നബിയെ സ്‌നേഹിക്കാതെ വിശ്വാസിയാകില്ല!

Reading Time: 3 minutes

പ്രപഞ്ചരക്ഷിതാവിന്റെ തിരുനബി പ്രകീര്‍ത്തനത്തോളം വരില്ല മറ്റൊരാളുടെയും പ്രശംസകള്‍. “നിശ്ചയം അല്ലാഹുവും അവന്റെ മാലാഖമാരും നബിയുടെ പേരില്‍ അനുഗ്രഹ പ്രാര്‍ഥന(സ്വലാത്) നടത്തുന്നുണ്ട്. സത്യവിശ്വാസികളേ, നിങ്ങളും അനുഗ്രഹ പ്രാര്‍ഥനയും രക്ഷാപ്രാര്‍ഥന(സലാം)യും നടത്തണ’മെന്ന് ഖുര്‍ആന്‍ കല്പിക്കുന്നു.അല്ലാഹുവിന്റെ ഇഷ്ടദാസനായ മുഹമ്മദ് നബി(സ്വ)യുടെ പേരില്‍ സ്വലാത് വര്‍ധിപ്പിക്കുന്നതിന്റെ മഹത്വമറിയുമായിരുന്നെങ്കില്‍ മുഴുസമയവും വിശ്വാസികള്‍ സ്വലാതില്‍ വ്യാപൃതരാകുമായിരുന്നു എന്ന് മഹദ്‌വചനങ്ങളിലുണ്ട്. അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ) പറയുന്നത് കാണാം. “ഞാന്‍ തിരുനബിയോരുടെ സവിധത്തിലെത്തിയപ്പോള്‍ അവിടുന്ന് ദീര്‍ഘമായ സാഷ്ടാംഗത്തിലായിരുന്നു. സുജൂദില്‍ നിന്നും വിരമിച്ചശേഷം അവിടുന്ന് പറഞ്ഞു: “”ഞാന്‍ ജിബ്്രീലിനെ കണ്ടപ്പോള്‍ അദ്ദേഹം ഒരു സന്തോഷ വാര്‍ത്ത അറിയിച്ചിട്ടുണ്ട്. “അങ്ങയുടെ റബ്ബിന്റെ ഒരു അറിയിപ്പുണ്ട്. ആരെങ്കിലും അങ്ങയുടെ മേല്‍ ഒരുതവണ അനുഗ്രഹ പ്രാര്‍ഥന നടത്തിയാല്‍ ഞാന്‍ അവര്‍ക്ക് ഗുണം ചൊരിയുന്നതാണ്. വല്ലവരും അങ്ങേയ്ക്കുവേണ്ടി രക്ഷാപ്രാര്‍ഥന നടത്തിയാല്‍ ഞാന്‍ അവര്‍ക്ക് രക്ഷ വര്‍ഷിപ്പിക്കുന്നതാണ്.’ ശേഷം നബി(സ്വ) അല്ലാഹുവിനോടുള്ള നന്ദിസൂചകമായി സുജൂദില്‍ വീണു” (ഹാകിം 550).
