മരണം നനയുന്ന ദേശം

Reading Time: < 1 minutes

ആത്മഹര്‍ഷങ്ങളേ പെയ്യാതിരിക്കാന്‍
ആലില പോലെ വിറക്കാതിരിക്കുവിന്‍

മരണം നനയുന്ന ദേശങ്ങളോര്‍ക്കവെ
ഭ്രാന്തിയായ് ഭാമയായ് പഴിക്കാതിരിക്കുവിന്‍

ക്ഷീരം നുകരേണ്ട കുഞ്ഞുനാവെല്ലാം
കരിങ്കല്ലാല്‍ നിലംപൊത്തി വീഴുന്ന നാട്

സര്‍പഭ്രംശം വൃഥാ തോറ്റു പോകുന്നൊരീ
വെറുപ്പ് നെഞ്ചേറും ഗുരുദൃഷ്ടി ദോഷം

പതിനഞ്ചിലും കണ്ണിലുന്മാദ ദാഹത്താല്‍
കഞ്ചാവ് തേടുന്ന പഥികരായ് മനിതര്‍

സ്ത്രീധനമിനിയുമേ കുറയാതിരിക്കുവാന്‍
സ്ത്രീയെന്ന ധനമേ ബലിച്ചോറ് തേടുന്നു

മോശ തന്‍ വടിയുമാ- ടിപ്പു തന്‍ പീഠവും
സത്യമെന്നോതി നാം സുന്ദര വിഡ്ഢികള്‍

മധുരം വിളമ്പുവാന്‍ പിറന്നാളിലച്ഛന്
മക്കളാല്‍ മത്സരം വൃദ്ധസദനത്തില്‍

ജനനിയോ കേവല കോലാഹലങ്ങളില്‍
മൗനിയാകുന്നു, പഴന്തുണിയാകുന്നു

വിഷാണു ജനിക്കുന്നു പെറ്റു പെരുകുന്നു
ശ്വാസ നിശ്വാസമില്‍ വീര്‍പ്പുമുട്ടീടുന്നു

പ്രണയം വെടിഞ്ഞവള്‍ യാത്രയാകുമ്പോള്‍
മരണം ചമഞ്ഞവന്‍ കാമുകാകുന്നു

ചഷകം നുണഞ്ഞവരൊക്കെയും വീടിന്റെ
ഉമ്മറപ്പടിമേല്‍ മുഖപടമണിയുന്നു

പാഥേയം വിരചിച്ച് “മധു’വായി വന്നവര്‍
മുതുകല്ലില്‍ ശോണിത താണ്ഡവമാടുന്നു

ഉപമയായ് ചൊന്നിടും പ്രേമ മഴയെല്ലാം
പേമാരിയായി മുക്രയിടുന്നു

എങ്ങനെ പെയ്യാതിരിക്കും പെരുമഴ
കാലം പകര്‍ന്ന അഹന്തയെ തുടക്കണം

മരണം നനഞ്ഞ് സംസ്‌കരിച്ചീടണം
ദേശാത്മാവിന് കൊടിയ വിശപ്പുണ്ട്

മരണം നനയുന്ന ദേശങ്ങളോര്‍ത്തിനിയും
ആത്മഹര്‍ഷങ്ങളെ പെയ്യാതിരിക്കുവിന്‍..

മണ്ണിനോ അടങ്ങാത്ത പകയുണ്ട് നമ്മോട്
ഇടിച്ചുതീര്‍ക്കും സൗധങ്ങളത്രയും

Share this article

About അഫ്ര അബ്ദുല്‍ ജബ്ബാര്‍

afraluthufijab123@gmail.com

View all posts by അഫ്ര അബ്ദുല്‍ ജബ്ബാര്‍ →

Leave a Reply

Your email address will not be published. Required fields are marked *