തിരക്കിലാണ്

Reading Time: < 1 minutes

ഹഫ്‌സ ആരിഫ് ദുബൈ

ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അയാള്‍. കുടുംബത്തില്‍ എത്തി നോക്കിയിട്ട് നാളുകളേറെയായി. ഇടക്കിടെ ഓരോ ആവശ്യങ്ങളും വിശേഷങ്ങളും പറഞ്ഞു ഭാര്യ വിളിക്കുമായിരുന്നു. അല്പം ഈര്‍ഷ്യത്തോടെ അയാള്‍, ‘ഞാന്‍ തിരക്കിലാണെന്നറിഞ്ഞൂടെ? അത്യാവശ്യങ്ങളൊക്കെ തീര്‍ത്തുതരാനല്ലേ വണ്ടി വാങ്ങി ഡ്രൈവറെ കൂലിക്ക് നിര്‍ത്തിത്തന്നത്?’ പിന്നെ അവളുടെ വിളി വല്ലപ്പോഴുമായി. അവളുടെ വിളി തീരെ വരാതിരുന്ന നാളില്‍ തന്റെ തിരക്ക് മനസിലാക്കിയ ഭാര്യയെ അയാള്‍ മനസാ പ്രശംസിച്ചു. അന്ന് ആ മീറ്റിംഗിനിടയില്‍ കുഴഞ്ഞു വീണ അയാളെ പലരും ചേര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചു. ഡോക്ടര്‍ പറഞ്ഞു, ‘അറ്റാക്കിന്റെ തുടക്കമാണ്, പൂര്‍ണ വിശ്രമം വേണം.’ സ്വപ്‌നങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. കുറെ നാളുകള്‍ക്ക് ശേഷം അയാള്‍ കുടുംബത്തെ ഓര്‍ത്തു. ഡ്രൈവറോട് വണ്ടി വീട്ടിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടു. നഷ്ടബോധത്താല്‍ അയാള്‍ പലതും ഓര്‍ത്തു വിങ്ങി. പതിയെ തല ചായ്ച്ചു. ഡ്രൈവറുടെ വിളി കേട്ടയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നു. തന്റെ കുടുംബത്തിലേക്ക് ഒന്നെത്തി നോക്കിയിട്ട് നാളുകളെത്രയായി ?സ്വന്തം മനഃസാക്ഷിയോട് കുറ്റബോധത്തോടെ അയാള്‍ ചോദിച്ചു ഏതായാലും ഇനിയുള്ള കാലം എല്ലാംമാറ്റിവെച്ചു കുടുംബത്തോടൊപ്പം കഴിയണം. പ്രത്യാശയോടെ പുതിയ തീരുമാനവുമായി ഉറച്ച കാല്‍വെപ്പോടെ അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി. വീട് താഴിട്ടു പൂട്ടിയത് ശ്രദ്ധയില്‍ പെട്ടു. ‘അവളെ ഒന്ന് വിളിച്ചിട്ട് വരുന്ന വിവരം അറിയിക്കാമായിരുന്നു. അയാള്‍ ഫോണെടുത്തു. പിറകില്‍ നിന്നൊരു ശബ്ദം, ‘ആരാ?, ഞാന്‍ അയല്‍ വീട്ടിലെ പയ്യനാ. ഇവിടെ ആരുമില്ല. ഇവിടത്തെ താത്ത പോയിട്ട് മാസങ്ങളായി. വീട് പൂട്ടിയിട്ട് കുറേയായി. ആരും ഇല്ല.’
ഒരിടി മുഴക്കത്തോടെയാണ് ആ വാക്കുകള്‍ അയാളുടെ കാതുകളെ തുളച്ചു കയറിയത്. കണ്ണില്‍ ഇരുട്ട് പടര്‍ന്നു. ഒരു പിടിവള്ളി കിട്ടാതെ ആയാള്‍ നിലത്തിരുന്നു. ഒരിറ്റ് കണ്ണുനീര്‍ തൂവാതിരിക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, പാപഭാരത്താല്‍ തലകുനിച്ച്.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *