ഓണ്‍ലൈന്‍ ചൂതാട്ടം: കളിലഹരിയുടെ ചതുപ്പുനിലങ്ങള്‍

Reading Time: 4 minutes

ഓണ്‍ലൈന്‍ ഗെയിമുകളുടെ ചടുലമായ ദൃശ്യങ്ങളും വേഗവുമായി നമ്മുടെ ഇന്ദ്രിയങ്ങള്‍ വളരെ വേഗം പൊരുത്തപ്പെടുകയും ആസ്വദിക്കുകയും ചെയ്യും. ഗെയിമുകള്‍ അവസാന നിമിഷം വരെ ത്രസിപ്പിച്ചു നിര്‍ത്തുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്നതിനാല്‍ എളുപ്പം വീണുപോകുന്നു. ആസക്തി ജ്വലിപ്പിക്കും വിധം ഡിജിറ്റല്‍ സാങ്കേതികവിദ്യ എങ്ങനെ രൂപകല്പന ചെയ്തിരിക്കുന്നുവെന്ന് ഉപയോക്താക്കള്‍ക്ക് അറിയില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വിജയിക്കുന്നയാളുകള്‍ക്ക് വീണ്ടും കളിക്കാന്‍ താല്പര്യം സൃഷ്ടിക്കും. തോല്‍വി മുന്നിലെത്തും വരെ വിജയിക്കുമെന്ന തോന്നലുണ്ടാക്കും. തോറ്റാല്‍ അടുത്ത തവണ ജയിക്കാമെന്ന ആത്മവിശ്വാസം നിലനിര്‍ത്തും. തുടരെത്തുടരെ തോല്‍വി ഏറ്റുവാങ്ങുമ്പോഴും വിജയം തൊട്ടടുത്തുണ്ടെന്ന പ്രതീതി സൃഷ്ടിക്കും. കളിക്കാരെ അവസാന നിമിഷം വരെ ത്രസിപ്പിച്ചു നിര്‍ത്തിയ ശേഷമാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ ജയിപ്പിക്കുകയോ തോല്പിക്കുകയോ ചെയ്യുന്നത്. ആദ്യം വിജയത്തിന്റെ ചെറിയ മധുരം പുരട്ടിക്കൊടുത്ത ശേഷം തോല്‍വികളുടെ ചതുപ്പുകുഴികളിലേക്ക് പതിയെ വീണുകൊണ്ടിരിക്കും. മായാലോകത്തെ ചതിക്കളികളില്‍ കുടുങ്ങി സമ്പാദ്യം നഷ്ടമാകുമ്പോഴാണ് തിരിച്ചുകയറാന്‍ കഴിയാത്ത വിധം പെട്ടുപോയെന്ന യാഥാർഥ്യബോധമുണരുക.
ജീവിതവും സമ്പാദ്യവും നഷ്ടമാവുകയോ ലഹരിക്കടിമപ്പെടുകയോ മാനസിക നില തെറ്റുകയോ ആത്മഹത്യയില്‍ അഭയം തേടുകയോ അങ്ങനെ എന്തു പ്രത്യാഘതവും ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ സമ്മാനിക്കാമെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍. റമ്മി ഗെയിം ഉള്‍പ്പെടെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ കുടുങ്ങി വലയുന്ന യൗവനം കേരളത്തിന്റെ മാത്രം പ്രശ്നമല്ല. നിയമത്തിന്റെ സാങ്കേതികതയുടെ ആനുകൂല്യങ്ങള്‍ കാരണം നിരോധിക്കപ്പെട്ടില്ലെന്ന ഒഴികഴിവിലാണ് ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകള്‍ ചെറുപ്പക്കാരെ വല വീശിപ്പിടിക്കുന്നത്.

കോടികളുടെ ചൂതാട്ട വിപണി
ലോട്ടോ ടിക്കറ്റുകള്‍ വാങ്ങുന്നതും സ്പോര്‍ട്സ് ഗെയിമുകളില്‍ വാതുവെയ്ക്കുന്നതും കാസിനോ മോഡല്‍ ചൂതാട്ടവും ജനപ്രിയ വിനോദമാണ്. പണം വെച്ചുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത ഗെയിമുകളില്‍ ഓണ്‍ലൈന്‍ ചൂതാട്ടമാണ് ഏറ്റവും വേഗത്തില്‍ വളരുന്നതെന്ന്, 2011 അവസാനത്തോടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഏകദേശം 10 ദശലക്ഷം യുഎസ് ഡോളര്‍ വരുന്ന വിപണിയാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റേതെന്നാണ് കണക്കുകള്‍. ഓണ്‍ലൈന്‍ ചീട്ടുകളിയും വാതുവയ്പ്പും നിയമവിരുദ്ധമാണെന്ന ദീര്‍ഘകാല നിലപാട് തിരുത്തി യു എസ് നീതിന്യായ വകുപ്പ് ഇന്റര്‍നെറ്റ് ചൂതാട്ടത്തിലേക്കുള്ള വാതില്‍ തുറന്നിരിക്കുന്നതിനാല്‍, അവിടെ മാത്രം ഓണ്‍ലൈന്‍ പോക്കറിന് (ചീട്ടുകളി) പ്രതിവര്‍ഷം ആറു ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലത് എത്രത്തോളം വരുമെന്ന കൃത്യമായ വിവരം ലഭ്യമല്ല. ആഗോള ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഇപ്പോള്‍ 30 ബില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കപ്പെടുന്നു.

ചതിക്കുരുക്കൊരുക്കുന്ന റമ്മികള്‍
ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ പെട്ട് കേരളത്തില്‍ ഇതുവരെ ഇരുപതു പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം നഷ്ടപ്പെട്ടു തുടങ്ങിയാല്‍ പിന്നീട് തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയാല്‍ വീണ്ടും കളിക്കളത്തിലേക്ക് ആവേശത്തോടെ ഇറങ്ങുകയാണ്. ഒടുക്കം മൂക്കു കുത്തിയൊരു വീഴ്ചയാണ്. അപ്പോള്‍ സാമ്പത്തിക സാഹചര്യം മാത്രമല്ല മാനസികവും ശാരീരികവുമായ നില തെറ്റിക്കും. കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട എല്ലാ ദുരന്തങ്ങളും ഏറെക്കുറെ സമാനമായ പാറ്റേണിലാണ് സംഭവിച്ചത്. വീണ്ടും വീണ്ടും കളിക്കും. ആദ്യം കുറച്ചു പണം കിട്ടും. പിന്നീട് ഓരോ തവണ പണം നഷ്ടമാകുമ്പോഴും തിരിച്ചുപിടിക്കാമെന്ന വ്യര്‍ഥചിന്ത. ഒടുവില്‍ കുഴിയില്‍ വീണുപോവുന്നു. റമ്മി കളിക്കാരില്‍ കൂടുതലും ചെറുപ്പക്കാരാണ്. വളരെ ചുരുക്കം ചിലര്‍ക്കു മാത്രമാണ് ചില്ലറത്തുട്ടുകള്‍ തിരിച്ചു കിട്ടിയത്. പലരും പുറത്തുപറയാനുള്ള മടിയില്‍ ഓണ്‍ലൈന്‍ നഷ്ടക്കഥകള്‍ മൂടിവെക്കുകയാണ്.
സമ്മാനം കിട്ടിയാല്‍ പണം അക്കൗണ്ടില്‍ ഉടന്‍ ക്രെഡിറ്റാവില്ലെങ്കിലും തോറ്റാല്‍ നിമിഷങ്ങള്‍ക്കകം അക്കൗണ്ടില്‍ നിന്നു പണം നഷ്ടമാകുമെന്നാണ് ഇരകളുടെ സാക്ഷ്യം. ഓണ്‍ലൈന്‍ ചീട്ടുകളിയിലൂടെ ജീവിതകാലത്തെ മുഴുന്‍ സമ്പാദ്യവും മാനസിക- ശാരീരികാരോഗ്യവുമാണ് നഷ്ടമാവുക എന്ന തിരിച്ചറിവിലേക്കെത്തുമ്പോഴേക്കും പക്ഷേ ഒരുപാട് വൈകിപ്പോകും.
ഒറ്റ ദിവസം കൊണ്ട് എട്ടു ലക്ഷം നഷ്ടപ്പെട്ട പത്തനംതിട്ട കോന്നിയിലെ യുവാവിന്റെ വാര്‍ത്ത മൂന്നു മാസം മുമ്പാണ് പുറത്തുവന്നത്. സമ്പാദ്യം നഷ്ടപ്പെട്ട് കടക്കെണിയിലായ യുവാവ് മാനസികനില തെറ്റി ചികിത്സ തേടുകയായിരുന്നു. ഒരാഴ്ച കൊണ്ട് ഇദ്ദേഹത്തിന്റെ അമ്പതു ലക്ഷമാണ് ആവിയായിപ്പോയത്.
കോഴിക്കോട്ട് ഇരുപത്തിമൂന്നുകാരന്‍ റമ്മി കളിച്ച് ലഹരിക്കടിപ്പെട്ടെങ്കിലും ഭാഗ്യം കൊണ്ടു ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. പരസ്യം കണ്ട് പിന്തുടര്‍ന്നാണ് റമ്മി ഗെയിമിലേക്കെത്തിയത്. ഒന്നേകാല്‍ ലക്ഷത്തോളം നഷ്ടമായ വേദനയില്‍ കഞ്ചാവില്‍ അഭയം തേടി. പണം നഷ്ടപ്പെട്ട വേദന തീര്‍ക്കാന്‍ മാത്രമായിരുന്നില്ല നാളെ കളിക്കാന്‍ ആരോടു കടം വാങ്ങുമെന്ന വേവലാതി കൂടിയാണ് ഈ ചെറുപ്പക്കാരനെ ലഹരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. കഞ്ചാവു വലിച്ചാല്‍ പണം നഷ്ടപ്പെട്ട വേദന താല്‍ക്കാലികമായി മറക്കുമത്രെ. ലഹരിയില്‍ അച്ഛനെയും അമ്മയെയും ഉപദ്രവിച്ചു തുടങ്ങിയതോടെയാണ് പലരും ഇടപെട്ടത്, ചികിത്സയ്ക്കു വഴിയൊരുക്കിയത്. ജീവിതത്തിലേക്ക് പതിയെ തിരിച്ചുകയറുന്ന യുവാവ് പശ്ചാത്താപത്തോടെയാണ് ദുര്‍നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നത്.
ഭര്‍ത്താവിന്റെ റമ്മി കളി കാരണം ഭാര്യക്ക് ലക്ഷങ്ങളുടെ സമ്പാദ്യം നഷ്ടമായതും കേരളത്തില്‍. വീട്ടുപണിയെടുത്ത് സ്വരുക്കൂട്ടിയ യുവതിയുടെ അക്കൗണ്ടിലുള്ള മൂന്നരലക്ഷം രൂപയാണ് ഭര്‍ത്താവ് റമ്മി കളിച്ചു കളഞ്ഞത്. വീടു പണിക്കായി കരുതിവെച്ചതായിരുന്നു പണം.
കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ ബിജിഷ ഓണ്‍ലൈന്‍ റമ്മിയുടെ ഉടഞ്ഞുപോയ ഏടാണ്. ഇരുപത് ലക്ഷം രൂപയാണ് കളിച്ചുതീര്‍ത്തത്. ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകള്‍ ഇവരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മുഖേന നടന്നുവെന്നും മരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തി. നന്നായി പഠിച്ചിരുന്ന, മാതൃകാപരമായ സ്വഭാവത്തിനുടമായിരുന്ന ബിജിഷ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരിയായിരുന്ന അവള്‍ ഒഴിവുവേളകളിലാണ് റമ്മി കളി തുടങ്ങിയത്. കളി കൈവിട്ടു. വിവാഹത്തിനായി മാതാപിതാക്കള്‍ സ്വരുക്കൂട്ടിവെച്ച 25 പവന്‍ സ്വര്‍ണം പലപ്പോഴായി പണയം വെച്ചു, സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങി, എന്നിട്ടും ഓണ്‍ലൈന്‍ ഗെയിമിന്റെ പിടുത്തത്തില്‍ നിന്നു രക്ഷപ്പെട്ടില്ല. കോവിഡ് സമയത്തായിരിക്കും ഗെയിമിന് അടിമപ്പെട്ടതെന്നാണ് വീട്ടുകാര്‍ കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനായിരുന്ന സജയ് കുമാര്‍ ലക്ഷങ്ങളാണ് കളിച്ചു കളഞ്ഞത്. കടക്കെണിയില്‍ നിന്നു തലയൂരാനാകാതെ ജീവിതം കുരുതികൊടുക്കുകയായിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയും കരാര്‍ ജീവനക്കാരനുമായ വിനീതിന് 21 ലക്ഷം രൂപയാണ് ഗെയിം കളിച്ച് നഷ്ടമായത്. ഒരു വര്‍ഷമായി റമ്മിക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍. പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ആ കളി അവസാനിച്ചത് ആത്മഹത്യയിലാണ്.
ഓണ്‍ലൈന്‍ റമ്മി സൈറ്റുകളില്‍ പല കളികളുമുണ്ട്. ആദ്യം കുറച്ചു പണം കിട്ടും. പിന്നീട് നഷ്ടങ്ങളുടെ പരമ്പരയാണ് കാത്തിരിക്കുക. കിട്ടാവുന്നിടത്തു നിന്നെല്ലാം പണം കണ്ടെത്തും. ഒടുവില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വായ്പയെടുക്കും. അതുവഴി ഓണ്‍ലൈന്‍ ആപ്പുകാര്‍ക്ക് അവരുടെ ഫോട്ടോ ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ സ്വന്തമാകും. ഓണ്‍ലൈന്‍ വഴി ലോണിന് വലിയ സമയമെടുക്കില്ല. പക്ഷെ ലോണ്‍ അടവു തെറ്റിയാല്‍ അവരുടെ കോണ്‍ടാക്ടിലുള്ളവര്‍ക്കെല്ലാം ഈ വ്യക്തി ഫ്രോഡ് ആണെന്നു കാണിച്ച് ഫോട്ടോ സഹിതം മെസേജുകള്‍ പറക്കും. ഒരു വ്യക്തി മാനസികമായി തകരാന്‍ ഇതിലധികം എന്തു വേണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ മാർകറ്റിങ് വിഭാഗം ജീവനക്കാരിക്കു ജോലി ഉപേക്ഷിക്കേണ്ടിവന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നെടുത്ത ലോണ്‍ കാരണമായിരുന്നു.

പിടിച്ചുനിര്‍ത്തുന്ന പരസ്യ ചൂണ്ടകള്‍
ആകര്‍ഷകമായ പരസ്യം കണ്ടാണ് പലരും ഓണ്‍ലൈന്‍ ചൂതാട്ടത്തിലേക്കാകര്‍ഷിക്കപ്പെടുന്നത്. “മലയാളികള്‍ക്ക് റമ്മി എത്ര ഇഷ്ടമാണെന്നു നമുക്കറിയാം. എന്റെ ഒരു സുഹൃത്താണ് ഓണ്‍ലൈന്‍ റമ്മി കളിക്ക് എന്ന് എന്നോടു പറഞ്ഞത്. ലോകത്ത് നാലു കോടി ജനങ്ങളാണ് ഈ റമ്മി കളിക്കുന്നത്. ഫ്രീ റമ്മി കളിച്ചും നിങ്ങള്‍ക്കു ജയിക്കാം, ലക്ഷങ്ങള്‍ നേടാം..’ ഇങ്ങനെ പോകുന്നു പരസ്യവാചകങ്ങള്‍. പറയുന്നത് മലയാളികളെ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ച താരങ്ങളോ കളിക്കാരോ ഒക്കെയാകും.
ചൂതാട്ട പരസ്യങ്ങള്‍ വിവാദമായപ്പോള്‍ ചിലരൊക്കെ പിന്മാറിയിരുന്നു. മനം മയക്കുന്ന മോഹന വാഗ്ദാനങ്ങളിലൂടെയാണ് ഓണ്‍ലൈന്‍ റമ്മികള്‍ ആളെക്കൂട്ടിയത്. കോവിഡ് അടച്ചിടല്‍ കാലത്താണ് ചിലരൊക്കെ പരസ്യങ്ങളില്‍ അഭിനയിച്ചതത്രേ. ഭൂരിഭാഗം ചെറുപ്പക്കാരും ഗെയിമുകളില്‍ കുടുങ്ങിയതും അക്കാലത്താണ്. വിവിധ മാധ്യമങ്ങള്‍ വഴി വമ്പന്‍ പരസ്യങ്ങളാണ് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
ഓണ്‍ലൈന്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ പശ്ചാത്തപിച്ച കൊച്ചി ചെട്ടിക്കാട് മുനമ്പത്തെ ആന്റണി ജാക്സണ്‍ പറഞ്ഞത്, റമ്മി കളിച്ചതുകൊണ്ടുള്ള നേട്ടമല്ല അഭിനയത്തോടുള്ള ഇഷ്ടമായിരുന്നു പരസ്യത്തില്‍ വേഷമിടാന്‍ കാരണം എന്നാണ്. കാശു വെച്ച് റമ്മി കളിക്കുന്നതിനോട് അശേഷം യോജിപ്പില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ആരും ഓണ്‍ലൈന്‍ റമ്മി കളിച്ച് കുഴിയില്‍ ചാടരുതെന്നും പരസ്യം തന്റെ ജീവിതാനുഭവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും റമ്മി പരസ്യത്തില്‍ വേഷമിട്ട പാലക്കാട് എലപ്പുള്ളി പ്രതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കിയതാണ്. റമ്മിയായിരുന്നില്ല കൊച്ചി ലെ മെറിഡിയനിലെ താമസവും പതിനായിരം രൂപ പ്രതിഫലവും ആയിരുന്നു പ്രതീഷിനെ ആകര്‍ഷിച്ചത്.

