ഈ നാടിനിപ്പോള്‍ സ്വപ്‌നങ്ങളുണ്ട്‌

Reading Time: 2 minutes

കാസര്‍കോട് എന്നും ഹോളിഡേ ഡെസ്റ്റിനേഷനായിരുന്നു. പുറത്ത് അധ്വാനിച്ചത് നന്നായി ചെലവാക്കാന്‍ പറ്റിയൊരു സ്ഥലം. അറിയാത്ത നാട്ടില്‍പോയി ജീവിതം പടുത്തുയര്‍ത്താനുള്ള നെഞ്ചുറപ്പും ഈ നാട്ടുകാര്‍ക്ക് കൂടുതലായിരുന്നുവെന്ന് അനുമാനിക്കാം. ഞാനറിഞ്ഞതില്‍ ആദ്യത്തെ മരുപ്പച്ച സിലോണ്‍ എന്ന ശ്രീലങ്കയായിരുന്നു. തേയിലക്കാടുകളില്‍ ജോലിക്കായി പോയി തിരിച്ചുവന്നവരും വരാത്തവരുമായി പലരും പൂര്‍വികരില്‍ കാണാം. ശേഷം ബർമയിലായി കുടിയേറ്റം. അതിനുശേഷം മലായി എന്ന ഇന്നത്തെ ഇന്തോനേഷ്യയും സിംഗപ്പൂരും. മലായിക്കാര്‍ ഇന്നും വലിയൊരു വിഭാഗമാണ്. സിംഗപ്പൂര്‍ പൗരത്വമുള്ള ഒരുപാടുപേരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കാണാം. പിന്നീടത് ബോംബൈ എന്ന് വിളിക്കുന്ന ഇന്നത്തെ മുംബൈ ആയി. അവിടത്തെ ഡോംഗ്രിയും ദാദറുമെല്ലാം പലര്‍ക്കും പരിചിതമായ ഇടങ്ങളായി. അതിനുശേഷം ഗള്‍ഫും ഇപ്പോള്‍ പതിയെ യൂറോപ്പിലേക്കും നോട്ടമിട്ടിരിക്കുകയാണ് ഈ നാടിന്റെ യുവത്വം.
വീടുപുലര്‍ത്താന്‍ അധ്വാനിക്കുക എന്നത് അനാദികാലം മുതല്‍ പുരുഷന്റെ ധർമമായിരുന്നു. ആയതിനാല്‍ ഈ പോയതൊക്കെ പുരുഷന്‍മാരായിരുന്നു. ഇവരുടെ സ്ത്രീകള്‍ക്ക് എന്തായിരുന്നു പണി എന്നത് നല്ലൊരു ആലോചനാ വിഷയമാണ്. എല്ലാ പ്രവാസത്തിന്റെയും ഗുണഭോക്താക്കളായും ഇരകളായും അവര്‍ വീടുകളിലിരുന്നു. സാമ്പത്തിക സുരക്ഷിതത്വം എന്ന ഗുണവും വൈകാരിക അനാഥത്വം എന്ന ദാരിദ്ര്യവും ഒരേസമയം അവര്‍ അനുഭവിച്ചു.
മൊബൈല്‍ഫോണ്‍ കൊണ്ടുവന്ന ഏറ്റവും വലിയ വിപ്ലവം കണക്റ്റിവിറ്റിയായിരുന്നു. ഈ നിമിഷം മറുതലയിലുള്ള ഒരാള്‍ എവിടെയാണെന്നും എങ്ങനെയുണ്ടെന്നും അറിയാന്‍ പറ്റുന്ന മാജിക്. മൊബൈല്‍ ഫോണിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം മാത്രമേയുള്ളൂ. അതിനപ്പുറമുള്ള കാലം മുഴുവനും ഈ കണക്റ്റിവിറ്റി എന്നത് ആലോചിക്കാന്‍ കഴിയാത്തത്രയും അപ്പുറത്തുള്ളതായിരുന്നു.
ദുബൈയില്‍ പോയ മാപ്പിള അവിടെ എത്തിയാല്‍ അറിയിക്കാന്‍ ഒരു കത്തെഴുതും. കത്ത് പെട്ടിയിലിട്ട് ഇരുപതാം ദിവസമാണ് അത് വീട്ടിലെത്തുക. “ഇച്ച എഴുതിയ കത്ത് കിട്ടിയോ’ എന്ന ചോദ്യം കേട്ടതിൽ പിന്നെ വീട്ടുകാര്‍ പോസ്റ്റുമാനെ കാത്തുനില്‍ക്കും. വന്നുപോയ ഓക്കാനവും താണ്ടി, ഈ വിരഹവേദനയും സഹിച്ച് ഈ പ്രവാസികള്‍ എത്ര കാലം കഴിഞ്ഞിട്ടുണ്ടാകും? ആശ്വാസമായി അവര്‍ കണ്ടത് റബ്ബിനെ മാത്രം. എസ്.എ. ജമീലിന്റെ കത്തുപാട്ടിനപ്പുറം റബ്ബിന്റെ ഖളാഇല്‍ സബൂര്‍ ചെയ്ത് നില്‍ക്കാനും നിസ്‌കാരപ്പായയില്‍ സ്വന്തം പൈതങ്ങളെയും വീട്ടുകാരെയുമോര്‍ത്ത് നേരം വെളുപ്പിക്കാനുമുള്ള ഈമാനുറപ്പ് ഇവര്‍ നേടിയിരുന്നു.
സിംഗിള്‍ പേരന്റിങ് എന്ന ഫ്രേസ് യൂറോപ്പില്‍ പ്രചരിക്കുന്നതിനു മുമ്പ് ആ സ്റ്റേഷന്‍ വിട്ടതാണിവര്‍. കര്‍ക്കിടക മഴയത്ത് ചോരുന്ന കൂരയും പനിച്ചുപൊള്ളുന്ന കുട്ടിയെയും നേരിടാനുള്ള ധൈര്യം അവര്‍ക്കുണ്ടായിരുന്നു. മക്കളുടെ ചികിത്സയും വീട്ടിലെ ഭരണവും പഞ്ചായത്തും വില്ലേജും, പിന്നെ പള്ളിക്കലെ ഉസ്താദും കുടുംബത്തിലെ മാമൂലുകളും കൂട്ടത്തില്‍ പ്രസവവും രോഗവും മരണവും എല്ലാം അവര്‍ തനിച്ചു കൊണ്ടുനടന്നു. സര്‍വമാന പ്രതിസന്ധികളെയും നേരിടാനുള്ള പ്രാപ്തി അവര്‍ കൈവരിച്ചിരുന്നു.
കാസര്‍കോഡുകാര്‍ നിയമമനുസരിച്ച് നടന്ന കാലം കുറവായിരിക്കും. പത്തേമാരിയിലെ സ്വര്‍ണക്കടത്തും ഹുണ്ടിപ്പൈസയും എന്നും അവരുടെ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭരണാധികാരികളോടുള്ള സംഘര്‍ഷങ്ങളും ഈവകയിലുണ്ടായിട്ടുണ്ട്. പേടിപ്പിച്ചാലും പേടിക്കാത്ത കുറേ സ്ത്രീകളും വീടുവിട്ടുപോകാത്ത രഹസ്യങ്ങളുമായി അവര്‍ ജീവിച്ചു. അടുപ്പില്‍ കുഴിച്ചിട്ടും പത്തായത്തില്‍ ഒളിപ്പിച്ചും സ്വര്‍ണവും പൈസയും നഷ്ടപ്പെടാതെ നോക്കിയ പലരെയും ഈ ചരിത്രത്തില്‍ കാണാം.
വീട്ടില്‍ കയറി പരിശോധിക്കും എന്നു പറഞ്ഞ പോലീസുകാരനോട് പെണ്ണ് പോലീസില്ലാതെ എന്റെ പുരയില്‍ കയറിയാല്‍ കാല് ഞാന്‍ വെച്ചേക്കില്ല എന്നുപറഞ്ഞ് വിലങ്ങിനിന്ന ഒരു ഉമ്മൂമ്മയെ എനിക്കു പരിചയമുണ്ട്.
കാസര്‍കോടിന്റെ രചയിതാക്കളുടെ കഥയെടുത്താല്‍ മൊഗ്രാലില്‍നിന്ന് കുറച്ചു പാട്ടുകാരെ കാണാം എന്നതിനപ്പുറത്തേക്ക് വിശാലമായ ചരിത്രത്തിലെവിടെയും സ്ത്രീസാന്നിധ്യം പറ്റേ കുറവായിരിക്കും. എഴുതപ്പെടുന്ന ചരിത്രത്തിനപ്പുറത്തേക്ക് പ്രവര്‍ത്തനങ്ങളില്‍ വിശ്വസിച്ചതുകൊണ്ടാകാം വിജ്ഞാനശാലയിലും അതേപോലെ കലാരംഗത്തും സംരംഭകത്വത്തിലും സ്ത്രീകള്‍ പൊതുവില്‍ കുറവായത്.
സ്വന്തമായി ഉയരാന്‍ ചിറകുകള്‍ വേണമെന്ന് മക്കള്‍ക്കും ഉമ്മമാര്‍ക്കും ഒരുപോലെ സ്വപ്‌നമുള്ള കാലമാണിത്. ആ സ്വപ്‌നങ്ങള്‍ പുലര്‍ന്നതിന്റെ അടയാളങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് ഇന്ന് കാസര്‍കോഡ് ജില്ലയില്‍ കാണുന്ന പുരോഗതി. ഡിഗ്രിയും പിജിയും അതിനുമപ്പുറത്തേക്കും കുട്ടികളെ പറഞ്ഞുവിടാനും അവര്‍ക്ക് അതിനുവേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും സമൂഹം കൂടെ നില്‍ക്കുന്ന കാഴ്ച കാസര്‍കോടിന്റെ മാറുന്ന മുഖമാണ്.
ഗള്‍ഫിനപ്പുറത്തേക്കുള്ള പ്രവാസങ്ങള്‍ പലപ്പോഴും കുടുംബത്തിന്റേത് കൂടിയാകുതന്നതുകൊണ്ടുതന്നെ തനിച്ചുനില്‍ക്കുന്ന പ്രവാസിഭാര്യമാരും അവരുയര്‍ത്തിയ പ്രതിസന്ധികളും പതിയെ വിസ്മൃതമാവുകയുമാണ് ■

Share this article

About അഹ്‌മദ് ഷെറിന്‍

5600777@gmail.com

View all posts by അഹ്‌മദ് ഷെറിന്‍ →

Leave a Reply

Your email address will not be published. Required fields are marked *