കൂട്ട്

Reading Time: < 1 minutes

എന്നുമേ കൂട്ടായ് കാത്തിരിക്കുന്നു ഞാന്‍ നിത്യം
എന്നോടടുക്കും മൃത്യുവേ നിന്നെ ഞാന്‍
ഏകാന്തമാം എന്‍ വീഥിയില്‍ വെളിച്ചമായ്
ഏക നിത്യസത്യമായ് വിളങ്ങിടും മരണമേ
കര്‍മങ്ങള്‍ ഇനിയും ചെയ്തു തീര്‍ത്തീടുവാന്‍
കര്‍മനിരതയായ് തീര്‍ക്കുന്നിതെന്നെ നീ
കാറ്റില്‍ ഉലയാതെ മാരിയില്‍ നനയാതെ
കനലില്‍ ഉരുകാതെ ഇരുളില്‍ പതറാതെ കാക്കുന്നു
ദുഃഖമേ നീയെന്നും പടിക്കു പുറത്തു തന്നെ
ദുരിതമേ നിനക്കാവില്ലെന്നെ തളര്‍ത്താന്‍ ഒരിക്കലും
ദൂരെയല്ലാത്തൊരു കൂട്ടുകാരന്‍ എന്നുമെന്‍ കൂടെ
ദുനിയാവിലുള്ളിടത്തോളമെന്‍ നിഴലായ്
ഒന്നിനേം ചേര്‍ത്തുവെക്കേണ്ട നീ എന്നെപ്പോഴും
ഒരുനാള്‍ വെറും കൈയാല്‍ ഭൂമിയില്‍ വന്ന നീ
ഒന്നും കൊണ്ടുപോവില്ലെന്നറിഞ്ഞിട്ടും പായുന്നു
മൂഢമാം എന്‍ചിന്താതലത്തില്‍ അഗ്‌നിയായ്
മൂഢവിചാരങ്ങളില്‍ കത്തിപ്പടര്‍ന്നു നീ ശേഷം
മൂടിവെക്കുന്നു ഞാനെന്‍ ദുരാഗ്രങ്ങളെ.

മൂടിപ്പുതച്ചുറങ്ങുന്നു
നീയെന്ന സത്യം പുണര്‍ന്നങ്ങനെ
ഞാന്‍ പിറന്ന അന്നേ നീ
എനിക്ക് കൂട്ടായി കൂടെ
ഞാനറിയുന്നതോ വൈകിയ വേളയില്‍
ഞാനെന്ന ഭാവം പേറി അലഞ്ഞതോ ഏറെ
ഞാനിന്നറിയുന്നു നിന്‍ സ്നേഹ സാമീപ്യം
സ്നേഹമായ് സൗമ്യമായ് സാന്ത്വനമായ് തീരാന്‍
സ്നേഹത്തിനല്ലാതെ മറ്റൊന്നിനും ആവില്ല
സ്നേഹത്തിനായ് കൊതിക്കും ഹൃദയങ്ങള്‍ക്ക്
സ്നേഹം കൊടുക്കാന്‍ ഹേതുവായതും നീ തന്നെ
ഇനിയും മരിക്കാത്ത ഈ ഭൂമിയെ സ്വര്‍ഗമായ്
ഇനിയും മാറ്റിടുവാന്‍ നിനക്കെ കഴിയൂ മൃത്യുവേ..
ഇനിയെന്നാണു മനുജാ നീ തിരിച്ചറിയും
ഇന്നും നിന്‍ കൂടെപ്പിറപ്പാം നിഴലായ സത്യം
തുല്യരായ് വകഭേദമില്ലാതെ തീരുന്നു നിന്‍ മുന്‍പില്‍
തുല്യതാ പരീക്ഷതന്‍ പരീക്ഷണത്തില്‍
തുല്യമായ് വീതിച്ചു കൂട്ടിയും കിഴിച്ചും നീ
തുലാസില്‍ കൃത്യമായ് തൂക്കി അളന്നിടുന്നു
രംഗബോധമില്ലാത്ത കോമാളിയെന്നു നിന്നെ
രംഗം വിട്ടൊഴിയാന്‍ കാത്തു വരിനിന്നിടുന്നോര്‍
രംഗം കൊഴുപ്പിച്ചു ആടിത്തീര്‍ക്കും ഇനിയും
രംഗത്ത് തിരികെ വരാനാവില്ലതു നിശ്ചയം

Share this article

About സോഫിയ ജോര്‍ജ്

ajoshy82@gmail.com

View all posts by സോഫിയ ജോര്‍ജ് →

Leave a Reply

Your email address will not be published. Required fields are marked *