വാക്കിലുയിര്‍ക്കുന്നു പുതുലോകങ്ങള്‍

Reading Time: 2 minutes

41-ാമത് അന്താരാഷ്ട്ര പുസ്തകമേളക്ക് ഷാര്‍ജയില്‍ നവംബര്‍ 2ന്
തുടക്കമാകുന്നു. ‘വാക്ക് പ്രചരിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ
മേളയുടെ പ്രമേയം. ഇറ്റലിയാണ് അതിഥിരാജ്യം.

പുതിയ വാക്കുകള്‍ പിറക്കുന്നത് വായനയിലൂടെയാണ്. അതിന് നിദാനമാകുന്നത് പുസ്തകങ്ങളും. ഒരു മനുഷ്യന്റെ എന്നല്ല ഒരു രാജ്യത്തിന്റെ തന്നെ സ്വത്വത്തെ നിര്‍ണയിക്കാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുന്നു. ഇതിലൂടെ ബൗദ്ധിക വികാസം സാധ്യമാകുന്നു. ഇത് മാറ്റത്തിനും വികസനത്തിനും രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്നു. വാക്കുകള്‍ പുസ്തകത്തിന്റെ രണ്ട് പുറം ചട്ടകള്‍ക്കുള്ളില്‍ ഒതുക്കപ്പെടേണ്ടതല്ലെന്ന് ചുരുക്കം. എല്ലാ സൃഷ്ടിപരമായ പരിശ്രമങ്ങളുടെയും വിചാരങ്ങളുടെയും കാതല്‍ കൂടിയാണ് വാക്കുകള്‍. ഓരോരുത്തരുടെയും നിത്യജീവിതത്തില്‍ അടയാളപ്പെട്ടു കിടക്കുക കൂടി ചെയ്യുന്നുണ്ട് വാക്കുകള്‍. എഴുതപ്പെട്ട വാക്കിന്റെ ശക്തിയുടെ തോതനുസരിച്ച് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ചിലര്‍ക്കത് സ്വീകാര്യമാവുകയും ചിലരെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യും. സാംസ്‌കാരിക വൈവിധ്യത്തെ മാനിക്കുന്നതില്‍ വാക്കുകള്‍ക്ക് ചിലത് ചെയ്യാനുണ്ട്. അതുകൊണ്ടാണ് ഫാഷിസം വാക്കുകളെ ഭയക്കുന്നതും.
നാല്പത്തിയൊന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രമേയം “വാക്ക് പ്രചരിപ്പിക്കുക’ (Spread the Word) എന്നതാണ്. എഴുതപ്പെട്ട വാക്കിന്റെ ശക്തിയെക്കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും സംവാദങ്ങളും പുസ്തകോത്സവത്തിലുണ്ടാകും. ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് പ്രഭാഷണങ്ങള്‍ നടക്കും. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് എല്ലാ വര്‍ഷവും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേള സംഘടിപ്പിക്കുന്നത്. പുസ്തകങ്ങളുടെ യഥാർഥ മൂല്യവും രാഷ്ട്രത്തിന്റെ വികസന പാതയില്‍ അതിന്റെ രൂപവത്കരണ പങ്കും ഷാര്‍ജ മനസിലാക്കുന്നു.
