സാംസ്‌കാരിക പ്രവാസത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍

Reading Time: 3 minutes

പ്രവാസജീവിതത്തിന്റെ സാംസ്‌കാരിക ബോധ്യങ്ങളെയും ആവിഷ്‌കാരങ്ങളെയും രാഷ്ട്രീയമായി വിശകലനം ചെയ്യുന്ന എഴുത്ത്. ഹിന്ദുത്വശക്തികള്‍ക്ക് ഇന്ത്യയിൽ
ഭൂരിപക്ഷാധിപത്യത്തോടെ അധികാരം കൈവന്നത് പ്രവാസത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കുന്നു.

ലോകത്ത് മനുഷ്യന്റെ പിറവിയോളം പഴക്കമുണ്ട് അവന്‍ ഇടപെട്ട സാംസ്‌കാരിക ചരിത്രത്തിന്. എന്നാല്‍ അതിന്റെ നൈതികതയും യുക്തിയും സാമൂഹിക പ്രതിബദ്ധതയും കാലാനുസൃതമായി മനുഷ്യര്‍ നേടിയ ജ്ഞാനബോധം കൊണ്ട് വികസിപ്പിച്ചതാണ്. ഓരോ ദേശത്തിനും തനത് സാംസ്‌കാരികത രൂപപ്പെടുന്നത് ഭൂമിശാസ്ത്രപരവും മനുഷ്യവാസസംബന്ധമായ അവസ്ഥകള്‍ക്കും അനുസരിച്ചിട്ടാണ് എന്നതാണ് സാമാന്യമായ ധാരണ. അതിനെ ശരിവെക്കുന്ന കാഴ്ചകള്‍ ഇപ്പോഴും നമുക്ക് മുമ്പിലുണ്ട്. ലോകത്തിലെ ചിലയിടങ്ങള്‍ ഇപ്പോഴും ഇരുണ്ടുതന്നെ കിടക്കുകയാണ്. അവിടെ വേണ്ട രീതിയിലുള്ള ഭൗതികവും ആത്മീയവുമായ മനുഷ്യവികാസത്തിന്റെ ഇടപെടല്‍ സംഭവിക്കാത്തതുകൊണ്ട് കൂടിയായിരിക്കാം അങ്ങനെ നിലനില്‍ക്കുന്നത്. ഈ സംസ്‌കാരിക സ്തംഭനത്തെ സാമ്പത്തിക പുരോഗതി, ജീവിത നിലവാരം തുടങ്ങിയ പരമ്പരാഗത സംജ്ഞയില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല. അവിടെയുള്ള മനുഷ്യര്‍ ഇത്തരം പരിതസ്ഥിതികളിലും ലോകത്തിലെ ഇതര ഭാഗങ്ങളെ തൊഴില്‍ യാത്രക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. ലോകത്താകെ ഉണ്ടായിട്ടുള്ള ഇത്തരം യാത്രയ്ക്ക് അടുക്കും ചിട്ടയും കൈവരുന്നത് പല രാഷ്ട്രങ്ങളും ജനാധിപത്യത്തിലേക്കും രാജഭരണത്തിലേക്കും വഴിമാറുന്നതിലൂടെയാണ്.
ഇത്തരം യാത്രകളെ ആധുനിക ലോകം വിശേഷിപ്പിക്കുന്നത് മനുഷ്യന്റെ പലായനം എന്ന രീതിയില്‍ മാത്രമല്ല. മറിച്ച്, അതിജീവനത്തിന്റെ അന്വേഷണാത്മകത കൂടി ഇത്തരം യാത്രയുടെ ജൈവ പരിസരങ്ങളെ സമ്പന്നമാക്കിയിട്ടുണ്ട്. അധികമല്ലാത്ത കാലം കൊണ്ട് അംഗീകൃത യാത്രകളായിത്തീര്‍ന്ന ഇത്തരം തൊഴില്‍, കുടിയേറ്റ ജീവിതത്തിന്റെ ആധുനിക വിശേഷണം പ്രവാസം എന്നതാണ്. എന്നാല്‍ ഇതേ കാലത്തു തന്നെ അസ്ഥിര ദേശത്തെ മനുഷ്യര്‍ സ്വന്തം ദേശാന്വേഷണത്തിന്റെ ഭാഗമായി ചിതറി ജീവിക്കേണ്ടി വന്ന കാഴ്ചയും നാം കണ്ടു. അതുകൊണ്ടാണ് അഭയാര്‍ഥിത്വവും പ്രവാസവും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസം നിലനില്‍ക്കുന്നത്. ഒന്ന് വേരറ്റുപോയ മനുഷ്യരുടെ ജീവിക്കാനുള്ള ആര്‍ത്തിയുടെയും സഹനത്തിന്റെയും ഭാഗമായി സംഭവിക്കുന്നതാണ്. പ്രവാസം സ്വയം തിരഞ്ഞെടുക്കുന്ന തൊഴില്‍ ജീവിതമാര്‍ഗം കൂടിയാണ്. ഈ അര്‍ഥത്തില്‍ പ്രവാസത്തെ ഒരിക്കലും അഭയാര്‍ഥിത്വത്തിന്റെ രാഷ്ട്രീയ നിര്‍വചനത്തിലേക്ക് വലിച്ചുകെട്ടേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് പ്രവാസത്തെ അഡ്രസ് ചെയ്തുകൊണ്ട് പ്രവാസികളായ മനുഷ്യരുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ ഇടങ്ങളെ കൃത്യമായി നിരീക്ഷിക്കാനും നിര്‍വചിക്കാനും കഴിയുന്നത്.
ഇത്തരമൊരു ബോധ്യത്തില്‍ നിന്നുകൊണ്ടാണ് മലയാളിയുടെ പ്രവാസത്തിന്റെ സമകാല സാംസ്‌കാരിക പരിസരത്തെ രാഷ്ട്രീയമായി പുനര്‍വിചിന്തനം ചെയ്യാന്‍ നാം തയാറാകുന്നത്. പ്രവാസികള്‍ ജീവിക്കുന്ന ഇടം അവിടത്തെ നിയമ സംവിധാനത്താല്‍ നിയന്ത്രിക്കപ്പെടുന്നതും നാം അനുസരിക്കാന്‍ ബാധ്യതപ്പെട്ടവരുമാണ്. അതേസമയം മനുഷ്യസ്വത്വത്തിന്റെ നാനാജാതി വിഭിന്ന ഭാവങ്ങളെയും ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കാനുള്ള സ്വതന്ത്രമായ ഇടങ്ങളാണ് മലയാളി ജീവിക്കുന്ന പ്രവാസ ഭൂമിക.
ആധുനിക രാഷ്ട്രീയ വ്യവഹാരത്തിലെ നിയമങ്ങളെ അംഗീകരിക്കാന്‍ ഓരോ പ്രവാസിയും നിര്‍ബന്ധിതനാണ്. ഇങ്ങനെ നിര്‍ബന്ധിതാവസ്ഥയില്‍ ജീവിക്കുമ്പോഴും പരമാവധി തങ്ങളുടെ സാംസ്‌കാരിക വിനിമയ സാധ്യതകളെ പ്രവാസയിടങ്ങള്‍ സമ്പന്നമാക്കുന്നുണ്ട്. ഇത് കേവലം മലയാളികള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതോ അല്ലെങ്കില്‍ മലയാളികൾ മാത്രം അനുഭവിക്കുന്നതോ ആയ ഒന്നല്ല. പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലെയും മലയാളികളും മറ്റു രാഷ്ട്രങ്ങളിലുള്ളവരും തങ്ങളുടെ സാംസ്‌കാരിക വിനിമയങ്ങളെ ഏറെ ആഹ്ലാദത്തോടെയാണ് അനുഭവിക്കുന്നത്. ഇതില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്തുന്ന ഒരു വിഭാഗം എന്ന രീതിയില്‍ മലയാളികളുടെ ജൈവിക സാംസ്‌കാരിക സ്വത്വ നിർമിതിയുടെ പുനരാവിഷ്‌കാരങ്ങള്‍ എന്നും ഇത്തരം ദേശങ്ങളില്‍ ശക്തമാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ഗള്‍ഫില്‍ കാണുന്ന രീതിയാണിത്.