യഅ്ഖൂബ് ബ്‌നു സൈദ്(റ) മുത്ത്‌നബിയില്‍ നിന്നും കേട്ട ഒരു വചനം പറയുന്നതിപ്രകാരമാണ്: “”അല്ലാഹുവില്‍ നിന്നൊരു ദൂതന്‍ എന്റടുക്കല്‍ വന്നിട്ട് പറഞ്ഞു: “ഒരു അടിമ അങ്ങയുടെ മേല്‍ ഒരു സ്വലാത് ചൊല്ലുമ്പോള്‍ അല്ലാഹു ആ അടിമക്ക് പത്തു ഗുണങ്ങള്‍ നല്‍കുന്നുണ്ട്.’ ഒരു ശിഷ്യന്‍ ചോദിച്ചു. “അല്ലാഹുവിന്റെ ദൂതരേ, എന്റെ പ്രാര്‍ഥനയുടെ പകുതി ഞാന്‍ അങ്ങയുടെ പേരിലുള്ള സ്വലാതാക്കട്ടെയോ?’ മുത്ത്‌നബി പറഞ്ഞു: “നിനക്ക് ആഗ്രഹമെങ്കില്‍ ആവാം.’ അദ്ദേഹം വീണ്ടും ചോദിച്ചു. “എന്റെ പ്രാര്‍ഥന മുഴുവന്‍ ഞാന്‍ സ്വലാതാക്കിയാലോ?’ “എന്നാല്‍ നിന്റെ ഇരുലോക നേട്ടങ്ങള്‍ക്ക് അല്ലാഹു മതിയായവനാണ്.’ മുത്തുനബി പ്രതികരിച്ചു” (മുസ്‌ലിം 408). “ഭൂമിയില്‍ പ്രയാണം നടത്തിക്കൊണ്ടിരിക്കുന്ന ചില മാലാഖമാരുണ്ട്. എന്റെ സമുദായത്തില്‍ നിന്നും “സലാം’ അവരെനിക്ക് എത്തിക്കു’മെന്ന് നബി(സ്വ) പറഞ്ഞത് അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
പത്ത് സന്ദര്‍ഭങ്ങളില്‍ സ്വലാത് ചൊല്ലാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൂര്‍വീകര്‍ പഠിപ്പിക്കുന്നുണ്ട്.

  1. നിസ്‌കാരത്തിലെ അവസാനത്തെ അത്തഹിയാതില്‍ സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണ്. ചൊല്ലാത്തപക്ഷം നിസ്‌കാരം അസാധുവാണ്.
  2. മയ്യിത്ത് നിസ്‌കാരത്തിലെ രണ്ടാമത്തെ തക്ബീറിനു ശേഷവും സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണ്.
  3. നബിയോരുടെ പേര് പറയപ്പെട്ടാല്‍ സ്വലാത് ചൊല്ലണം. ഇമാം ത്വഹാവിയും ഹലീമിയും സ്വലാത് ചൊല്ലല്‍ നിര്‍ബന്ധമാണ് എന്ന പക്ഷക്കാരാണ്. മറ്റുപണ്ഡിതര്‍ സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഉപേക്ഷിക്കുന്നവര്‍ കുറ്റക്കാരാകുമെന്ന അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളത്.
  4. പള്ളിയില്‍ പ്രവേശിക്കുമ്പോഴും പള്ളിയില്‍ നിന്ന് പുറത്ത് പോവുമ്പോഴും സ്വലാത് ചൊല്ലല്‍ സുന്നതാണ്. പ്രസ്തുത കാര്യം അബ്ദുല്ലാഹിബ്‌നു ഹസന്‍(റ) തന്റെ ഉമ്മാമയായ ഫാത്തിമ ബിന്‍ത് ഹസനില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഉണ്ട്. അവരുടെ വല്ല്യുമ്മയായ ഫാത്വിമ ബീവി(റ) പറഞ്ഞു. “നബി(സ്വ) പള്ളിയില്‍ പ്രവേശിച്ചാല്‍ സ്വലാത് ചൊല്ലുമായിരുന്നു. കൂടാതെ പാപമോചന ജപങ്ങളും അല്ലാഹുവിന്റെ ഔദാര്യങ്ങളുടെ കവാടങ്ങള്‍ തുറന്നുകിട്ടാനുള്ള പ്രാർഥനയും നടത്തുമായിരുന്നു(തുര്‍മുദി 314).
  5. ബാങ്കിന് ശേഷവും സ്വലാത് ചൊല്ലല്‍ പുണ്യകർമമാണ്. നബി(സ്വ) പറഞ്ഞിട്ടുണ്ട്. “ബാങ്ക് കേള്‍ക്കുമ്പോള്‍ നിങ്ങളും അപ്രകാരം തന്നെ പറയണം. ശേഷം എന്റെ പേരില്‍ സ്വലാത് ചൊല്ലണം. വല്ലവരും എന്റെ പേരില്‍ ഒരു സ്വലാത് ചൊല്ലിയാല്‍ അല്ലാഹു അവര്‍ക്ക് പത്ത് ഗുണം ചെയ്യും. പിന്നീട് സ്വര്‍ഗത്തിലെ ഉയര്‍ന്ന പദവിയായ “വസീല’ എനിക്ക് ലഭിക്കാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം. ആരെങ്കിലും എനിക്ക് “വസീല’യെ ചോദിച്ചാല്‍ അവരെന്റെ ശുപാര്‍ശക്ക് അര്‍ഹരായി’ (സ്വഹീഹുല്‍ ജാമിഅ് 613).
