ഇടവഴികള്‍ കത്തുന്നത്!

Reading Time: < 1 minutes

ഇടവഴികള്‍ നിന്നുകത്തുന്നത്
കഴിഞ്ഞകാലത്തിന്റെ നിശ്വാസങ്ങള്‍
നിറഞ്ഞുകവിഞ്ഞതുകാണ്ടല്ല;
പുതുകാലത്തിന്റെ പൂജാമുറികള്‍
പുകഞ്ഞുപൊള്ളുന്നതുകൊണ്ടാണ്
ഇടവഴികള്‍ കാടുകേറുന്നത്
പുതിയകാലത്തിന്റെ
കാല്‍നടക്കൂട്ടങ്ങള്‍ അറ്റുപോയതുകൊണ്ടല്ല;
പഴയകാലത്തിന്റെ പ്രതാപങ്ങള്‍
കരിങ്കാടുകളില്‍ സന്യാസമിരുന്നതുകൊണ്ടാണ്
ഇടവഴികള്‍ കെട്ടുനാറുന്നത്
പൂമരങ്ങള്‍ പൂവിതറാത്തതല്ല;
പുഴുത്തമനസുകള്‍
പരിവാരങ്ങളില്‍ കെട്ടിക്കിടക്കുന്നതിനാലാണ്
ഇടവഴികള്‍ പൂത്തുല്ലസിക്കാത്തത്
നനുത്ത പ്രണയം പങ്കുവെക്കാത്തതല്ല;
വിഷം ചീറ്റുന്ന വെറുപ്പിന്റെ മുള്ളുകള്‍
വേലിക്കെട്ടുകളില്‍ തളംകെട്ടി നില്‍ക്കുന്നതിനാലാണ്
ഇടവഴികള്‍ വഴിമുടക്കുന്നത്
കനല്‍പഥങ്ങള്‍ പെരുത്തുപോയതുകൊണ്ടല്ല;
മനസിന്റെ അതിര്‍വരമ്പുകളില്‍
ആര്‍ത്തിയുടെ അണലിക്കൂട്ടങ്ങള്‍
മുട്ടയിട്ടതുകൊണ്ടാണ്
ഇടവഴികള്‍ വിശാല വെളിച്ചത്തിലേക്ക്
പരന്നൊഴുകാത്തത്,
ഇരുട്ടിന്റെ മലമടക്കുകളില്‍
ഭീതിയുടെ പത്തായം പൊളിച്ച്,
നിലാവിന്റെ കൈപിടിച്ച്
സത്യപ്രബോധകര്‍
ഇറങ്ങിച്ചെല്ലാത്തതിനാലാണ്!

Share this article

About ശിഹാബ് കരുവാരക്കുണ്ട്

shihabkvk5@gmail.com

View all posts by ശിഹാബ് കരുവാരക്കുണ്ട് →

Leave a Reply

Your email address will not be published. Required fields are marked *