നിരോധനാധികാരം സംസ്ഥാനങ്ങള്‍ക്ക്
ഓണ്‍ലൈന്‍ ഗെയിമുകള്‍ സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണ്. നിയമനിര്‍മാണം നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ നിയമസാധുത ഉണ്ടെങ്കില്‍ കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടകം, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങള്‍ റമ്മി ഉള്‍പ്പെടെ പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ വിജ്ഞാപനങ്ങള്‍ ചോദ്യം ചെയ്യുകയും ഹൈക്കോടതികള്‍ നിരോധനം റദ്ദാക്കുകയുമായിരുന്നു. ഗെയിമിംഗ് നിയമത്തിലെ ഗെയിം ഓഫ് സ്‌കില്‍ വിഭാഗത്തില്‍ പെടുന്ന കളികള്‍ നിയമം മൂലം നിരോധിക്കാന്‍ കഴിയില്ല. എന്നാല്‍ ഗെയിം ഓഫ് ചാന്‍സ് എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗെയിമുകള്‍ സര്‍ക്കാരിനു നിയന്ത്രിക്കാന്‍ കഴിയും.
മുന്‍ തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ വിലക്കി വിജ്ഞാപനം ഇറക്കിയെങ്കിലും കോടതി റദ്ദാക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായി നിരവധി പേര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് 2022 സെപ്തംബര്‍ 26ന് തമിഴ്നാട് സര്‍ക്കാര്‍ നിയമഭേദഗതി നടത്തി ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഗവര്‍ണറുടെ അനുമതിയോടെ ഒക്ടോബറില്‍ നിയമം പ്രാബല്യത്തില്‍ വന്നു. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജ് കെ ചന്ദ്രുവിന്റെ നേതൃത്തിലുള്ള സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു ബില്‍ അവതരിപ്പിച്ചത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിങ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുതെന്നും നിയമം വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്നതാണ് നിയമം.
കേരളത്തിലും 2021ല്‍ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം മൂലം വിലക്കിയെങ്കിലും നാലു ഗെയിം കമ്പനികള്‍ ഹരജിയുമായി സമീപിച്ചതിനെ തുടര്‍ന്ന് അതേവര്‍ഷം സെപ്തംബറില്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 1960ലെ ഗെയിമിങ് ആക്ട് സെഷന്‍ 3 ഭേദഗതി ചെയ്താണ് ഓണ്‍ലൈന്‍ ചൂതാട്ടം വിലക്കിയിരുന്നത്. സാമൂഹിക വിപത്തായി മാറിയതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി ഉത്തരവിറക്കിയത്. ആത്മഹത്യകളും മറ്റും കൂടിയതോടെ, പണംവെച്ചുള്ള ഓണ്‍ലൈന്‍ റമ്മി പിഴവുകളില്ലാതെ നിരോധിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന നിയമവകുപ്പ്. (1867ലെ പൊതുചൂതാട്ട നിയമം, ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതോ ചുമതല വഹിക്കുന്നതോ നിരോധിക്കുന്നുണ്ട്. നിയമം ലംഘിച്ചാല്‍ 200 രൂപ പിഴ, 3 മാസം വരെ തടവ് തുടങ്ങി ലഘുവായ ശിക്ഷയാണ് വിഭാവന ചെയ്യുന്നത്).