  6. പ്രാര്‍ഥനകളില്‍ സ്വലാത് ഉള്‍പ്പെടുത്തല്‍ പുണ്യമുള്ളതാണ്. ഫുളാലതു ബ്‌നു ഉബൈദ്(റ) പറയുന്നുണ്ട്. “അല്ലാഹുവിനെ വാഴ്്ത്താതെയും നബിയുടെ മേല്‍ സ്വലാത് ചൊല്ലാതെയും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന ഒരാളെ നബി(സ്വ) കേള്‍ക്കാനിടയായി. തിരുദൂതര്‍(സ്വ) പറഞ്ഞു: “ധൃതിപ്പെട്ടു പോയല്ലോ’. ശേഷം അയാളെ വിളിച്ചു ഉപദേശിച്ചു: “നീ പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചു കൊണ്ട് തുടങ്ങണം. ശേഷം അവന്റെ നബിയുടെ മേല്‍ സ്വലാത് ചൊല്ലണം. പിന്നീടാണ് നീ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ചോദിക്കേണ്ടത്’.
  7. വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്വലാത് വര്‍ധിപ്പിക്കല്‍ മഹത്വമേറിയതാണ്. ഔസുബ്‌നു ഔസ്(റ) നിവേദനം ചെയ്ത ഹദീസിലിപ്രകാരമുണ്ട്. മുത്ത് നബി അരുളി. “ദിവസങ്ങളില്‍ ഉത്തമമായത് വെള്ളിയാഴ്ചയാണ്. അന്നാണ് ആദം നബി സൃഷ്ടിക്കപ്പെട്ടത്. അന്ത്യനാളും അനുബന്ധനടപടികളും അന്നുതന്നെയാണുണ്ടാവുക. അതുകൊണ്ട് എന്റെ പേരില്‍ നിങ്ങള്‍ സ്വലാത് വര്‍ധിപ്പിക്കുക. കാരണം നിങ്ങളുടെ സ്വലാതുകളെല്ലാം എനിക്ക് പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്.’ അവരിലൊരാള്‍ ചോദിച്ചു. “നബിയേ, ദ്രവിച്ചുപോയ അങ്ങ് ഞങ്ങളുടെ സ്വലാതുകളെല്ലാം എങ്ങനെയാണ് കാണുക?’ “പ്രവാചകരുടെ ശരീരങ്ങള്‍ അല്ലാഹു ഭൂമിക്ക് നിഷിദ്ധമാക്കിയിട്ടുള്ളതാണ്’ എന്ന് നബിതങ്ങള്‍ മറുപടി പറഞ്ഞു (അബുദാവൂദ് 1048).
  8. വെള്ളിയാഴ്ചകളിലെ ഖുതുബകളിലും മഴ തേടിയുള്ള നിസ്‌കാരം,പെരുന്നാള്‍ നിസ്‌കാരം തുടങ്ങിയ നിസ്‌കാരങ്ങളെ തുടര്‍ന്നുള്ള ഖുതുബയിലും സ്വലാത് ചൊല്ലല്‍ പ്രസ്തുത ആരാധനകളുടെ പൂര്‍ണതയ്ക്ക് അനിവാര്യമാണ്.
  9. ഒരു സദസ് പിരിയുമ്പോഴും സദസില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും സ്വലാത് ചൊല്ലണം.
  10. വൈവാഹിക ചടങ്ങിലെ നികാഹിലും സ്വലാത് ചൊല്ലേണ്ടതുണ്ട്.
    ഇവ കൂടാതെ ഓരോ നിമിഷങ്ങളിലും സ്വലാത് ചൊല്ലല്‍ മുഖ്യമായ ആരാധനയാണ്. നബി(സ്വ) പറഞ്ഞിട്ടുണ്ട്. “അന്ത്യനാളില്‍ എന്നോട് ഏറ്റവും സാമീപ്യമുള്ളവര്‍ നിങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വലാത് ചൊല്ലുന്നവരാണ്.’