“നാഗരികതകള്‍ കെട്ടിപ്പടുക്കുന്നതിലും മനുഷ്യാവബോധത്തില്‍ പ്രകടമായ സ്വാധീനം ചെലുത്തുന്നതിലും രചയിതാക്കളുടെയും സര്‍ഗാത്മകതയുടെയും ബുദ്ധിജീവികളുടെയും സ്വാധീനവും ഇത് ഉറപ്പിക്കുന്നു. പുസ്തകങ്ങള്‍ സമ്പദ്ഘടനയുടെ എന്‍ജിനുകളാണ്. മാറ്റത്തിന്റെ നിര്‍മാതാക്കളും വികസന വഴിയുമാണ്. അവയില്ലാതെ അറിവിലോ ശാസ്ത്രത്തിലോ നിക്ഷേപത്തിലോ ഒരു നേട്ടവും കൈവരിക്കാനാവില്ല’. ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ റക്കദ് അല്‍ ആമിരി ചൂണ്ടിക്കാട്ടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2213 പ്രസാധകര്‍ പുസ്തകമേളയില്‍ പങ്കെടുക്കും. പതിനഞ്ച് ലക്ഷം ശീര്‍ഷകങ്ങളും 95 രാജ്യങ്ങളുടെ പങ്കാളിത്തവുമുണ്ടാകും. 129 എഴുത്തുകാര്‍ അതിഥികളായി മേളയിലെത്തും. 17 സാംസ്‌കാരിക പരിപാടികള്‍, 200 ഇതര ഇവന്റുകള്‍ എന്നിവ അരങ്ങേറും. ഇന്ത്യയില്‍ നിന്ന് ബുക്കര്‍ ജേത്രി ഗീതാഞ്ജലി മിത്ര അതിഥിയായിരിക്കും. കേരളത്തില്‍ നിന്ന് ഡിസി ബുക്സ്, മാതൃഭൂമി, ഐപിബി തുടങ്ങിയ നൂറോളം പ്രസാധകരെത്തും.
യുഎഇയില്‍ മലയാളി കൂട്ടായ്മകള്‍ക്ക് പുസ്തകപ്പൂരം ആയിരിക്കും ഈ ദിവസങ്ങൾ. രിസാല സ്റ്റഡി സര്‍ക്കിള്‍, ഇന്ത്യന്‍ അസോസിയേഷന്‍, മലയാളി സമാജം, അക്ഷരക്കൂട്ടം, എഴുത്തോല, മലയാള സാഹിത്യ വേദി, കലാലയം സാംസ്‌കാരിക വേദി തുടങ്ങിയ സംഘടനകളുടെ സാഹിത്യ ചര്‍ച്ചകള്‍, സ്റ്റാളുകള്‍, പുസ്തക പ്രകാശനം എന്നിവ വിപുലമായിത്തന്നെ സംഘടിപ്പിക്കപ്പെടും.
പ്രവാസലോകത്തെ മലയാളി എഴുത്തുകാരുടെ ഒട്ടേറെ പുസ്തകങ്ങൾ മേളയിൽ പ്രകാശിതമാകും. കെ പി റസീനയുടെ ആകാശം തൊടുന്ന പൂമരങ്ങള്‍, ഹുസ്ന റാഫിയുടെ തേമിസ്, റസീന ഹൈദറിന്റെ പല്ലില്ലാത്ത ചിരികള്‍, സൈഫുദ്ദീന്‍ തൈക്കണ്ടിയുടെ മൊവൈല, പ്രീതി രഞ്ജിത്തിന്റെ ബന്ദൂരിയ, ബബിതയുടെ മസറ, ഷാജി ഹനീഫിന്റെ അജ്ഞാതരായ അതിഥിപ്പറവകള്‍, ഇസ്മായില്‍ മേലടിയുടെ വാര്‍ത്തകള്‍ ഓര്‍മിക്കാനുള്ളതല്ല തുടങ്ങിയ നൂറോളം പുസ്തകങ്ങളാണ് മേളയില്‍ പ്രകാശിതമാകുന്നത്.
പുസ്തക പ്രേമത്തിനപ്പുറം ഒരു സാംസ്‌കാരിക കൈമാറ്റമാണ് ഓരോ പുസ്തകമേളയിലും സംഭവിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന പ്രവാസി മലയാളികളുടെ ഈ പുസ്തകമേള വലിയ ഒരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഓരോ മേളയും സമാപിക്കുമ്പോള്‍ വരും വര്‍ഷത്തേക്കുള്ള കാത്തിരിപ്പ് വലിയ നോവായാണ് അനുഭവപ്പെടുക ■

Share this article

About നിസാര്‍ പുത്തന്‍പള്ളി

nizarputhanpally@gmail.com

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *