തിരുസ്‌നേഹത്തിന്റെ ഹൃദയഭാഷ്യം

Reading Time: 2 minutes

“റസൂലിന്റെ കൂടെ സഹവസിച്ചവരാണ് സ്വഹാബ. അവരാണ് റസൂലിനെ ലോകത്തിന് കാണിച്ചുകൊടുത്തത്. സ്നേഹിച്ചു കാണിച്ചതും അവരാണ്. ലോകം ആ സ്നേഹം പകര്‍ത്തി. മദീനയിലൂടെ കുതിരപ്പുറത്ത് പോകാന്‍ പോലും അവര്‍ മടിച്ചു. അത്ര സ്നേഹിച്ചുപോയി. പേര് കേള്‍ക്കുമ്പോള്‍ കണ്ണീരിറ്റും. പേരെഴുതുമ്പോള്‍ കൈവിറക്കും. പൂവിന് ചുറ്റും പറക്കുന്ന പൂമ്പാറ്റകളെപ്പോലെ അവരുടെ ലോകം റസൂലിന് ചുറ്റുമായിരുന്നു. എവിടെപ്പോയാലും അവര്‍ മദീനയെത്താന്‍ മനസാ കൊതിച്ചുകഴിയും. വിശ്വാസികളുടെ മദീനയോടുള്ള ആ കൊതി ഇന്നും നാം കാണുന്നു. ഈ സ്നേഹം എവിടെയെങ്കിലും അടയാളപ്പെടുത്തണമെന്ന് തോന്നി. അങ്ങനെയാണ് ഈ കൃതി പ്രകാശിതമാകുന്നത്.’ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് കാന്തപുരം ഉസ്താദ് എഴുതിയ ഈ വാക്കുകളിലുണ്ട്, മുഹമ്മദ് റസൂല്‍(സ്വ) എന്ന പുസ്തകത്തില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന്.
സാങ്കേതികമായി വര്‍ഗീകരിച്ചിട്ടില്ലെങ്കിലും മൂന്നു ഭാഗങ്ങളുണ്ട് ഈ പുസ്തകത്തിന്. ഒന്നാം അധ്യായമായ “യാ ഹബീബീ’യെ വരാനിരിക്കുന്ന അധ്യായങ്ങളുടെ ആമുഖമായിക്കാണാവുന്നതാണ്. സ്നേഹത്തിന്റെ നിര്‍വചനമാണ് ഈ ഭാഗത്തുള്ളത്. ഒരാളോടെപ്പോഴാണ് സ്നേഹമുണ്ടാകുന്നത്, മനുഷ്യരെ ഒരാളെപ്പോഴാണ് മനസുകൊണ്ട് സ്പര്‍ശിക്കുന്നത്, എന്തുകൊണ്ടാണ് വേണ്ടരൂപത്തില്‍ പലര്‍ക്കും നബിയെ(സ്വ) സ്നേഹിക്കാനാവാത്തത് തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതോടെ യോഗ്യതകളൊത്ത ഒരാളെ ലഭിച്ചാല്‍ സ്നേഹിക്കാമായിരുന്നു എന്ന വിധത്തിലേക്ക് നമ്മുടെ മനസ്സ് പാകപ്പെടുന്നു. പാകപ്പെട്ട ഈ മനസ്സിനെ സൗമ്യമായി സ്പര്‍ശിക്കുന്ന അധ്യായങ്ങളാണ് പിന്നീടുള്ളത്. റസൂല്‍ ആരായിരുന്നു എന്ന ചോദ്യത്തിന് ലളിതമായൊരു ഉത്തരം ഇവിടെ പറഞ്ഞുവെക്കുന്നുണ്ട്. അതിങ്ങനെയാണ്: “സ്നേഹത്തിന്റെ എല്ലാ നിമിത്തങ്ങളും ഒരു വ്യക്തിയില്‍ ഒത്തുചേര്‍ന്നാലോ? ആ വ്യക്തി ലോകത്ത്, എല്ലാവരാലും, എപ്പോഴും, ഏറ്റവും സ്നേഹിക്കപ്പെടാന്‍ അര്‍ഹനായിരിക്കും. അങ്ങനെയൊരു വ്യക്തി ഉണ്ടാകുമോ? ഉണ്ടായിട്ടുണ്ടോ? അതെ; സംഭവ്യമാണ്; സംഭവിച്ചിട്ടുണ്ട്. ലോകം ആ വ്യക്തിയെ കണ്ടു. ആ അതുല്യമായ വ്യക്തിപ്രഭാവത്തെ രേഖപ്പെടുത്തുകയുമുണ്ടായി. ബുദ്ധി, സൗന്ദര്യം, സൗരഭ്യം, പ്രസന്നത, പ്രതിഭാശക്തി, സദാചാരം, സദ്സ്വഭാവം, സഹനം, സഹിഷ്ണുത, വിശാല മനസ്‌കത, വിശാല വീക്ഷണം, ദീര്‍ഘദര്‍ശനം, കാരുണ്യം, മഹാമനസ്‌കത, ധൈര്യം, സ്ഥൈര്യം, സാഹസികത, ഭരണം, നേതൃത്വം, സ്വാധീനം, നയതന്ത്രം, നീതിന്യായം, യുദ്ധപാടവം, സൈന്യാധിപത്യം, അധ്യാപനം, സംസ്‌കരണം, സമുദ്ധാരണം, പ്രസംഗം, ഉപദേശം, ശിക്ഷണം, സ്ഥിരോത്സാഹം, ആത്മാര്‍ഥത, കര്‍മോത്സുകത എല്ലാ മഹദ്ഗുണങ്ങളും അക്ഷരാര്‍ഥത്തില്‍ മേളിച്ച അതുല്യമായ ഒരു മഹാ വ്യക്തിത്വത്തെ നാം ചരിത്രത്തില്‍ കാണുന്നു. അതാണ് മുഹമ്മദ് റസൂല്‍(സ്വ).’ ഇപ്പറഞ്ഞതിന്റെ വിശദീകരണങ്ങളാണ് തുടര്‍ന്നുള്ള അധ്യായങ്ങള്‍.
റസൂലിനെ വായിക്കാനാകുന്ന ഈ അധ്യായങ്ങളെ പുസ്തകത്തിന്റെ രണ്ടാം ഭാഗമായി മനസിലാക്കാം. നബിയുമായി ബന്ധപ്പെട്ട കാലം, സമൂഹങ്ങള്‍, വ്യക്തികള്‍ എന്നിവയാണ് ഈ ഭാഗത്ത് വിവരിക്കുന്നത്. ചിലയിടങ്ങളില്‍ പേരുകള്‍ പറഞ്ഞുപോവുകയാണ്. എന്നാല്‍ പലപ്പോഴും വിമര്‍ശകര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭാഗമായതുകൊണ്ടാവാം ഇണകളെ കുറിച്ചും മക്കളെ കുറിച്ചും പറയുന്നിടത്ത് അല്പം വിസ്തരിച്ചെഴുതിയിട്ടുണ്ട്. ഓരോ വിവാഹങ്ങളുടെയും പശ്ചാത്തലം സാമാന്യ രൂപത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. ഈ ഭാഗങ്ങള്‍ വായിക്കുന്നതോടെ തിരുറസൂല്‍ എന്നോട് ചേര്‍ന്നുനില്‍ക്കുന്നുണ്ടെന്ന് ഏറെക്കുറെ എല്ലാ വായനക്കാര്‍ക്കും തോന്നിത്തുടങ്ങും. ഇന്നും നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് തിരുറസൂല്‍ തലോടിക്കൊണ്ടിരിക്കുന്നതെന്ന് നമുക്ക് തിരിച്ചറിയാനാകും.
പ്രണയത്തിന്റെ ആവിഷ്‌കാരത്തെ കുറിച്ചുള്ളതാണ് മൂന്നാം ഭാഗം. തിരുനബിയുടെ കാലം മുതല്‍ക്കുള്ള പ്രണയത്തിന്റെ ഭാഷയാണിവിടെയുള്ളത്. വിവിധ മൗലിദുകള്‍, സ്വലാത്, ബുര്‍ദ തുടങ്ങിയവയെ കുറിച്ചുള്ള പരിചയമാണിതിലുള്ളത്. നബിയെക്കുറിച്ചറിഞ്ഞ് സ്നേഹിക്കാന്‍ സന്നദ്ധമാകുന്നവര്‍ക്ക് ആവിഷ്‌കാരം എങ്ങനെയാകണമെന്ന മാതൃക ലഭ്യമാകുന്ന രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ചെറിയ ചെറിയ അധ്യായങ്ങളായാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഓരോ അധ്യായത്തിലും അതിപ്രധാനമായി ഉള്‍ക്കൊള്ളിക്കേണ്ട ഖുര്‍ആന്‍ ആയത്തുകളും തിരുവചനങ്ങളും ചേര്‍ത്തിരിക്കുന്നു. വിസ്തരിച്ചെഴുതുന്നത് ഒഴിവാക്കുമ്പോഴും വസ്തുതകള്‍ ദുര്‍ബലമായിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മുഹമ്മദ് റസൂല്‍(സ്വ)യെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അതേസമയം വരണ്ട ഭാഷയായിപ്പോകുന്നുമില്ല. ഒഴുക്കുള്ള പദഘടനയാണ് പുസ്തകത്തിന്റേത്. “നിഴലില്ലാത്ത റസൂലിനെ നിഴല്‍ പോലെ പിന്തുടര്‍ന്ന അബൂഹുറയ്റ’ എന്നതുപോലെയുള്ള പരാമര്‍ശങ്ങളില്‍ ഭാഷാമികവ് മാത്രമല്ല ഉള്ളത്, ആഴത്തിലിറങ്ങി പഠിക്കാവുന്ന വസ്തുതകളുടെ മേളനം കൂടിയുണ്ട്. ആധികാരികമാണ് ഓരോവരിയും. പുണ്യപ്രവാചകരിലേക്ക് ഹൃദയം കൊരുത്തുവെച്ച ഒരനുരാഗിയുടെ ആത്മതാളം ഈ പുസ്തകത്തില്‍ നമ്മള്‍ വായിച്ചറിയുന്നു. ആവശ്യമായിടങ്ങളിലെല്ലാം അവലംബങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അറബി ഗ്രന്ഥങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും അവലംബങ്ങളിലുണ്ട്. ഐ പി ബി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മുഖവില 450 രൂപയാണ് ■

Share this article

About അബ്ദുല്‍ ബാരി ബുഖാരി പുല്ലാളൂര്‍

baripullalur@gmail.com

View all posts by അബ്ദുല്‍ ബാരി ബുഖാരി പുല്ലാളൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *