണമെന്റും ട്രിപ്പും വൈബുമായി അവരുടെ പാട്ടിന് പോകും. മറ്റൊരു ടീം, ടൗണിലെ ഏതെങ്കിലും ഷോപ്പിലോ എറണാകുളം, കോഴിക്കോട്, ബോംബെ തുടങ്ങിയ ഇടങ്ങളിലോ പോയി ജോലിക്ക് നില്‍ക്കും. പിന്നൊരു ടീമുണ്ട്, പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ല. മംഗലാപുരത്തേക്ക് വണ്ടികയറും. വന്‍തുക കൊടുത്ത് ഏതെങ്കിലും കോളേജില്‍ സീറ്റൊപ്പിക്കും. അടിയും പിടിയും മയക്കുമരുന്നും കഞ്ചാവും സൈഡ് ബിസിനസുമൊക്കെയായി അവിടെ പോയതിന്റെ ലക്ഷ്യം ചങ്ങാതി മറന്നിട്ടുണ്ടാകും.
ഈ മൂന്ന് ടൈപ്പ് മന്‍ഷന്മരോടും എന്താണ് ഗോള്‍ എന്നൊന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചൊന്നുമില്ല, ഗള്‍ഫില്‍പോകണം എന്നാണ് മറുപടി.
ഗള്‍ഫില്‍ പോയാലോ.
ഏതെങ്കിലും കഫ്റ്റീരയയിലോ സൂപര്‍മാർകറ്റിലോ ഡ്രസ് ഷോപ്പിലോ ജോലിക്ക് കയറി ജീവിതത്തെ സ്വയം പഴിച്ച് സങ്കടക്കടലില്‍ ജീവിക്കും. അപ്പോഴാണ് ആ പഴയ ഡയലോഗ് മാറ്റിപ്പിടിക്കുന്നത്.
“യാ മോനേ എങ്ങനെയെങ്കിലും ഒന്ന് പഠിച്ചിറ്. ഞാനേ പെട്ട്. എന്നെപ്പോലെയാര്‍ണ്ട.. ഞമ്മൊ ഈടെ പിരാന്തായിട്ടുള്ളത്. കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ ബെലയറിയൂ..’
വിദ്യാഭ്യാസം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്. അത് പരമാവധി നേടിയെടുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഒരുപാട് സാധ്യതകള്‍ ഇന്നുണ്ട്. കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത് കാസര്‍കോടാണ്. അത് കൂടാതെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും നല്ല സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കുന്ന ഒരുപാട് കൂട്ടുകാരുണ്ട്. ജീവിതത്തിന്റെ സാഹചര്യങ്ങള്‍ കൊണ്ട് പഠിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് വിദേശത്ത് തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരങ്ങളുണ്ട്.
വിദ്യാഭ്യാസം നേടാന്‍ സാഹചര്യം അനുകൂലമാവുക എന്നൊന്നില്ല. അനുകൂലമാക്കുക എന്നതാണ് വഴി.
കാലത്തിനോടൊപ്പം നാം അപ്‌ഡേറ്റഡ് ആയില്ലെങ്കില്‍ വൈകാതെ നാം ഔട്‌ഡേറ്റഡ് ആയിപ്പോകും എന്നതാണ് വാസ്തവം ■

Share this article

About ഇര്‍ഫാദ് മായിപ്പാടി

irfadme010@gmail.com

View all posts by ഇര്‍ഫാദ് മായിപ്പാടി →

Leave a Reply

Your email address will not be published. Required fields are marked *