ഈയാം പാറ്റകളാവരുത്
ഇന്റര്‍നെറ്റ് ചൂതാട്ടം മറ്റ് പല ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും പോലെ കുറ്റകൃത്യങ്ങളിലേക്കുള്ള അപകടസാധ്യത വഹിക്കുന്നുണ്ട്. അതിനാല്‍ കരുതല്‍ കൂടിയേ തീരൂ. ഓണ്‍ലൈന്‍ ഗെയിമുകളുടെ ചടുലമായ ദൃശ്യങ്ങളും വേഗവുമായി നമ്മുടെ ഇന്ദ്രിയങ്ങള്‍ വളരെ വേഗം പൊരുത്തപ്പെടുകയും ആസ്വദിക്കുകയും ചെയ്യും. ഗെയിമുകള്‍ അവസാന നിമിഷം വരെ ത്രസിപ്പിച്ചു നിര്‍ത്തുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്നതിനാല്‍ എളുപ്പം വീണുപോകുന്നു. ആസക്തി ജ്വലിപ്പിക്കും വിധം ഡിജിറ്റല്‍ സാങ്കേതികവിദ്യ എങ്ങനെ രൂപകല്പന ചെയ്തിരിക്കുന്നുവെന്ന് ഉപയോക്താക്കള്‍ക്ക് അറിയില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സോഷ്യല്‍ നെറ്റ്്‌വര്‍ക്കുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, ഗെയിമുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍, ഉപയോക്താക്കളെ തിരികെയെത്തിക്കാന്‍ പ്രേരിപ്പിക്കുന്നതും പ്രചോദനാത്മകവുമായ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ഇവയില്‍ “ദൗര്‍ലഭ്യത’ (ഒരു ഓഫര്‍ നിശ്ചിത സമയത്തേക്കു മാത്രമേ ലഭ്യമാകൂ, അതുകൊണ്ട് വേഗത്തില്‍ ഉപയോഗപ്പെടുത്തൂ എന്ന ആഹ്വാനം), സോഷ്യല്‍ പ്രൂഫിങ് (ഇത്ര ആയിരം പേര്‍ ഈ ഗെയിം കളിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ ഇത് തരംഗമാണ്. നിങ്ങളും മിസ്സാക്കാതിരിക്കൂ എന്ന സന്ദേശം), പരസ്പര വിനിമയം (അധിക പോയിന്റ് അല്ലെങ്കില്‍ സമ്മാനം ലഭിക്കാന്‍ കൂടുതല്‍ സുഹൃത്തുക്കളെ ക്ഷണിക്കുക) തുടങ്ങി മനുഷ്യരുടെ ആഗ്രഹങ്ങളെയും ആസക്തികളെയും ചോദനകളെയും ഇരട്ടിപ്പിക്കും വിധത്തിലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ സാങ്കേതിക വിദ്യകളുടെ രൂപകല്പന. അതിനാല്‍, നഷ്ടപ്പെടുമോ എന്ന ഭയം ഓണ്‍ലൈന്‍ ഗെയിമുകളുടെ ഡിസൈനിന്റെ പല സവിശേഷതകളുടെയും ഹൃദയമാണ് എന്ന് പ്രൊഫ. റയാന്‍ അലി, എമിലി ആര്‍ഡെന്‍, ജോണ്‍ മക്ലാനെ എന്നിവരുടെ പഠനം (ദ കോണ്‍വര്‍സേഷന്‍/ 12.06.2018) വ്യക്തമാക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന “ഗെയിമിങ് ഡിസോര്‍ഡര്‍’ (ഗെയിമുകള്‍ക്ക് അടിമപ്പെടല്‍) എന്നത് രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ്. ഡിജിറ്റല്‍ ആസക്തിയുടെ ഗുരുതരവും അതിവേഗം വളരുന്നതുമായ പ്രശ്‌നം ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിരിക്കുന്നു. ഉപയോക്താക്കളുടെ ഡിജിറ്റല്‍ ക്ഷേമത്തില്‍ (ഡിജിറ്റല്‍ വെല്‍ബീയിങ്) ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അടുത്തിടെ ഗൂഗ്ള്‍ പ്രഖ്യാപിച്ചതും വിഷയത്തിന്റെ ഗൗരവം ഉയര്‍ത്തുന്നു. ബോണസ് പോയിന്റും പണത്തോടുള്ള ആര്‍ത്തിയും ആസക്തിയും കോര്‍ത്തിണക്കി ആകര്‍ഷകമായ വലയൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളുടെ ചതിക്കുഴികളെക്കുറിച്ച് സമൂഹ മനസ്സാക്ഷി ഉണരാന്‍ വൈകുന്നത് വലിയ അപകടമത്രെ. ചതിക്കുഴികളുടെ കളിലഹരിയിലേക്ക് ഇനിയും ചെറുപ്പം പറന്നു വീണുകൂടാ ■

Share this article

About വി കെ ജാബിര്‍

vkjabir@gmail.com

View all posts by വി കെ ജാബിര്‍ →

Leave a Reply

Your email address will not be published. Required fields are marked *