    നബിയോരെ സ്‌നേഹിക്കലും കാണാന്‍ ആഗ്രഹിക്കലും അവിടുത്തോടുള്ള ആദര മര്യാദകളില്‍പെട്ടതാണ്. അല്ലാഹു പറയുന്നുണ്ട്: “നബിയേ, പ്രഖ്യാപിക്കുക. നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും അടുത്ത കുടുംബങ്ങളും സമ്പാദ്യങ്ങളും കെട്ടിക്കിടക്കുമെന്ന് നിങ്ങള്‍ ഉത്കണ്ഠാകുലരാകുന്ന കച്ചവടച്ചരക്കും പ്രിയങ്കരമായ പാര്‍പ്പിടങ്ങളുമെല്ലാം തന്നെ അല്ലാഹുവിനെക്കാളും റസൂലിനെക്കാളും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പോരാട്ടത്തെക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെങ്കില്‍ തന്റെ കല്പന അല്ലാഹു കൊണ്ടുവരുന്നതുവരെ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുകൊള്‍ക. അധര്‍മകാരികളായ ജനതയെ അല്ലാഹു സന്മാര്‍ഗ പ്രാപ്തരാക്കുന്നതല്ല (തൗബ: 24). “സ്വന്തം മാതാപിതാക്കള്‍, മക്കള്‍, മറ്റെല്ലാവരെക്കാളും കൂടുതല്‍ എന്നെ സ്‌നേഹിക്കുന്നതു വരെ നിങ്ങളാരും പൂര്‍ണ വിശ്വാസിയാവുകയില്ല’ (സ്വഹീഹുല്‍ ജാമിഅ് 7582).
    സ്‌നേഹത്തില്‍ വിശ്വാസികളുടെ പ്രഥമ സ്ഥാനം മുത്ത് നബിക്കായിരിക്കണമെന്നാണ് അല്ലാഹുവിന്റെ നിര്‍ബന്ധം. ശരീരേഛയുടെ പരിണിതിയായുണ്ടാകുന്ന പ്രകൃതിപരമായ സ്‌നേഹമല്ല ഇവിടെ വിവക്ഷ. കാരണം, മനുഷ്യനെ അപേക്ഷിച്ച് പ്രകൃതിപരമായി മറ്റെല്ലാറ്റിനെക്കാളും സ്വന്തത്തോടാണ് സ്‌നേഹം തോന്നുക. മാതാപിതാക്കളെയും മക്കളെയും സ്‌നേഹിക്കാനാണ് മറ്റുള്ളവരെ സ്‌നേഹിക്കാനാഗ്രഹിക്കുന്നതിനെക്കാള്‍ ഒരു സ്വാഭാവിക പ്രകൃതിയാവശ്യപ്പെടുക. എന്നാല്‍ നബി(സ്വ)യോടുള്ള സ്‌നേഹം അനിഷേധ്യമായ ഒരു ജന്മസിദ്ധിയാണ്. ഏതൊരു മനുഷ്യരുടെയും ചിന്തകള്‍ ആ സ്‌നേഹത്തിന്റെ അനിവാര്യതയിലേക്കെത്തിച്ചേരും. ബുദ്ധിപരമായ സ്‌നേഹം എന്നും ഇതിനെ വിശേഷിപ്പിക്കാമെന്ന് ഇമാം നൂറുദ്ദീനുല്‍ഖാരി പറയുന്നുണ്ട്. “ബുദ്ധിയില്‍ തോന്നുന്ന കാര്യത്തോടുള്ള പ്രതിപത്തിയാണ് ബുദ്ധിപരമായ സ്‌നേഹം കൊണ്ടുദ്ദേശിക്കുന്നത്. പ്രകൃതി പ്രസ്തുത കാര്യത്തെ നിരസിക്കുന്നുവെങ്കിലും ബുദ്ധിപരമായി ഇഷ്ടപ്പെടാതിരിക്കാനാവില്ല. ഉദാഹരണത്തിന് രോഗി മരുന്ന് കുടിക്കാന്‍ വൈമുഖ്യം കാണിക്കുന്നുവെങ്കിലും രോഗശമനത്തെ മുന്നില്‍കണ്ട് മരുന്നുകളോട് മനസിനടുപ്പം തോന്നുന്നു. അപ്രകാരം തന്റെ നന്മ മുന്നില്‍ കണ്ടിട്ടല്ലാതെ നബിയുടെ കല്പനകളും നിരോധനകളും ഉണ്ടാകില്ലെന്ന ചിന്തയില്‍ നിന്നുമാണ് സ്വാഭാവികമായ സ്‌നേഹം ഉടലെടുക്കുന്നത്. അത് പിന്നീട് പ്രകൃതിദത്തമായി മാറുന്ന അവസ്ഥയാണ് മഹബ്ബത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കുന്നത്. അപ്പോഴാണ് തിരുചര്യകളുടെ അനുധാവനം ആസ്വാദ്യവും സ്വലാതിന്റെ അകമ്പടി ആശ്വാസവുമായി മാറുന്നത്’.
