കഥയില്‍ പോലീസും കവിതയില്‍ സ്വത്വപ്രതിസന്ധിയും

Reading Time: 2 minutes

പുതിയ കാലത്തിന്റെ നിസംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും മലയാളകഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്. പുതിയ കഥകള്‍ പറയുന്നതും മറ്റൊന്നല്ല. ഇ.പി.ശ്രീകുമാറിന്റെ ജഡ ആല്‍ബം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്‌ടോ.23), പി.കെ.സുധിയുടെ സ്റ്റോറി റൈറ്റര്‍ ഓഫ് പോലീസ് (ഗ്രന്ഥാലോകം ഒക്‌ടോബര്‍ ലക്കം) എന്നിവ വര്‍ത്തമാനകാലത്തിന്റെ ചില മുള്‍മുനകള്‍ അനുഭവപ്പെടുത്തുന്നു.
രണ്ടു കഥകളും പോലീസുമായി ബന്ധപ്പെട്ടതാണ്. പോലീസ് ഫോട്ടോഗ്രാഫറുടെ വിവരണക്കുറിപ്പുപോലെയാണ് ശ്രീകുമാറിന്റെ കഥയുടെ തുടക്കം. സൗഭാഗ്യവതി, ക്യാമറ തന്റെ ജീവിതക്കാഴ്ചകളിലേക്ക് തിരിച്ചുവെയ്ക്കുന്നു. പലതരം കഥകള്‍, കേസുകള്‍, ദുര്‍മരണങ്ങള്‍ സൗഭാഗ്യവതിയുടെ കണ്ണിലൂടെ കടന്നുപോകുന്നു. ഒന്നിനോടൊന്ന് വ്യത്യസ്തമാകുമ്പോഴും അവയെല്ലാം സൗഭാഗ്യവതിയുടെ മനസ്സ് പൊള്ളിക്കുന്നു. ഇതിനിടയില്‍ കഥയില്‍ സൗഭാഗ്യവതിയുടെ ആത്മവ്യഥയും കഥാകൃത്ത് ഇഴചേര്‍ക്കുന്നു. സ്വന്തമായി വിവാഹ ആല്‍ബം ഇല്ലാത്ത സൗഭാഗ്യവതി, മൃതശരീരങ്ങളുടെ ആല്‍ബമെടുത്ത് നോക്കുന്നു.
ഫോട്ടോഗ്രാഫറായ സൗഭാഗ്യവതിയുടെ ജീവിതകഥയുടെ ചുരുള്‍ നിവരുന്നു. രണ്ടാമത്തെ കുട്ടിയും പെണ്‍കുട്ടിയായത് മാത്രമല്ല, അപസ്മാരരോഗിയുമാണ്. ഇതായിരുന്നു ഭര്‍ത്താവ് സൗഭാഗ്യവതിയെ വിട്ട് മറ്റൊരു വിവാഹം കഴിച്ചത്. എങ്കിലും മൃതശരീരങ്ങള്‍ കണ്ട് പരിചയിച്ച ക്യാമറക്കണ്ണുകള്‍ സൗഭാഗ്യവതിയുടെ ജീവിതത്തില്‍ നിന്നും പിന്മടങ്ങുന്നില്ല. കുഞ്ഞിനേയും തോളില്‍തൂക്കി സൗഭാഗ്യവതി ജോലി തുടര്‍ന്നു. സാധാരണവും അസാധാരണവുമായ ജീവിതചിത്രങ്ങളാണ് കഥയുടെ ട്വിസ്റ്റ്. “”സൗഭാ, വേഗം പടമെടുക്ക്. ഒരെണ്ണം കൂടി എടുക്കാന്‍ പോകേണ്ടതുണ്ട്…” ചാക്കോ സാര്‍ വിളിച്ചുപറയുന്നു. സൗഭാഗ്യവതിയുടെ ഒക്കത്തുനിന്ന് ചിത്ര കുതറിക്കൊണ്ടിരുന്നു. ജഡം കണ്ടപ്പോള്‍ സൗഭാഗ്യവതിക്ക് ഫോക്കസ് കിട്ടുന്നില്ല. അവളുടെ കണ്ണില്‍ ഇരുട്ടു കയറുന്നു. കണ്ണുകള്‍ക്കു മുന്നില്‍ പുകപടലം. അപ്പോഴാണ് ക്യാമറയുടെ ക്ലിക്ക് ശബ്ദം കേട്ടത്. അത് ചിത്രയുടെ കൈകളില്‍ നിന്നായിരുന്നു. ഫോട്ടോകള്‍ നന്നായി കിട്ടിയിരിക്കുന്നു. മരിച്ചത് സൗഭാഗ്യവതിയുടെ ഭര്‍ത്താവായിരിക്കാം! ശ്രീകുമാര്‍! കഥ നല്ലൊരു പഞ്ചില്‍ തന്നെ നിര്‍ത്തുന്നു. ഭംഗിയായി സഹനജീവിതം വരച്ചുചേര്‍ത്ത ഈ കഥയില്‍ പോലീസ് കാഴ്ചക്കാരും കേള്‍വിക്കാരുമാണ്. നീതിയും നിയമവും അധികാരവും കഥയില്‍ കടന്നുവരുന്നില്ല.
