മഴ വിശേഷങ്ങള്‍

Reading Time: < 1 minutes

റിയാസ് കളമശ്ശേരി

നല്ല മഴയുണ്ട്
മണ്ണും മനസും
നനഞ്ഞെന്ന്
സ്റ്റാറ്റസ് ഇട്ടു.
വ്യൂവേഴ്‌സിന്റെ എണ്ണം
നോക്കിയിരിക്കുമ്പോള്‍
എ സി ഓഫാക്കി
ജനാല തുറന്നതാണ്.
തൊട്ടപ്പുറത്തെ
പാത്തൂത്താന്റെ
പൊരേലെ ഷീറ്റ്
പാറിപ്പോകുന്നുണ്ട്
ഉമ്മുമ്മ നനയുന്നുണ്ട്.
അയ്യപ്പേട്ടെന്റെ
പീടികത്തിണ്ണയിലിരുന്ന്
ഒരു കിളവി പറയുന്നുണ്ട്
ശരീരവും ജീവിതവുമാകെ
നനഞ്ഞുകുതിര്‍ന്നെന്ന്.
സ്‌കൂള്‍ വിട്ട് വരുമ്പോള്‍
കുടയൊന്നും വേണ്ട,
മഴ നനയാനിഷ്ടമെന്ന്
പറഞ്ഞ കൂട്ടുകാരനെ
ഓര്‍മ വന്നു,
അവനപ്പോഴുമെന്റെ
ചോറ്റുപാത്രത്തിലേക്ക്
ഇടക്കണ്ണിട്ട്
നോക്കുമ്പോള്‍
മിഴി നനഞ്ഞതെനിക്കിപ്പോ
ഓര്‍മ വരുന്നുണ്ട്.
അന്നവന്‍ പറഞ്ഞതൊക്കെ
കള്ളമാണെന്നോര്‍ത്ത്
എന്റെ കവിളുകളിപ്പോള്‍
നനയുന്നുണ്ട്.
വിശപ്പ് തിന്ന്
മരിച്ചത്രെ,
അവനും അമ്മയും! .

Share this article

About റിയാസ് കളമശ്ശേരി

View all posts by റിയാസ് കളമശ്ശേരി →

Leave a Reply

Your email address will not be published. Required fields are marked *