    മുത്ത്‌നബി(സ്വ)യുമായുണ്ടായ ഉമര്‍(റ)ന്റെ സംഭാഷണത്തില്‍ ഇക്കാര്യങ്ങളിലേക്കുള്ള സൂചനയുണ്ട്. ഉമര്‍(റ) ഒരിക്കല്‍ നബി(സ്വ) യോട് പറഞ്ഞു. “എന്റെ ശരീരം കഴിഞ്ഞാല്‍ എനിക്കേറ്റവും സ്‌നേഹമുള്ളത് അങ്ങയോടാണ്’. മുത്ത്‌നബി പറഞ്ഞു. “അല്ലാഹുവാണ് സത്യം, നിന്റെ സ്വന്തത്തെക്കാള്‍ എന്നെ ഇഷ്ടപ്പെടുന്നതുവരെ നിന്റെ ഈമാന്‍ പൂര്‍ണമല്ല’. ഉമര്‍(റ)ന് കാര്യം മനസിലായപ്പോള്‍ അവിടുന്ന് പറഞ്ഞു. “എന്റെ സ്വന്തത്തെക്കാളിഷ്ടം അങ്ങയോടായിരിക്കുന്നു നബിയേ’. “നിന്റെ വിശ്വാസം പൂര്‍ണമായിരിക്കുന്നു’ എന്ന് നബി(സ്വ) മറുപടി നല്‍കുകയും ചെയ്തു.
    സ്വഹീഹുല്‍ ബുഖാരിയില്‍ അനസ്(റ) പറയുന്ന ഒരനുഭവമുണ്ട്. കാല്‍നടയായി സഞ്ചരിക്കവേ സമീപത്തുള്ള പള്ളിയില്‍ നബി(സ്വ) പ്രാര്‍ഥനക്ക് വേണ്ടി കയറി. അപ്പോഴാണ് ഒരു വയോധികന്‍ നബിയുടെ സവിധത്തിലെത്തുന്നത്. അദ്ദേഹം ചോദിച്ചു, “അന്ത്യനാള്‍ എപ്പോഴാണ് നബിയേ?’ “നിങ്ങളെന്താണ് അന്ത്യനാളിന് വേണ്ടി ഒരുക്കി വെച്ചത്?’ തിരുനബിയുടെ മറുചോദ്യം.
    മറുപടിയായി അദ്ദേഹം പറഞ്ഞു. “ഞാന്‍ അല്ലാഹുവിനെയും അവന്റെ ദൂതരെയും സ്‌നേഹിക്കുന്നുണ്ട് എന്നതല്ലാതെ എനിക്ക് അധികം നിസ്‌കാരങ്ങളോ വ്രതങ്ങളോ ഇല്ല നബിയേ’. നബി(സ്വ) പ്രതികരിച്ചു. “നീ ആരെയാണോ സ്‌നേഹിക്കുന്നത് അവരോടൊപ്പമായിരിക്കും’ (മുസ്‌നദ് അഹമദ്) ■
Share this article

About മുഹമ്മദ് ഫാളില്‍ നൂറാനി ദേവതിയാല്‍

abuathoofa@gmail.com

View all posts by മുഹമ്മദ് ഫാളില്‍ നൂറാനി ദേവതിയാല്‍ →

Leave a Reply

Your email address will not be published. Required fields are marked *