പ്രവാസ ലോകത്തെ സാംസ്‌കാരിക രീതികള്‍
പ്രവാസലോകത്തിനു മാത്രമായി ഒരു സംസ്‌കാരം ഉണ്ടോ? അങ്ങനെ ചോദ്യം ഉന്നയിച്ചാല്‍ ഉണ്ട് എന്ന് പറയുന്നവരായിരിക്കും ആ മണ്ണില്‍ ജീവിച്ചവര്‍. അതിനു കാരണം, ലോകത്തെ വ്യത്യസ്ത ജീവിതാവസ്ഥയില്‍ നിന്നും സാമൂഹ്യാവസ്ഥയില്‍ നിന്നും എത്തിപ്പെട്ടവര്‍ക്ക് പ്രവാസം എന്നത് ഉപജീവനത്തിന്റെ അഭയകേന്ദ്രമാണ്. അവിടെ ഏതൊരു വ്യക്തിക്കും തന്റേതായ വ്യക്തിപരതയില്‍ ഉറച്ചുനിന്നുകൊണ്ടുമാത്രം മുന്നോട്ടുപോകാന്‍ കഴിയില്ല. പരമാവധി സമ്പര്‍ക്കമാണ് ഓരോ പ്രവാസിയുടെയും തൊഴിലിടത്തെയും സ്വകാര്യ ജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്. ഒരു തൊഴില്‍സ്ഥാപനത്തില്‍ നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ജോലി ചെയ്യുമ്പോള്‍ സംഭവിക്കുന്നത് 100 സംസ്‌കാരങ്ങളുടെ പൊതുഗുണാംശങ്ങള്‍ വിനിമയം ചെയ്യപ്പെടുന്നു എന്നുള്ളതാണ്. ഈ സ്വാഭാവികരീതിയെ മറികടക്കാന്‍ മാത്രം ശക്തമാണ് മലയാളികളുടെ മനസ്. ഗള്‍ഫില്‍ മാത്രം 40 ലക്ഷത്തിലധികം മലയാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സ്വാഭാവികമായും കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ, വൈകാരിക പ്രകടനങ്ങളുടെ അനുഭവങ്ങളില്‍ നിന്നും വന്നവരാണ് ഭൂരിപക്ഷം പേരും. അവരുടെ രാഷ്ട്രീയം പ്രകടിപ്പിക്കാനുള്ള ഒരു സാധ്യതയും ഗള്‍ഫില്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് സാംസ്‌കാരിക പ്രവര്‍ത്തനം ഇത്തരം ദേശങ്ങളില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നത്.
സാംസ്‌കാരിക പ്രസ്ഥാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ അത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയത്തെ പ്രതിധാനം ചെയ്യുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഗള്‍ഫില്‍ സാംസ്‌കാരിക സംഘടനകളായി അറിയപ്പെടുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഒന്നര പതിറ്റാണ്ടു മുമ്പ് വരെ ഈ പ്രസ്ഥാനങ്ങള്‍ പ്രവാസിസമൂഹത്തില്‍ അസഹിഷ്ണുത സൃഷ്ടിക്കാതെ മുന്നോട്ടുപോയിട്ടുണ്ട്. അതിന് മാറ്റം സംഭവിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യ ഭരണസംവിധാനത്തില്‍ ഹിന്ദുത്വ രാഷ്ട്രീയ ആധിപത്യം പടിപടിയായി മേല്‍ക്കോയ്മ നേടിയതോടെയാണ്. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഉണ്ടായ മനുഷ്യവിഭജനമാണ്. മാനവികതയെ മാറ്റിനിര്‍ത്തി മതം കൊണ്ട് ശക്തരാവുക എന്ന ആശയം വലതുപക്ഷ രാഷ്ട്രീയം ശക്തമായി അവതരിപ്പിച്ചു. 2014നു ശേഷം ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഹിന്ദുത്വവാദികള്‍ഇതിന് വലിയ പ്രാധാന്യം കല്പിച്ചു. രാജ്യത്തെ ആഭ്യന്തര സമൂഹത്തില്‍ ഇത് പലപ്പോഴും പ്രതിഷേധത്തിന്റെ പ്രകടിതരൂപമായി മാറുകയും അതിന്റെ പേരില്‍ വര്‍ഗീകരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ മർദിതരും മർദകരും രണ്ടു വിഭാഗമായി മാറിയതും മതവിശ്വാസം ഇതിനെ വര്‍ഗീകരിക്കുന്ന ഘടകമാവുകയും ചെയ്തതോടെ ഇത് ആഗോളശ്രദ്ധ നേടി. ഏതൊരു സംഭവത്തെയും അതേനിമിഷം ലോകത്തെത്തിക്കാന്‍ കഴിയുന്ന സോഷ്യല്‍ സംവേദന വേദികള്‍ അതിന്റെ പ്രചാരകരായി മാറിയതോടെ വര്‍ഗീയ വിഭജന രീതികള്‍ രാജ്യത്തിനു പുറത്തു ചില സ്വത്വപരമായ ഒന്നിപ്പുകളെയും മതപരമായ സംഘടിത പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തി.
പൊതുവേ പുറംരാജ്യങ്ങളില്‍ ഈ പ്രസ്ഥാനങ്ങളൊക്കെ അറിയപ്പെടുന്നത് സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എന്ന രീതിയിലാണ്. ഇത്തരം പ്രസ്ഥാനങ്ങളില്‍ നിന്നും സംസ്‌കാരിക വിരുദ്ധമായ സമീപനങ്ങള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. അയോധ്യ ക്ഷേത്ര വിധിയെ കുറിച്ചുള്ള കോടതി വിധിയും കശ്മീരിന്റെ സവിശേഷപദവി എടുത്തുമാറ്റിയപ്പോഴും പ്രവാസലോകത്ത് അതിനെ അംഗീകരിച്ചുകൊണ്ട് രഹസ്യമായി ചിലര്‍ മധുരം വിളമ്പിയപ്പോള്‍, മറുഭാഗത്ത് തങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് വീണുപോകുന്ന ജനതയാണ് എന്ന് ആധി പങ്കുവച്ചവരും ഉണ്ടായിട്ടുണ്ട്. ഇത്തരം ആശങ്കയ്ക്ക് പുറത്ത് അതിനെ അതിവൈകാരിക രാഷ്ട്രീയ വിഷയമായി സ്വീകരിച്ച എത്രയോ വ്യക്തികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവരുടെ ഒരു പ്രതികരണവും പൊതുവായി പ്രകടിപ്പിക്കാനുള്ള അവസരം പ്രവാസ രാജ്യത്തെ ഭരണക്രമം അനുവദിക്കുന്നില്ല. അതേസമയം തങ്ങളുടെ ആശങ്കകള്‍ അവതരിപ്പിക്കാന്‍ പല പ്രസ്ഥാനങ്ങളും സാംസ്‌കാരിക സംഗമങ്ങള്‍ സംഘടിപ്പിച്ചു. അങ്ങനെ സംവാദങ്ങളും ആശങ്കകളും പങ്കുവെച്ചിട്ടുണ്ട്. ഇത് സൂക്ഷ്മമായി നിരീക്ഷിച്ച് സ്വന്തം രാജ്യത്തെ പുറം രാജ്യത്ത് വെച്ച് വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്ന് പോലും തുറന്നുപറഞ്ഞവരും കുറവല്ല. എന്നാല്‍ അത്തരക്കാര്‍ ആ സമയത്തും ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്ന മതാധിപത്യത്തെക്കുറിച്ചും നിരന്തരം ഇരകളാക്കപ്പെടുന്ന പിന്നാക്ക മർദിത ജനവിഭാഗങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും ഒരക്ഷരം പോലും പറയുന്നില്ല. പകരം ഭരണകൂടം എടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കാന്‍ വേണ്ടിയാണ് ആവശ്യപ്പെടുന്നത്. ഇതിനെ അത്ര പെട്ടെന്ന് സമ്മതിച്ചു കൊടുക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയാറില്ല. ഈ ചുറ്റുപാടിലാണ് പ്രവാസലോകത്തെ സാംസ്‌കാരിക ഇടങ്ങള്‍ രാഷ്ട്രീയപരമായ പ്രതിസന്ധികള്‍ നേരിടുന്നതായി തിരിച്ചറിയപ്പെടുന്നത് ■

Share this article

About ഇ കെ ദിനേശന്‍

ekdinesan@yahoo.com

View all posts by ഇ കെ ദിനേശന്‍ →

Leave a Reply

Your email address will not be published. Required fields are marked *