കഥ പറയുക, കേള്‍ക്കുക, കഥയാകുക എന്ന രൂപാന്തരങ്ങളുടെ നാഗരികസാക്ഷ്യങ്ങളാണ് ഇ.പി.ശ്രീകുമാറിന്റെ കഥകള്‍. അവ ആഖ്യാനത്തിന്റെ നൂതനസാധ്യതകള്‍ തേടുന്നവയാണ്. കഥയെക്കാള്‍ കഥപറയുന്ന രീതിക്ക് പ്രാധാന്യം നല്‍കുന്ന എഴുത്തുകാരനാണ് ഇ.പി.ശ്രീകുമാര്‍. ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ച് കഥയെ മറച്ചുപിടിക്കാനും യാഥാർഥ്യങ്ങളെ കഥയുമായി ഇഴചേര്‍ക്കാനുമുള്ള ശ്രമം ശ്രീകുമാറിന്റെ കഥയിലുണ്ട്.
തിരക്കഥയെ പി.കെ.സുധി കഥയിലേക്ക് സ്വീകരിക്കുകയാണ് “സ്റ്റോറി റൈറ്റര്‍ ഓഫ് പോലീസി’ലെത്തുമ്പോള്‍. ഒരു സംഭവത്തെ കഥയായി അവതരിപ്പിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ കളിയായും കാര്യമായും ആവിഷ്‌കരിക്കുന്നു. കഥയുടെ സ്വഭാവം മാറുന്നു. സാധാരണവും അസാധാരണവുമായ പോലീസ് മുഖങ്ങള്‍ തെളിയുന്നു. കഥയും തിരക്കഥയും ജീവിതവും കഴുഞ്ഞുമറിയുന്നു. “വാതില്‍ തുറന്നപ്പോള്‍ തീര്‍ച്ചയായി; സ്റ്റോറി റൈറ്റര്‍ ഓഫ് പോലീസ് എന്ന കഥയിലെ പോലീസുകാരന്‍ തന്നെയാണ്…’ തുടര്‍ന്ന് പോലീസ് കഥയിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. കഥ സിനിമപോലെ. പല വഴി… പലമുഖങ്ങള്‍, പല കഥകള്‍, ജീവിതങ്ങള്‍ മെനഞ്ഞെടുക്കുന്ന സംഭവങ്ങള്‍ നിറയുന്നു. തിരക്കഥയില്‍ അന്വേഷണവും അതിര്‍ത്തികടക്കലും, പൊടിപ്പും തൊങ്ങലും വളരുന്നു. ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളും പോലീസിന്റെ കുതന്ത്രങ്ങളും. കഥാന്ത്യത്തില്‍ ഒരു പ്രണയവും തുന്നിക്കെട്ടുകയാണ് പി.കെ.സുധി. കഥയില്‍ പോലീസ് മർദനവും ഭീകരവാദവും ദുരൂഹതയും ആഖ്യാനത്തിനിടയില്‍ കയറിവരുന്നു. നമ്മുടെ ബാഹ്യജീവിതം ഏതുതരം ചൂഷണത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നതെന്ന് എഴുത്തുകാരന്‍ വ്യക്തമാക്കുന്നു.
അനുഭവത്തോടുള്ള ഭാഷയുടെ വിശ്വസ്തയില്‍ തിളങ്ങിനില്‍ക്കുന്ന കവിതകളാണ് സച്ചിദാനന്ദന്റെ അതിജീവനവും (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്‌ടോ.23), ബൈജു ആവളയുടെ കൂളിയാട്ടവും (മാധ്യമം ആഴ്ചപ്പതിപ്പ്).
അശരണരുടെ ജീവിതമാണ്- പ്രത്യേകിച്ചും ഇന്ത്യന്‍ മണ്ണില്‍ പുരളുന്ന കണ്ണീരാണ് “അതിജീവന’ത്തില്‍ നിറയുന്നത്. കാലിച്ചെറുക്കന്റെ ജീവന്‍ പ്രവേശിക്കുമ്പോഴാണ് കാറ്റാടിമരങ്ങള്‍ ചൂളമിടുന്നത് എന്ന് സച്ചിദാനന്ദന്‍ പറഞ്ഞുവെയ്ക്കുന്നു. അക്ഷരത്തിന്റെ ഓരോ വളവിലും എത്ര തലമുറകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെടുക്കാന്‍ ആരോ സൂക്ഷ്മദര്‍ശിനി കണ്ടുപിടിച്ചുകൊണ്ടിരിക്കയാണ്. ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയാവസ്ഥ ഇഴചേരുന്ന അതിജീവനം സാധാരണവിലാപമല്ല. ഉണര്‍വുകളെ നിശബ്ദമാക്കുന്ന കാലത്തോടുള്ള, അധികാര കേന്ദ്രങ്ങളോടുള്ള പ്രതിഷേധമാണ്. മൃത്യുഭയത്തിന്റെയും നിസഹായവസ്ഥയുടെയും ചിത്രങ്ങൾകൊണ്ട് വായനക്കാരന്റെ ഉള്ളു പൊള്ളിക്കുകയാണ് കവി. കവിത നേടുന്ന ഈ ആത്മവിശ്വാസം അതിജീവനം പ്രതീകാത്മകമായി ധ്വനിപ്പിക്കുന്നു. ഭാഷ കോര്‍ക്കുന്ന, വാക്കുകള്‍ ഇഴചേര്‍ക്കുന്ന കവിത ആത്മാക്കളുടെ ഒരു അതിജീവനതന്ത്രമാണ്.
വാങ്മയത്തെയും ദൃശ്യമാധ്യമത്തെയും അര്‍ഥവത്തായി ഇണക്കുന്ന ആഖ്യാനഘടന കൊണ്ടുവന്ന കവിയാണ് സച്ചിദാനന്ദന്‍. ധീരബോധത്തിന്റെ, അതിജീവനത്തിന്റെ നറുനിലാവിലേക്ക് നോക്കിനില്‍ക്കുകയാണ് കവിയും കവിതയും.
സ്വത്വപ്രതിസന്ധി കവിതയുടെ കേന്ദ്രബോധത്തിലേക്ക് കൊണ്ടുവരുന്ന രചനയാണ് ബൈജു ആവളയുടെ കൂളിയാട്ടം. ദീര്‍ഘമായ ആത്മഗതത്തിലേക്ക് വഴുതിവീഴാതെ, തിരിച്ചറിവിന്റെ കനല്‍ കെടാതെ കാത്തുപോരുന്ന ജനതയാണ് കൂളിയാട്ടത്തിലുള്ളത്. ഓരോ കുന്നിറക്കവും ഓരോ ഉടലിറക്കങ്ങളാക്കി, മുന്നാലെ പോയവരുടെ ചോരപ്പടര്‍പ്പുകള്‍ തൊട്ടറിഞ്ഞ് ആത്മവിശ്വാസം പുലര്‍ത്തുന്നവരുടെ പടയണിയാണ് കൂളിയാട്ടം. ഓലച്ചൂട്ടും മിന്നിച്ച് അവര്‍ വഴിയില്‍ നിറയുന്നു. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ എന്ന കവിതയില്‍ ചരിത്രത്തിന്റെ, കാലത്തിന്റെ ഇടവഴികളില്‍ പന്തവുമായി നൂണുപൊന്തുന്നവരുടെ ചേരിയിലാണ് ബൈജുവിന്റെ കോലങ്ങളും.
ബൈജു ആവളയുടെ രചനാതന്ത്രത്തിന് ദ്രാവിഡമായി, അനുഷ്ഠാനമായി അറിയപ്പെടുന്ന ശില്പസമ്പ്രദായത്തോടുള്ള അടുപ്പം കൂളിയാട്ടത്തിലും കാണാം. ശക്തമായ വൈകാരികത ബൈജുവിന്റെ രചനകളിലുണ്ട്. കൂളിയാട്ടവും ആ വഴിയില്‍ത്തന്നെയാണ് നിലയുറപ്പിക്കുന്നത് ■

Share this article

About കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

kkvanimel@gmail.com

View all posts by കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ →

Leave a Reply

Your email address will not be published. Required fields are marked *